Connect with us

National

മോദി വലിയ മാറ്റം കൊണ്ടുവരില്ല: സെന്‍

Published

|

Last Updated

ലണ്ടന്‍: ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയില്‍ നരേന്ദ്ര മോദിക്ക് മികച്ച ഭരണം കാഴ്ചവെക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍. ലണ്ടനിലെ ഏഷ്യന്‍ ഹൗസില്‍ സംസാരിക്കവെയാണ് സെന്‍ അഭിപ്രായം പ്രകടിപ്പിച്ചത്. ജപ്പാന്‍, ചൈന തുടങ്ങിയ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. രാജ്യത്തിന്റെ വെല്ലുവിളികളായ വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം എന്നിവയില്‍ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് മോദിക്കെതിരെ അമര്‍ത്യ സെന്‍ രൂക്ഷവിമര്‍ശം നടത്തിയിരുന്നു.
തിരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ വിജയം നേടിയെങ്കിലും വോട്ട് ശതമാനം 31ശതമാനം മാത്രമാണ്. ബി ജെ പി സര്‍ക്കാര്‍ ഇന്ത്യന്‍ സമൂഹത്തില്‍ അടിസ്ഥാനപരമായി വലിയ മാറ്റം വരുത്തുമെന്ന് കരുതുന്നില്ല. മികച്ച പ്രതീക്ഷയാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ എല്ലാ ജനങ്ങള്‍ക്കും തങ്ങളുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മോദി സര്‍ക്കാര്‍ ന്യൂനപക്ഷ അവകാശങ്ങളെ സംരക്ഷിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ നേരിടുന്ന അഴിമതിയടക്കമുള്ള വിവിധതരം വെല്ലുവിളികളെ കുറിച്ച് അദ്ദേഹം വാചാലനായി. അഴിമതി ഇന്ത്യയില്‍ മാത്രമുള്ള അസാധാരണമായ സംഭവമല്ല. അതേസമയം ഇന്ത്യയില്‍ അടുത്ത കാലത്തായി അഴിമതി വല്ലാതെ ഉയര്‍ന്നിട്ടുണ്ട്. അറിയാനുള്ള അവകാശമെന്ന കാഴ്ചപ്പാട് മറ്റേതൊരു രാജ്യത്തേക്കാളും വിശാലമായ അര്‍ഥത്തിലാണ് ഇന്ത്യ കാണുന്നത്. അഴിമതിയെ സംബന്ധിച്ച് ആര്‍ ടി ഐ നിയമത്തിന്റെ പരിധിയില്‍ നിന്ന് പൊതു നിര്‍ദേശം നല്‍കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കണമായിരുന്നു. അത്തരമൊരു പ്രവര്‍ത്തനം സംശയാതീതമായ ഒരു മുഖച്ഛായ നല്‍കുമായിരുന്നുവെന്നും സെന്‍ കൂട്ടിച്ചേര്‍ത്തു.