Connect with us

Ongoing News

ചാമ്പ്യന്‍മാരുടെ ക്വാര്‍ട്ടര്‍

Published

|

Last Updated

ബ്രസീലിയ: കരുത്തറിയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ ! അതേ, ചാമ്പ്യന്‍പട്ടത്തെ അന്വര്‍ഥമാക്കും വിധമാണ് ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ നിര. എട്ട് ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ അവരുടെ തലയെടുപ്പ് നഷ്ടമാക്കാതെ, പ്രീക്വാര്‍ട്ടര്‍ കടമ്പ കടന്നു. ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായ ബ്രസീല്‍, ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ ഹോളണ്ട്, ഗ്രൂപ്പ് സി ചാമ്പ്യന്‍മാരായ കൊളംബിയ, ഗ്രൂപ്പ് ഡി ചാമ്പ്യന്‍മാരായ കോസ്റ്റാറിക്ക, ഗ്രൂപ്പ് ഇ ചാമ്പ്യന്‍മാരായ ഫ്രാന്‍സ്, ഗ്രൂപ്പ് എഫ് ചാമ്പ്യന്‍മാരായ അര്‍ജന്റീന, ഗ്രൂപ്പ് ജി ചാമ്പ്യന്‍മാരായ ജര്‍മനി, ഗ്രൂപ്പ് എച്ച് ചാമ്പ്യന്‍മാരായ ബെല്‍ജിയം ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തയ്യാറായി നില്‍ക്കുന്നു.
ജര്‍മനി-ഫ്രാന്‍സ്, ബ്രസീല്‍ – കൊളംബിയ, അര്‍ജന്റീന-ബെല്‍ജിയം, ഹോളണ്ട്-കോസ്റ്റാറിക്ക എന്നിങ്ങനെയാണ് ക്വാര്‍ട്ടര്‍ ഡ്രോ.
ഗ്രൂപ്പ് എയില്‍ ആവേശത്തിരമാല സൃഷ്ടിച്ച മെക്‌സിക്കോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബ്രസീല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ക്രൊയേഷ്യക്കെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചുവരവ് നടത്തിയതാണ് ബ്രസീലിന്റെ മികച്ച മത്സരം. മെക്‌സിക്കോക്ക് മുന്നില്‍ മുട്ടുവിറച്ച മഞ്ഞപ്പട സമനിലയോടെ രക്ഷപ്പെട്ടു. ലോകകപ്പിലെ മോശം ടീമായ കാമറൂണിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഗ്രൂപ്പ് ജേതാക്കളായത്. പ്രീക്വാര്‍ട്ടറിലും പ്രകടനം മെച്ചപ്പെടുത്താന്‍ ബ്രസീലിന് സാധിച്ചില്ല. ചിലിക്കെതിരെ മുഴുവന്‍ സമയത്ത് 1-1ന് സമനില. ഷൂട്ടൗട്ടില്‍ ഗോളി സീസറിന്റെ രണ്ട് തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകള്‍ ബ്രസീലിനെ തുണച്ചു. 3-2ന് ഷൂട്ടൗട്ട് ജയിച്ച് ക്വാര്‍ട്ടറില്‍. മുന്നിലുള്ളത് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായ കൊളംബിയ.
ഗ്രൂപ്പ് ബിയില്‍ മികവിന്റെ പാരമ്യതയിലെത്തിയവരാണ് ഹോളണ്ട്. ലോകചാമ്പ്യന്‍മാരായ സ്‌പെയ്‌നിനെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം അഞ്ചെണ്ണം മടക്കിയടിച്ചു. 2010 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് മധുരപ്രതികാരം. റോബിന്‍ വാന്‍ പഴ്‌സിയുടെ പറക്കും ഹെഡര്‍ ലോകകപ്പിലെ വിസ്മയചിത്രമായി. ആര്യന്‍ റോബന്റെ അതിവേഗവും ലോകം ചര്‍ച്ച ചെയ്തു. പൊരുതിക്കളിച്ച ആസ്‌ത്രേലിയയെയും ചിലിയെയും കീഴടക്കി മൂന്ന് കളിയും ജയിച്ച് ഡച്ച് ഗ്രൂപ്പ് കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോ ഉയര്‍ത്തിയ വെല്ലുവിളി സ്‌നൈഡറിന്റെയും ഹുണ്ട്‌ലറിന്റെയും ഗോളില്‍ ഡച്ച് മറികടന്നു. റോബന്റെ ഡൈവിംഗ് പ്രീക്വാര്‍ട്ടറിലെ വിവാദസംഭവമായി.
ഗ്രൂപ്പ് സിയില്‍ കൊളംബിയയുടെ തുടക്കം ഗ്രീസിനെ കാല്‍ഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ട്. ഐവറികോസ്റ്റിനെ 2-1ന് മറികടന്ന കൊളംബിയ ജപ്പാനെ 4-1ന് തകര്‍ത്തു. ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം ജോസ് പെക്കര്‍മാന്റെ കൊളംബിയന്‍ നിരയെ വ്യത്യസ്തമാക്കുന്നു. പ്രീക്വാര്‍ട്ടറില്‍ ലാറ്റിനമേരിക്കന്‍ പ്രതിയോഗിയായ ഉറുഗ്വെയെ 2-0ന് തോല്‍പ്പിച്ചു. ജെയിംസ് റോഡ്രിഗസ് നേടിയ വെടിച്ചില്ല് ഗോളിലായിരുന്നു പ്രീക്വാര്‍ട്ടറില്‍ കൊളംബിയന്‍ ഗര്‍ജനം. അഞ്ച് ഗോളുകളുമായി റോഡ്രിഗസ് ടോപ്‌സ്‌കോറര്‍ ബൂട്ടിനായി മത്സരിക്കുന്നു.
ഗ്രൂപ്പ് ഡി മരണഗ്രൂപ്പായിരുന്നു. കോസ്റ്റാറിക്ക എന്ന കുഞ്ഞന്‍ ടീം ഇംഗ്ലണ്ടിനെയും ഇറ്റലിയെയും നാട്ടിലേക്ക് മടക്കിയപ്പോള്‍ ലോകകപ്പ് ഞെട്ടി. മുന്‍ ലോകചാമ്പ്യന്‍മാരായ ഉറുഗ്വെയെ തകര്‍ത്തുകൊണ്ടായിരുന്നു കോസ്റ്റാറിക്ക ലോകകപ്പ് തുടങ്ങിയത്. ഇറ്റലിയും വീണു. നാണക്കേടൊഴിവാക്കാന്‍ ഒരു ജയം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിനാകട്ടെ കോസ്റ്റാറിക്കയുടെ ബെഞ്ച് താരങ്ങളോട് ഗോളില്ലാക്കളി. പ്രീക്വാര്‍ട്ടറിലായിരുന്നു കോസ്റ്റാറിക്ക അവരുടെ പൊട്ടന്‍ഷ്യല്‍ തെളിയിച്ചത്. ഷൂട്ടൗട്ടിലേക്ക് അവര്‍ മത്സരം നീട്ടിയെടുത്തത് ഒരു മണിക്കൂറിലേറെ നേരം പത്ത് പേരുമായ് കളിച്ചാണ്. ഒടുവില്‍ ഗ്രീക്കിന്റെ ഭാഗ്യക്കുതിപ്പിന് ഷൂട്ടൗട്ടില്‍ 5-3ന് തടയിട്ടു. കോസ്റ്റാറിക്കയാണ് ലോകകപ്പിലെ കറുത്ത കുതിരകള്‍.
ഗ്രൂപ്പ് ഇയില്‍ ഫ്രഞ്ച് പടയോട്ടമായിരുന്നു. ഹോണ്ടുറാസിനെ 3-0നും സ്വിറ്റ്‌സര്‍ലന്‍ഡിനെ 5-2നും കീഴടക്കിയ ഫ്രാന്‍സ് ഇക്വഡോറിനോട് സമനില വഴങ്ങി.
പ്രീക്വാര്‍ട്ടറില്‍ നൈജീരിയക്കെതിരെ ഒന്ന് വിയര്‍ത്തെങ്കിലും ജയിക്കാനുള്ള ഗെയിം അവര്‍ കാഴ്ചവെച്ചു. 2-0ന് ജയിച്ച് ക്വാര്‍ട്ടറില്‍. എതിര്‍ഹാഫിലെത്തിക്കഴിഞ്ഞാല്‍ പൊടുന്നനെ അതിവേഗനീക്കങ്ങളുമായി ബോക്‌സിലേക്ക് കയറുന്ന ഫ്രാന്‍സിന്റെ തന്ത്രം മറികടക്കുക ജര്‍മനിക്ക് പ്രയാസകരമാകും.
ഗ്രൂപ്പ് എഫില്‍ നിന്ന് അര്‍ജന്റീനയുടെ കുതിപ്പ് പ്രതീക്ഷിച്ചത്. എന്നാല്‍ ബോസ്‌നിയ, ഇറാന്‍, നൈജീരിയ ടീമുകള്‍ക്കെതിരെ അര്‍ജന്റീന ടീം ശരാശരിയിലൊതുങ്ങി. ക്യാപ്റ്റന്‍ മെസിയുടെ മാജിക്കല്‍ പെര്‍ഫോമന്‍സായിരുന്നു അര്‍ജന്റീനക്ക് തുണയായത്. മൂന്ന് കളിയില്‍ നിന്ന് നാല് ഗോളുകള്‍ നേടി മെസി ഗ്രൂപ്പ് റൗണ്ടില്‍ തന്നെ തന്റെ ലക്ഷ്യം വ്യക്തമാക്കി. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ മെസി കളം നിറഞ്ഞു. മെസിയുടെ പാസില്‍ നിന്ന് ഡി മാരിയ ഗോള്‍ പിറന്നതോടെ അര്‍ജന്റീന ക്വാര്‍ട്ടറില്‍.
ഗ്രൂപ്പ് ജിയില്‍ ജര്‍മനിക്ക് പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. പോര്‍ച്ചുഗലിനെ 4-0ന് തകര്‍ത്തു കൊണ്ട് തുടങ്ങിയ ജര്‍മനിക്ക് ഘാന ശക്തമായ വെല്ലുവിളി ഉയര്‍ത്തി. 2-2ന് ജര്‍മനി തടി രക്ഷിച്ചു ! അവസാന മത്സരത്തില്‍ അമേരിക്കയെ മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. പ്രീക്വാര്‍ട്ടറില്‍ അള്‍ജീരിയ ജര്‍മനിയുടെ മുനയൊടിച്ചെങ്കിലും വീഴ്ത്താനായില്ല.
ഗ്രൂപ്പ് എച്ച് ബെല്‍ജിയത്തിന് സ്വന്തം. അള്‍ജീരിയന്‍ വെല്ലുവിളിയെ തിരിച്ചുവരവില്‍ മറികടന്നാണ് ബെല്‍ജിയം ആരംഭിച്ചത്. ദക്ഷിണകൊറിയയെയും റഷ്യയെയും ഓരോ ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച് നോക്കൗട്ടിലേക്ക്. പ്രീക്വാര്‍ട്ടറില്‍ അമേരിക്കയെ അധിക സമയത്ത് വീഴ്ത്തി ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടി.

Latest