Connect with us

Ongoing News

ഡി എല്‍ എഫിന്റെ കായല്‍ കൈയേറ്റം മൂന്നംഗ സമിതി അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: കൊച്ചി ചെലവന്നൂരില്‍ ഫഌറ്റ് നിര്‍മാണത്തിനായി ഡി എല്‍ എഫ് കായല്‍ കൈയേറിയിട്ടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതേകുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ച ശേഷം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയെ അറിയിച്ചതാണ് ഇക്കാര്യം. ഫിഷറീസ് സര്‍വകലാശാലയിലെ ഡോ. പത്മകുമാര്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡോ. രാമചന്ദ്രന്‍, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ ഡോ. കമലാക്ഷന്‍ കോക്കല്‍ എന്നിവരാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുക. കമ്പനി നടത്തിയ നിയമലംഘനവും നിര്‍മാണത്തിന് ബന്ധപ്പെട്ട ഏജന്‍സകിള്‍ അനുമതി നല്‍കാനിടയായ സാഹചര്യങ്ങളും സമിതി അന്വേഷിക്കും.
കമ്പനിക്ക് അനധികൃതമായി പാരിസ്ഥിതികാനുമതി നല്‍കിയ മൂന്ന് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടികളെ കുറിച്ചും ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്റെ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാന എക്‌സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി മെമ്പര്‍ സെക്രട്ടറി, പാരിസ്ഥിതിക ആഘാതനിര്‍ണയ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും അഡീ. ചീഫ് സെക്രട്ടറിയുമായ പി കെ മൊഹന്തി, തീരമേഖലാ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്നിവര്‍ കടുത്ത നിയമലംഘനമാണ് നടത്തിയത്. അഡീ. ചീഫ് സെക്രട്ടറി പി കെ മൊഹന്തിയുടെ നിര്‍ദേശപ്രകാരം നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് നല്‍കിയ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കാന്‍ തീരുമാനിച്ചു. അതോറിറ്റി എടുത്ത തീരുമാനം തീരുത്താനുള്ള അധികാരം ചെയര്‍മാനില്ല. ഈ രണ്ട് ഉദ്യോഗസ്ഥരുടെയും നടപടി തികച്ചും നിയമവിരുദ്ധമാണ്. നിര്‍ദിഷ്ട അനുമതികളില്ലാതെ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ കൊച്ചി നഗരസഭയോട് വിശദീകരണം തേടേണ്ടതുണ്ട്.
2005 വരെ കായല്‍ ഭാഗമായിരുന്ന സ്ഥലമാണ് കമ്പനി പരിവര്‍ത്തനം നടത്തി ഫഌറ്റ് നിര്‍മിച്ചത്. ഗൂഗിള്‍ മാപ്പ് പ്രകാരം ഫഌറ്റ് നിര്‍മാണം കായല്‍ നിന്ന സ്ഥലത്താണെന്നും വ്യക്തമാണ്. പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ നിര്‍മാണം തുടങ്ങിയിരുന്നു. നിര്‍മാണത്തിന് തീരദേശ നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പാരിസ്ഥിതികാനുമതി കേന്ദ്ര വനം പരിസ്ഥിതി വകുപ്പില്‍ നിന്നോ തീരമേഖലാ പരിപാലന അതോറിറ്റിയില്‍ നിന്നോ ലഭിച്ചില്ല. തീരമേഖലാ ദൂരപരിധി വ്യക്തമാക്കുന്ന രേഖ ലംഘിച്ചാണ് ഇവിടെ നിര്‍മാണം നടത്തിയെതെന്ന് വ്യക്തമാണ്. തീരമേഖലാ നിയന്ത്രണനിയമത്തിന്റെ വ്യക്തമായ ലംഘനമാണ് കമ്പനി നടത്തിയത്. ഇക്കാര്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ചൂണ്ടിക്കാട്ടിയിരുന്നതാണ്. പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടത് അനുസരിച്ച് കമ്പനി ഹാജരാക്കിയ സ്ഥലത്തിന്റെ ഭൂപടവും സെസ് തയ്യാറാക്കിയ യഥാര്‍ഥ ഭൂപടവും ഏറെ വ്യത്യാസമുള്ളതാണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉപദേശക സമിതിയുടെ 122 ഉം 124 ഉം യോഗങ്ങളിലെ മിനിട്‌സ് പോലും പരിഗണിച്ചില്ല. തീരമേഖലാ അതോറിറ്റിയുടെ അനുമതി ലഭിക്കാതെയാണ് പാരിസ്ഥിതിക അതോറിറ്റി ചെയര്‍മാന്‍ 2013 ഒക്‌ടോബര്‍ 31 ന് ചേര്‍ന്ന 23 മത് യോഗത്തില്‍ പാരിസ്ഥിതിക, തീരമേഖലാ അനുമതികള്‍ നല്‍കിയതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കമ്പനി ഹാജരാക്കിയ രേഖകളില്‍ തറ വിസ്തീര്‍ണാനുപാതം സംബന്ധിച്ച വിവരങ്ങള്‍ അവ്യക്തമാണ്. അതുകൊണ്ടു തന്നെ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക ആഘാത അതോറിറ്റിക്ക് കൈമാറിയ രേഖകളിലൊന്നും ശിപാര്‍ശകളൊന്നും നല്‍കിയിരുന്നില്ല. സംസ്ഥാന അപ്രൈസല്‍ കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ പാരിസ്ഥിതിക അതോറിറ്റിക്ക് അനുമതി നല്‍കാനാകു. എന്നാല്‍ ഇവിടെ ഇത് പാലിക്കപ്പെട്ടിട്ടില്ല. അതോറിറ്റിയുടെ 22 ാമത് യോഗത്തില്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും വിഷയം അപ്രൈസല്‍ കമ്മിറ്റിക്ക് വിടാതെ തിരക്കിട്ട് പാരിസ്ഥിതിക അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.