Connect with us

Kannur

കേന്ദ്രത്തിലും കേരളത്തിലും വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവത്കരിക്കുന്നു: എസ് എഫ് ഐ

Published

|

Last Updated

കണ്ണൂര്‍: കേന്ദ്രത്തിലും കേരളത്തിലും വിദ്യാഭ്യാസരംഗത്ത് വര്‍ഗീയവത്കരണം നടപ്പാക്കുകയാണെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ ആരോപിച്ചു. കേന്ദ്രത്തില്‍ മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ കാവിവത്കരണം അടിച്ചേല്‍പ്പിക്കുമ്പോള്‍ കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബും വിദ്യാഭ്യാസ രംഗത്ത് വര്‍ഗീയവത്കരണമാണ് നടത്തുന്നത്.
വിദ്യാഭ്യാസ കച്ചവടക്കാരുടെ അടിമയായി പി കെ അബ്ദുര്‍റബ്ബ് മാറിയതായി വി ശിവദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ കൊള്ളയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ തെറ്റ് ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ കാന്‍സര്‍ രോഗിയായ അധ്യാപികയെ വിദൂര സ്ഥലത്തേക്ക് സ്ഥലം മാറ്റിയവര്‍ പിഞ്ചുകുട്ടികളോട് ജാതീയമായി സംഘടിക്കണമെന്ന് ആവശ്യപ്പെട്ട വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവര്‍ക്കെതിരെ ഇടപെടാന്‍ തയ്യാറാകുന്നില്ല. അഭിമാനകരമായ വിദ്യാഭ്യാസ നേട്ടങ്ങള്‍ തകര്‍ത്ത് ജാതിമത ശക്തികള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കുമായി കേരളീയ വിദ്യാഭ്യാസത്തെ അടിയറവെക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ കച്ചവടമാണ് നടക്കുന്നത്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണം.
സ്‌കൂളില്‍ പച്ചബോര്‍ഡ് സ്ഥാപിക്കണമെങ്കില്‍ അത് ചര്‍ച്ചയിലൂടെയാണ് വേണ്ടത്. അല്ലാതെ പച്ച ബ്ലൗസ് പോലെ അടിച്ചേല്‍പ്പിക്കുകയല്ല. വിദ്യാര്‍ഥികളുടെ കണ്ണിന് പച്ച കുളിര്‍മയാകുമോയെന്ന് വിദഗ്ധര്‍ തീരുമാനിക്കട്ടെ.
യോഗ്യതയില്ലെന്ന് തെളിഞ്ഞിട്ടും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് തുടരുന്ന ഡോ. എം കെ അബ്ദുല്‍ ഖാദറിന് ആത്മാഭിമാനമില്ലെന്ന് ഡോ. വി ശിവദാസന്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ മറ്റ് വിദ്യാര്‍ഥി സംഘടനകളെ കൂടി അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. നേതാക്കളായ എം ഷാജര്‍, സരിന്‍ ശശി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest