Connect with us

Ongoing News

വിലയിടിവ്: തേയില കര്‍ഷകര്‍ ദുരിതത്തില്‍

Published

|

Last Updated

മലപ്പുറം: ഉത്പാദന ചെലവ് കുത്തനെ കൂടിയപ്പോള്‍ പച്ചത്തേയിലക്ക് വിലയിടിഞ്ഞത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. കിലോക്ക് 17 രൂപ വരെ ലഭിച്ചിരുന്ന പച്ചത്തേയിലക്ക് ഇപ്പോള്‍ 9.50 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇനിയും വിലയിടിയാനാണ് സാധ്യത. ചായപ്പൊടിയുടെ ലേല വില കുറഞ്ഞതാണ് വിലയിടിവിന് കാരണമായി പറയുന്നത്. 70 മുതല്‍ 80 വരെയാണ് ഇപ്പോള്‍ ഒരുകിലോഗ്രാം പൊടിയുടെ വില. വിപണിയില്‍ ചായപ്പൊടിക്ക് 150 മുതല്‍ 200 വരെയാണ് വില. എന്നാല്‍ ബ്രാന്‍ഡ് അനുസരിച്ച് 1,000 മുതല്‍ 2,000 രൂപ വരെ വിലയുണ്ട്. തേയിലപ്പൊടിയുടെ വില ഇരുപതിരട്ടി വര്‍ധിച്ചിട്ടും കര്‍ഷകര്‍ക്ക് 20 വര്‍ഷം മുമ്പ് നല്‍കിയ വിലയാണ് ഇപ്പോഴും ലഭിക്കുന്നതെന്നും ഇടനിലക്കാരും വ്യാപാരികളും ചേര്‍ന്ന് തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും കര്‍ഷകര്‍ പറയുന്നു.
സഹകരണ ഫാക്ടറികളില്‍ കിലോ ഗ്രാമിന് പത്ത് രൂപയാണ് ലഭിക്കുന്നത്. എന്നാല്‍ ഇവിടെ എല്ലാദിവസവും ചപ്പ് എടുക്കുന്നില്ല. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ചില ഫാക്ടറികളില്‍ ചപ്പ് എടുക്കുന്നത്. സ്വകാര്യ ഫാക്ടറികളിലും ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഫാക്ടറികളില്‍ തേയില ചപ്പ് എടുക്കാത്തതിനാല്‍ കര്‍ഷകര്‍ ചപ്പ് പറിക്കാന്‍ തയാറാകുന്നില്ല. ഇതോടെ ചപ്പ് ഉണങ്ങി നശിക്കുകയാണ്. ചപ്പിന് മതിയായ വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ തോട്ടങ്ങളില്‍ കീടനാശിനി പ്രയോഗങ്ങളും മറ്റും യഥാസമയം നടത്തുന്നില്ല.
ദിനംപ്രതിയുള്ള വളത്തിന്റെ വില വര്‍ധനവും തൊഴിലാളികളുടെ വേതന വര്‍ധനവിനുമിടയില്‍ തേയിലയുടെ വിലയിടിവ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. തേയില നുള്ളുന്നവര്‍ക്ക് 300 മുതല്‍ 350 രൂപയാണ് കൂലി. ശരാശരി 30 കിലോഗ്രാം തേയിലയാണ് നുള്ളുക. ഇപ്പോഴത്തെ വിലയനുസരിച്ച് അത് കൂലിക്കുപോലും തികയുകയില്ല. ഇപ്പോള്‍ ഉത്പാദന ചെലവ് പോലും ലഭിക്കുന്നില്ലെന്നും അതിനാല്‍ മതിയായ വില ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.