Connect with us

Kasargod

സിവില്‍ സ്റ്റേഷനില്‍ പഞ്ചിംഗ് സംവിധാനം തുടങ്ങി

Published

|

Last Updated

കാസര്‍കോട്: കലക്ടറേറ്റിലും സിവില്‍ സ്റ്റേഷനിലെ വിവിധ ജില്ലാ ഓഫീസുകളിലും പരീക്ഷണാടിസ്ഥാനത്തില്‍ പഞ്ചിംഗ് (ബയോമെട്രിക്ക് അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് മോണിറ്ററിംഗ് സിസ്റ്റം) ഇന്നലെ ആരംഭിച്ചു. സാധാരണ രീതിയിലുള്ള അറ്റന്‍ഡന്‍സ് സംവിധാനത്തോടൊപ്പമാണ് പഞ്ചിംഗ് സംവിധാനവും ഒരുക്കിയിരിക്കുന്നത്.
സിവില്‍ സ്റ്റേഷനില്‍ എട്ട് പഞ്ചിംഗ് മെഷിനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. സിവില്‍ സ്റ്റേഷനിലെ നാലു ബ്ലോക്കുകളിലെ നാല്‍പത് ഓഫീസുകളിലായി ജോലി ചെയ്യുന്ന ആയിരത്തോളം ജീവനക്കാര്‍ക്കായാണ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലിപ്പോള്‍ എണ്ണൂറോളം പേരുടെ വിരലടയാളങ്ങളാണ് പതിച്ചിട്ടുള്ളത്. ബാക്കിയുള്ളവരുടേത് ഉടന്‍ പതിച്ച് ഇത് പൂര്‍ത്തികരിക്കും. മറ്റു ബ്ലോക്കുകളില്‍ കൂടി ഇത്തരത്തില്‍ പഞ്ചിംഗ് സംവിധാനം ഒരുക്കുന്നതോടെ ഹാജര്‍ പട്ടിക ഒഴിവാക്കി പൂര്‍ണമായും പഞ്ചിംഗ് സംവിധാനം ഒരുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
സിവില്‍ സ്റ്റേഷനില്‍ മിക്ക ഓഫീസുകളിലും രാവിലെ 11 മണിവരേയും വൈകിട്ട് 3.30നുശേഷവും ജീവനക്കാരുണ്ടാവാറില്ലെന്ന് വ്യാപക പരാതി നിലവിലുണ്ട്. ഇത് ഭരണകൂടത്തിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. പരാതികള്‍ കൂടുതലായി കേള്‍ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ നേരത്തെ ജില്ലാ കലക്ടര്‍മാര്‍ മിന്നല്‍ പരിശോധന നടത്തുകയും പരാതിയുടെ നിജസ്ഥിതി കണ്ടെത്തുകയും ചെയ്തിരുന്നു. ജോലി സമയത്ത് ഓഫീസില്‍ ഇല്ലാത്ത ജീവനക്കാര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ട്രെയില്‍ സമയത്തിന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഇത് പഞ്ചിംഗ് സംവിധാനമേര്‍പ്പെടുത്തിയ സാഹചര്യത്തിലും ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്.
രാവിലെ 10.15നും വൈകുന്നേരം 5.15നും പഞ്ചിംഗ് മെഷിനില്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍, ട്രെയിനുകള്‍ വൈകുന്ന സാഹചര്യത്തില്‍ കൃത്യ സമയത്ത് ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയാതെ വരുമെന്നും ഇത് തങ്ങള്‍ക്ക് ദുരിതമാകുമെന്നാണ് ഇവരുടെ വാദം. ഓഫീസില്‍ എത്തുന്നവര്‍ക്ക് പഞ്ചിംഗ് മെഷിനില്‍ വിരല്‍ പതിച്ച് ഹാജര്‍ കൃത്യമായി രേഖപ്പെടുത്താന്‍ കഴിയും. എന്നാല്‍, ഫീല്‍ഡ് ജോലിക്ക് ചുമതലപ്പെടുത്തിയവര്‍ക്കായിരിക്കും പഞ്ചിംഗ് സംവിധാനം കൂടതല്‍ ദോഷമായി മാറുക. കൃത്യസമയത്തെത്തി ഹാജര്‍ പതിച്ച് പുറത്ത് ജോലിക്ക് പോക്കേണ്ടിവരുന്നവര്‍ക്ക് കൃത്യമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കും. ഇത് കൂടതല്‍ പരാതികള്‍ക്കായിരിക്കും ഇടയാക്കുക.

Latest