ആന്റണിക്ക് സംഘ്പരിവാര്‍ സ്വരം

Posted on: July 2, 2014 6:00 am | Last updated: July 1, 2014 at 9:25 pm

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയകാരണം സംബന്ധിച്ച എ കെ ആന്റണിയുടെ പ്രസ്താവന സംഘ്പരിവാറിന്റെ കൈയടി വാങ്ങിയിരിക്കയാണ്. ന്യൂനപക്ഷങ്ങളുമായുള്ള കോണ്‍ഗ്രസിന്റെ അടുപ്പം മറ്റുള്ളവര്‍ക്ക് പാര്‍ട്ടിയുടെ മതേതര സങ്കല്‍പ്പത്തില്‍ സംശയവും സന്ദേഹവുമുണ്ടാക്കിയതാണ് പാര്‍ട്ടിയെ ദയനീയ പരാജയത്തിലെത്തിച്ചതെന്നാണ് ആന്റണിയുടെ അഭിപ്രായം. ചില സമുദായങ്ങളോടും സംഘടനകളോടും പാര്‍ട്ടി പ്രത്യേക പരിഗണന കാണിച്ചുവെന്നും പാര്‍ട്ടിക്ക് തുല്യനീതി നടപ്പാക്കാനാകില്ലെന്ന് മറ്റുള്ളവര്‍ക്ക് തോന്നാന്‍ ഇത് ഇടയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയുടെ ഈ നിലപാട് വര്‍ഗീയതയുടെ വളര്‍ച്ചക്ക് വഴിവെച്ചതായും ന്യൂനപക്ഷപ്രീണനം കോണ്‍ഗ്രസിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. മുസ്‌ലിംകളെയാണ് ന്യൂന്യപക്ഷ സമുദായമെന്നതു കൊണ്ട് മുഖ്യമായും അദ്ദേഹം ലക്ഷ്യം വെച്ചതെന്ന് വരികള്‍ക്കിടയില്‍ നിന്ന് വ്യക്തം.
മാസത്തില്‍ മൂന്ന് തവണ ഇന്ധനവില കൂട്ടിയതുള്‍പ്പെടെയുള്ള മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കോര്‍പറേറ്റ്പ്രീണന നയങ്ങളാണ് പരാജയ കാരണമെന്നാണ് ചെന്നിത്തലയുടെ വീക്ഷണം. സാധാരണക്കാര്‍ക്ക് ഭക്ഷണവും റേഷനും ഉറപ്പാക്കുന്ന നയങ്ങളാണ് പാര്‍ട്ടി സ്വീകരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മാവേലിക്കര എം പിയും കന്ദ്ര സഹമന്ത്രിയുമായിരുന്ന കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി മറ്റു ഒട്ടേറെ നേതാക്കള്‍ ഇതേ അഭിപ്രായക്കാരാണ്. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലാത്ത നേതൃത്വമാണ് പാര്‍ട്ടിക്ക് വിനയായതെന്നാണ് ഗുജറാത്തിലെ പ്രതിപക്ഷ നേതാവ് ശങ്കര്‍സിംഗ്‌വഗേല, കേന്ദ്രമന്ത്രിമാരായിരുന്ന മിലിന്ദ് ദേവ്‌റ, ശശി തരൂര്‍, പ്രിയ ദത്ത്, കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ടി എച്ച് മുസ്തഫ തുടങ്ങി പലരുടെയും വിലയിരുത്തല്‍. ഇതില്‍ നിന്നെല്ലാം ഭിന്നമായി ന്യൂനപക്ഷ വിഭാഗങ്ങളോട് പാര്‍ട്ടി കാണിച്ചുവെന്ന് പറയപ്പെടുന്ന അടുപ്പമാണെന്ന സംഘ്പരിവാറിന്റെ വീക്ഷണവുമായി രംഗത്തു വന്നത് എ കെ ആന്റണി മാത്രം.
രാജ്യത്തെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേക പരിഗണനയിലൂടെ മുന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പം ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഭരണഘടനാദത്തമായ അത്തരം നയങ്ങള്‍ കൈക്കൊള്ളുന്നത് ആന്റണി പറയുന്നത് പോലെ അധിക്ഷേപാര്‍ഹമോ മതേതരത്വത്തിന്റെ അന്തഃസത്തക്ക് വിരുദ്ധമോ അല്ല. എന്നാല്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചു മുസ്‌ലിം ഇന്ത്യയുടെ ദീനതയാര്‍ന്ന അവസ്ഥ വെളിച്ചത്തു കൊണ്ടുവന്നതിലുപരി ഈ സമുദായത്തിനുവേണ്ടി എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്ന് ആന്റണി വ്യക്തമാക്കുമോ? തീവ്രവാദ ബന്ധം ആരോപിച്ചു നിരപരാധികളായ ആയിരക്കണക്കിന് മുസ്‌ലിം യുവാക്കളെ തടങ്കലിലിട്ടതോ? വിചാരണാ തടവുകാരനായി പന്ത്രണ്ട് വര്‍ഷത്തോളമായി കര്‍ണാടകയിലെ ജയിലില്‍ നരകയാതന അനുഭവിക്കുന്ന നിത്യരോഗിയായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ജാമ്യം നിഷേധിക്കുന്നതോ? മലേഗാവ്, അജ്മീര്‍, ഹൈദരാബാദ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മിക്ക സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും സംഘ്പരിവാറാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ സംഭവങ്ങളുടെ ഉത്തരവാദിത്വം മുസ്‌ലിംകളുടെ മേല്‍ കെട്ടിവെക്കാന്‍ പഴുതുകള്‍ തേടുന്നതോ? അലഹാബാദ് ഹൈക്കോടതി തര്‍ക്കഭൂമിയെന്ന് വിധിച്ച സ്ഥലത്ത് ശിലാന്യാസം നടത്താന്‍ കര്‍സേവകര്‍ക്ക് സൗകര്യമൊരുക്കിയതോ? ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബ്‌രി മസ്ജിദ് തകര്‍ക്കുമ്പോള്‍ നരസിംഹറാവു സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതോ? വര്‍ഗീയതയുടെ വടുകെട്ടിയ മനസ്സുമായി മതനിരപേക്ഷതയെ സൗകര്യപൂര്‍വം വ്യാഖ്യാനിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറുകളില്‍ നിന്ന് ഒരുകാലത്തും മുസ്‌ലിംകള്‍ക്ക് നീതിയോ അര്‍ഹമായ പരിഗണനയോ ലഭിച്ചിട്ടില്ല. എന്നിട്ടല്ലേ അനര്‍ഹമായ പരിഗണകള്‍. തന്റെ ഈ പ്രസ്താവനയിലൂടെ ആന്റണി ലക്ഷ്യമാക്കുന്നതെന്തെന്ന് അദ്ദേഹത്തെക്കുറിച്ചറിയാവുന്നവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളു. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി തന്റെ പ്രസ്താവനയെ പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്തതോടെ, ആ ലക്ഷ്യം അദ്ദേഹം നേടിക്കഴിഞ്ഞിരിക്കണം. ന്യൂനപക്ഷ സമുദായങ്ങളെ അധിക്ഷേപിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ മുമ്പും അദ്ദേഹം നടത്തുകയും അന്നും ബി ജെ പി പിന്തുണയുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. നേരത്തെ, കോണ്‍ഗ്രസ് എം എല്‍ എമാരൊന്നും മണ്ഡലങ്ങള്‍ വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്നപ്പോള്‍, മുസ്‌ലിം ലീഗ് തിരൂരങ്ങാടി സീറ്റ് വിട്ടുകൊടുത്തതു കൊണ്ടാണ് തനിക്ക് മുഖ്യമന്ത്രി പദത്തില്‍ തുടരാനായതെന്ന കാര്യം അദ്ദേഹം സൗകര്യ പൂര്‍വം വിസ്മരിച്ചതാണോ? ഒരു പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിച്ച മുസ്‌ലിം ലീഗ് ഉള്‍ക്കൊള്ളുന്ന സമുദായത്തെയാണ് അേദ്ദഹമിപ്പോള്‍, സംഘ്പരിവാറിന്റെ കൈയടിക്കു വേണ്ടി, തള്ളിപ്പറയുന്നത്.