Connect with us

Eranakulam

സംഘടനാ ദൗര്‍ബല്യം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്ന് സി പി എം

Published

|

Last Updated

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നയപരിപാടികളില്‍ മാറ്റം ആവശ്യമാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖ. ഇതിനായി അഖിലേന്ത്യാടിസ്ഥാനത്തില്‍ നയപരമായ പുന:പരിശോധനയും നടപടികളുമുണ്ടാകുമെന്ന് പാര്‍ട്ടിയുടെ മധ്യമേഖലാ റിപ്പോര്‍ട്ടിംഗില്‍ രേഖ അവതരിപ്പിച്ചുകൊണ്ട് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ബംഗാളിലുള്‍പ്പെടെ പാര്‍ട്ടി തിരിച്ചടി നേരിടുകയും പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത മറ്റ് സംസ്ഥാനങ്ങളില്‍ പിന്നാക്കം പോകുകയും ചെയ്തതിന്റെ കാരണങ്ങള്‍ പരിശോധിച്ച് സംഘടനയെ ശക്തിപ്പെടുത്താന്‍ നടപടി ആവശ്യമാണ്. ഇതിനായി അഖിലേന്ത്യാ തലത്തില്‍ വിശദമായ പുന:പരിശോധനക്കുള്ള നടപടികള്‍ ഉണ്ടാകും. പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തുന്നതുള്‍പ്പെടെയുള്ള തിരുത്തല്‍ നടപടിക്ക് പാര്‍ട്ടി വിധേയമാകേണ്ടതുണ്ട്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നോട്ടുവെച്ച കോണ്‍ഗ്രസിനും ബി ജെ പിക്കും ബദലായി ഒരു മൂന്നാം മുന്നണി എന്ന ആശയം ജനത്തിന് സ്വീകാര്യമായില്ല. കോര്‍പ്പറേറ്റുകള്‍ ബി ജെ പിക്ക് അനുകൂലമായി വന്‍തോതിലുള്ള പ്രചാരണമാണ് നടത്തിയത്. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. സി പി എം മുകളില്‍ നിന്ന് കെട്ടിപ്പടുത്തിരിക്കുന്ന പാര്‍ട്ടിയായതിനാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിയുടെ മേല്‍ഘടകം തന്നെ ഏറ്റെടുക്കുന്നതായി എസ് ആര്‍ പി പറഞ്ഞു.
കേരളത്തില്‍ പത്ത് സീറ്റാണ് പാര്‍ട്ടി പ്രതീക്ഷിച്ചതെന്ന് എസ് ആര്‍ പി പറഞ്ഞു. നിലവിലുണ്ടായിരുന്ന നാല് സീറ്റിന് പുറമേ ആറ് സീറ്റു കൂടി പിടിച്ചെടുക്കാന്‍ കഴിയുമെന്ന് കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ രാഷ്ട്രീയ സാഹചര്യങ്ങളും സംഘടനാ ദൗര്‍ബല്യങ്ങളും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ആര്‍ എസ് പി കാണിച്ച രാഷ്ട്രീയ വഞ്ചന ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്തു.
മതസാമുദായിക സംഘടനകള്‍ യു ഡി എഫിനൊപ്പമാണ് പല മണ്ഡലങ്ങളിലും നിലയുറപ്പിച്ചത്. മറ്റ് മണ്ഡലങ്ങളില്‍ യു ഡി എഫിനെ പിന്തുണച്ചെങ്കിലും ഇടുക്കിയിലും തൃശൂരിലും ചാലക്കുടിയിലും മതന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു. ജാതിമത ശക്തികളെ സ്വാധീനിച്ച് കൂടെ നിര്‍ത്താനുള്ള യു ഡി എഫിന്റെ ശ്രമം ഒരു പരിധി വരെ വിജയിച്ചു. ഭൂരിപക്ഷ സമുദായ വോട്ടുകളില്‍ ബി ജെ പിക്ക് അനുകൂലമായി ചെറിയ തോതിലുള്ള ചോര്‍ച്ച ഉണ്ടായതും ഇടതുപക്ഷത്തെ ബാധിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന റിപ്പോര്‍ട്ടിംഗ് രണ്ടു മണിക്കൂറോളം നീണ്ടു.
ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടന്ന യോഗത്തില്‍ എം സി ജോസഫൈന്‍ അധ്യക്ഷത വഹിച്ചു. എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയാ കമ്മിറ്റിയംഗങ്ങളും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും പങ്കെടുത്തു.

Latest