Connect with us

Wayanad

വെറ്ററിനറി സര്‍വകലാശാലക്കായി പൂക്കോട് കുന്നും മലകളും ഇടിച്ച് നിര്‍മാണ പ്രവൃത്തികള്‍

Published

|

Last Updated

കല്‍പ്പറ്റ: വയനാടിന്റെ ആവാസ വ്യവസ്ഥയെ പോലും തകിടം മറിക്കും വിധം പൂക്കോട് മലനിരകളില്‍ നിര്‍മാണ പ്രവൃത്തികള്‍ തകൃതിയായി നടക്കുന്നു. പൂക്കോട് വെറ്ററിനറി യൂണിവേര്‍സിറ്റിയുടെ കെട്ടിട സമുച്ചയങ്ങള്‍ക്കായി മലകള്‍ ജെ സി ബിയും ഹിറ്റാച്ചിയും വെച്ച് ഇടിച്ചുതകര്‍ക്കുകയാണ്.
ഭൂമിയുടെ ഹൃദയം പിളര്‍ക്കും പോലുള്ള കാഴ്ചയാണ് ഇവിടെ. വലിയ മലകള്‍ ഇടിച്ച് ചതുപ്പും താഴ്ന്ന പ്രദേശങ്ങളും നികത്തുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി ഈ പ്രവൃത്തി നടക്കുന്നു. വെറ്ററിനറി സര്‍വകലാശാല ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വെറ്ററിനറി കോളേജ് കെട്ടിടങ്ങളിലാണ്. സര്‍വകലാശാല ആസ്ഥാനത്തിന് കെട്ടിടം നിര്‍മിക്കുക പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നായിരുന്നു നേരത്തെ സര്‍ക്കാറിന്റെ അറിയിപ്പ്.
അതീവ പരിസ്ഥിതി ലോല പ്രദേശമാണ് പൂക്കോട് മലനിരകള്‍. പശ്ചിമഘട്ടത്തിലെ അതിപ്രധാനമായ ഭൂപ്രദേശം കൂടിയാണിവിടം. ഈ മലനിരകള്‍ ഉള്‍ക്കൊള്ളുന്ന ലക്കിടിയിലായിരുന്നു ചിറാപുഞ്ചി കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നത്.
കാലാവസ്ഥാ വ്യതിയാനത്തോടെ ലക്കിടിയുടെ ഈ പെരുമ നഷ്ടപ്പെട്ടെങ്കിലും പഴയ വയനാടന്‍ കാലാസവസ്ഥയുടെ ചെറിയ അടയാളമെങ്കിലും നിലനില്‍ക്കുന്നത് ഈ ഭാഗത്താണ്. വെറ്ററിനറി സര്‍വകലാശാലക്ക് വേണ്ടി 80 കോടിയോളം രൂപ ചെലവിലാണ് ഇവിടെ കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. കുന്നുകള്‍ ഇടിച്ചുള്ള നിര്‍മാണ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലക്കിടി, പൂക്കോട് ഭാഗങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടന്ന അനധികൃത നിര്‍മാണ പ്രവൃത്തികളും ചതുപ്പ് നികത്തലും മൂലം ജലസ്രോതസുകളില്‍ പലതും വറ്റിയിട്ടുണ്ട്. ലക്കിടിയില്‍ ബഹുനില ഫഌറ്റുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വ്യാപകമായി കഴിഞ്ഞു പൂക്കോട് മലനിരകളില്‍ പൂക്കോട് വെറ്ററിനറി കോളേജിനായി കെട്ടിടങ്ങള്‍ നിര്‍മിച്ചപ്പോള്‍ തന്നെ പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായി നടക്കുന്ന കെട്ടിട നിര്‍മാണങ്ങള്‍ പൂക്കോടിന്റെയും ലക്കിടിയുടെയും മാത്രമല്ല, വയനാടിന്റെ ആകെ പരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് വന്‍ പ്രഹരമാവുമെന്നാണ് വിദഗ്ധ മതം.

Latest