Connect with us

Kerala

പ്രധാനാദ്ധ്യാപികയുടെ സ്ഥലം മാറ്റം; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

Published

|

Last Updated

niyamasabha_3_3തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ചതിന് കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റത്. മന്ത്രിയെ വേണ്ട രീതിയില്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയതെന്നും സ്ഥലം മാറ്റം റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ വൈകിയെത്തിയതിനെ അദ്ധ്യാപിക വലുതാക്കി കാണിക്കുകയായിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. തന്നെ താഴ്ത്തിക്കെട്ടാനാണ് അവര്‍ ശ്രമിച്ചത്. കൂടുതല്‍ കടുത്ത നടപടിയാണ് ഹെഡ്മിസ്ട്രസിനെതിരെ ഡി പി ഐ ശുപാര്‍ശ ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. സ്ഥലംമാറ്റിയത് ക്രമ്രപ്രകാരം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി വൈകിയെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. മന്ത്രിയുടെ പ്രസംഗത്തിന് ശേഷം പ്രസംഗിച്ച പ്രധാനാദ്ധ്യാപിക നിരന്തരമായുണ്ടാവുന്ന ഉദ്ഘാടന ചടങ്ങുകള്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നതായി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതാണ് വിദ്യാഭ്യാസ മന്ത്രിയെ ചൊടിപ്പിച്ചത്.