Connect with us

Kannur

ഏഴ് അധ്യാപകര്‍ പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ഥിനികളുടെ പരാതി

Published

|

Last Updated

കണ്ണൂര്‍: കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളെ അധ്യാപകര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് സമഗ്രാന്വേഷണം നടത്തിയേക്കും. സംഭവം സംബന്ധിച്ച് ഇന്നലെ ജില്ലാ പോലീസ് മേധാവിക്ക് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് സമഗ്രാന്വേഷണം നടത്തേണ്ടിവരിക.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിയോഗിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘവും നേരത്തെ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സ്‌കൂളിലെ ഏഴോളം അധ്യാപകര്‍ ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട് നാല് വിദ്യാര്‍ഥിനികളാണ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നത്. ഇക്കഴിഞ്ഞ 18നാണ് സ്പീഡ് പോസ്റ്റ് വഴി ഏഴ് അധ്യാപകരുടെ പേര് സഹിതം സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ കലക്്ടര്‍, ഡി ഡി ഇ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവര്‍ക്കു പരാതി അയച്ചത്. പരാതിയില്‍ പെണ്‍കുട്ടികളുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ അധ്യാപകരുടെ പേരും ഓരോരുത്തരും ചെയ്ത പീഡനവും സംബന്ധിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്. ശരീരഭാഗങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കുക, മുടി കെട്ടാത്ത വിദ്യാര്‍ഥിനികളെ കക്കൂസില്‍ കൊണ്ടുപോയി വാതിലടച്ച് മുടി കെട്ടിക്കൊടുക്കുക തുടങ്ങിയവയാണ് പരാതിയില്‍ പറയുന്നത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് പരാതിക്കാരെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഡി ഡി ഇ ഓഫീസിലെ വനിതാ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ സ്‌കൂളിലെത്തിയാണ് നേരത്തെ തെളിവെടുത്തിരുന്നത്. ഡി പി ഐയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ദിനേശന്‍ മഠത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍, ഭയം കാരണമാണ് പെണ്‍കുട്ടികള്‍ പരാതിയില്‍ പേര് വെക്കാതിരുന്നതെന്ന് വ്യക്തമായതായി ഡി ഡി ഇ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഇതു സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് എസ് പിക്കു നല്‍കിയിരുന്നു. പരാതിയില്‍ പേരില്ലാത്തതിനാലും ക്രിമിനല്‍ സ്വഭാവത്തിലുള്ളതായതിനാലുമാണ് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇപ്പോള്‍ പരാതി പോലീസിന് കൈമാറിയതെന്ന് ഡി ഡി ഇ വ്യക്തമാക്കി. പരാതിയുടെ കോപ്പിയും റിപ്പോര്‍ട്ടുമാണ് എസ് പി ഓഫീസിലെത്തി കൈമാറിയത്. എന്നാല്‍ ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടില്ലെന്നാണറിയുന്നത്. പോലീസിന്റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കാനാണ് സാധ്യത.
അതേസമയം, അധ്യാപകരുടെ പീഡനം സംബന്ധിച്ച പരാതിയില്‍ പോലീസ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇന്നലെ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

Latest