കോംപ കോള നിവാസികള്‍ അധികൃതര്‍ക്ക് മുന്നില്‍ വഴങ്ങി

Posted on: June 23, 2014 8:17 am | Last updated: June 23, 2014 at 8:17 am

campa colonyന്യൂഡല്‍ഹി: ശക്തി ഉപയോഗിച്ച് നീക്കാനും മടിക്കില്ലെന്ന് മുംബൈ നഗരസഭാ അധികൃതര്‍ വ്യക്തമാക്കിയതോടെ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന കോംപ കോള നിവാസികള്‍ ബി എം സിയോട് മാപ്പ് പറഞ്ഞു. ബി എം സിക്ക് അവരുടെ ജോലി നിര്‍വഹിക്കാമെന്നും അതേസമയം ഫ്‌ളാറ്റുകളുടെ താക്കോല്‍ വിട്ടുനല്‍കില്ലെന്നും ഇവര്‍ വ്യക്തമാക്കി. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിക്കാന്‍ അധികൃതരെ അനുവദിച്ചില്ലെങ്കില്‍ ശക്തമായ നടപടികളും ആലോചിക്കേണ്ടിവരുമെന്ന് ബി എം സി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ച്ചയായി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ മുംബൈ(എം സി ജി എം) അധികൃതര്‍ തെക്കന്‍ മുംബൈയിലെ വര്‍ളി പ്രദേശത്ത് നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എത്തിയിരുന്നു. പക്ഷേ ഇവിടുത്തെ നിവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രദേശത്ത് അനധികൃതമായി നിര്‍മിച്ച 96 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ക്കായി അധികൃതര്‍ പ്രദേശത്തെത്തിയിരുന്നത്. ശക്തമായ എതിര്‍പ്പാണ് പ്രദേശവാസികളില്‍ നിന്ന് ഇവര്‍ നേരിടുന്നത്. കെട്ടിടം നില്‍ക്കുന്ന പ്രദേശത്തേക്കുള്ള പ്രവേശന കവാടം അടച്ച് അധികൃതരെ ഇങ്ങോട്ടുവരാന്‍ ഇവര്‍ അനുവദിക്കുന്നില്ല.
അതേസമയം ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് അധികൃതരുടെ നിലപാട്. ഇനിയും ഇവിടുത്തുകാര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചു നല്‍കില്ല. എല്ലാ പരിധികളും ഇപ്പോള്‍ തന്നെ ലംഘിച്ചിരിക്കുകയാണ്. കോംപ്ലക്‌സിലേക്ക് കടക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ശക്തി പ്രയോഗിക്കേണ്ടി വരുമെന്നും ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷ്ണര്‍ ആനന്ദ് വഗറാള്‍ക്കര്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ഗൗരവമായ ചര്‍ച്ച പോലീസുമായി നടന്നുകൊണ്ടിരിക്കുകയാണ്. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ ഫഌറ്റുകളെ നിയമാനുസൃതമാക്കണമെന്ന് കാണിച്ചും ഇവിടെ നിരവധി വൃദ്ധന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നതിനാല്‍ തങ്ങളോട് മാപ്പ് ചെയ്യണമെന്നും കാണിച്ച് രാഷ്ട്രപതിക്ക് കത്തയച്ചതായി പ്രദേശവാസികള്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ക്ക് രാഷ്ട്രപതിയില്‍ നിന്ന് ഇത്തരമൊരു നീക്കം അവസാനിപ്പിക്കണമെന്ന് കാണിച്ച് നിര്‍ദേശം ലഭിക്കുന്നത് വരെ ദൗത്യം തുടരുമെന്നാണ് എം സി ജി എമ്മിന്റെ നിലപാട്. ഇപ്പോള്‍ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രപതിയില്‍ നിന്ന് ഒരു കത്തും ലഭിച്ചിട്ടില്ല. കൂടുതല്‍ സമയം അനുവദിക്കുക എന്ന പ്രദേശവാസികളുടെ ആവശ്യം ഇനിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും എം സി ജി എം വ്യക്തമാക്കി. കഴിഞ്ഞ മെയ് 31നാണ് ഇവര്‍ക്കെതിരെ സുപ്രീം കോടതി ഉത്തരവുണ്ടായത്. ഇതിനെതിരെ ഇവര്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീം കോടതി ഇത് തള്ളിക്കളയുകയായിരുന്നു. സുപ്രീം കോടതി ഉത്തരവ് വന്നയുടനെ പ്രദേശവാസികളോട് കെട്ടിടങ്ങളില്‍ നിന്ന് മാറിപ്പോകാനും എം സി ജി എം ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 20ന് മുമ്പ് ഒഴിഞ്ഞുപോകണമെന്നാണ് ഇവര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഇതിന് പ്രദേശവാസികള്‍ വിസമ്മതിച്ചതോടെയാണ് ഈ കെട്ടിടങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും ഒഴിവാക്കാന്‍ അധികൃതര്‍ മുന്നോട്ടുവന്നത്.