Connect with us

Malappuram

സര്‍ക്കാറിന്റെ സൗജന്യ യൂനിഫോം:വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കും

Published

|

Last Updated

വളാഞ്ചേരി: സംസ്ഥാന സര്‍ ക്കാറിന്റെ സൗജന്യ യൂണിഫോം വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കുന്നതായി ആക്ഷേപം. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ എട്ടാംതരം വരെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ബി പി എല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം വിതരണം ചെയ്തപ്പോള്‍ എ പി എല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്ക് യൂണിഫോം നല്‍കിയിട്ടില്ല. സ്‌കൂളില്‍ നിന്ന് വിതരണം ചെയ്ത സൗജന്യ യൂണിഫോം ലഭിക്കാത്ത എ പി എല്‍ വിദ്യാര്‍ഥികള്‍ക്ക് ഇതേ വസ്ത്രങ്ങള്‍ കടകളിലും ലഭ്യമല്ല.
ഇതോടെ എ പി എല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ സ്‌കൂളിലെ പഴയ യൂണീഫോമും മറ്റുകുട്ടികള്‍ സര്‍കാര്‍ നല്‍കിയ പുതിയ യൂണിഫോമും ധരിച്ചാണ് സ്‌കൂളില്‍വരുന്നത്. വിദ്യാര്‍ഥികള്‍ ധരിച്ച യൂണിഫോം കണ്ടാല്‍ അവര്‍ എപി എല്ലാണോ ബി പി എല്ലാണോ എന്ന് തിരിച്ചറിയാന്‍ കഴിയും. ഇത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവേചനവും മാനസിക സംഘര്‍ഷവും ഉണ്ടാക്കുന്നതായി അധ്യാപകര്‍ പറയുന്നു.
കഴിഞ്ഞ അധ്യായനവര്‍ഷം തുടക്കത്തില്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച സൗജന്യ യൂണിഫോമിന്റെ വിതരണം ഒരു വര്‍ഷം കഴിഞ്ഞ് പുതിയ അധ്യായന വര്‍ഷത്തിലാണ് നടക്കുന്നത്. ഇതിനാല്‍ നാലാം തരത്തില്‍നിന്നും ഏഴാംതരത്തില്‍ന്നും വിജയിച്ച് മറ്റ് സ്‌കൂളുകളില്‍ പോയി ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്യുന്നതില്‍ പ്രയാസം നേരിടുന്നുണ്ട്.
യൂണിഫോം വിതരണം വൈകിയത് കാരണം സ്‌കൂളിലെ യൂണിഫോമുകളില്‍ അനൈക്യവും അനിശ്ചിതത്വവും സൃഷ്ടിക്കുന്നുവെന്നതാണ് മറ്റൊരു പ്രശ്‌നം. നാലാം തരത്തില്‍നിന്നും ഏഴാം തരത്തില്‍നിന്നും വിജയിച്ച കുട്ടികള്‍ സര്‍കാര്‍ നല്‍കിയ യൂണിഫോം ധരിച്ച് തൊട്ടടുത്ത യു പി സ്‌കൂളിലേക്കോ ഹൈസ്‌കൂളിലേക്കോ പോയാല്‍ അവിടത്തെ യൂനിഫോമും ഇവരുടെതും വ്യത്യസ്തമാവുന്നു.
ഇതു പോലെ വിവിധ സ്‌കൂളികളില്‍നിന്ന് കുട്ടികള്‍ വിവിധ യൂണിഫോമുകളുമായി വന്നാല്‍ ഒരേ സ്‌കൂളില്‍ പല നിറത്തിലും തരത്തിലുമുള്ള യൂണിഫോമുകളാണുളളത്. അതോടൊപ്പം എപിഎല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ മറ്റൊരുതരത്തിലുള്ള യൂണിഫോമുമായി സ്‌കൂളിലെത്തുന്നു.
അതേസമയം പലസ്‌കൂളുകളിലും സര്‍ക്കാര്‍ നല്‍കിയ യൂണിഫോം സ്വീകാര്യമല്ല. സൗജന്യ യൂണിഫോം ധരിക്കേണ്ടെന്നും അതത് സ്‌കൂളിലെ നിലവിലുള്ള യൂണിഫോംതന്നെ വേണമെന്നും ചില സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. സ്‌കൂള്‍ അതികൃതരുടെ പിടിവാശികാരണം സര്‍കാര്‍ നല്‍കിയ വസ്ത്രം തൈപിച്ച് കഴിഞ്ഞ രക്ഷിതാക്കള്‍ക്ക് ഇനി മറ്റൊരു യൂണിഫോമുകൂടി വാങ്ങി തൈപിക്കുക എന്നത് അധിക ബാധ്യതയായിരിക്കുകയാണ്.

 

Latest