Connect with us

Ongoing News

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ആറ് വാര്‍ഡന്‍മാര്‍ക്കെതിരെ ജയില്‍ ഡി ഐ ജി റിപ്പോര്‍ട്ട് നല്‍കി

Published

|

Last Updated

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ആറ് വാര്‍ഡര്‍മാര്‍ക്കെതിരെ ജയില്‍ ഡി ഐ ജിയുടെ റിപ്പോര്‍ട്ട്. ടി പി കൊലക്കേസിലെ പ്രതികള്‍ക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ വാര്‍ഡര്‍മാര്‍ ഒത്താശ ചെയ്തുകൊടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡി ജി പി. ടി പി സെന്‍കുമാറിനാണ് മധ്യമേഖലാ ജയില്‍ ഡി ഐ ജി രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ജയില്‍ ജീവനക്കാരില്‍ നിന്ന് ഡി ഐ ജി. മൊഴിയെടുത്തിരുന്നു.
ടി പി കൊലക്കേസിലെ പ്രതികള്‍ ജയില്‍ ജീവനക്കാരുടെ ഒത്താശയോടെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതെന്ന് പോലിസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ജയിലിലെ സി സി ടി വി ക്യാമറകളും വൈദ്യുത വിളക്കുകളും തകരാറിലായതിന് പിന്നില്‍ ജയില്‍ ജീവനക്കാരുടെ കൈകളുള്ളതായും രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജയിലിലെ ക്യാമറകള്‍ തകരാറിലാണെന്ന് പരാതി ഉയര്‍ന്നപ്പോള്‍ പരിഹരിക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. പിന്നീട് ടി പി കൊലക്കേസ് പ്രതികള്‍ക്ക്് നേരെ മര്‍ദനമുണ്ടായെന്ന ആക്ഷേപമുണ്ടായപ്പോഴും സി സി ടി വി തകരാറിലായിരുന്നു.
എന്നാല്‍ പിന്നീട് ജയില്‍ സന്ദര്‍ശിച്ച ഡി ജി പി സെന്‍കുമാര്‍ സി സി ടി വി ക്യാമറകളുടെ തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. ഏറെ കോളിളക്കമുണ്ടാക്കിയ കൊലക്കേസ് പ്രതികളെ പാര്‍പ്പിച്ചിട്ടും ജയിലിലെ 67 സി സി ടി വി ക്യാമറകളുടെയും തകരാര്‍ പരിഹരിക്കാതിരുന്നത്് പ്രതികളും ജയില്‍ ജീവനക്കാരും തമ്മിലുള്ള ബന്ധമാണ് വ്യക്തമാക്കുന്നതെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. നേരത്തെ ടി പി കൊലക്കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ നിന്നും അഞ്ച് മൊബൈല്‍ ഫോണുകളും സിം കാര്‍ഡും ഇയര്‍ ഫോണും ജയില്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു.

 

Latest