Connect with us

Kozhikode

പല തവണ ഓഫീസ് കയറിയിറങ്ങിയിട്ടും പരിഹാരമാകുന്നില്ലെന്ന്;കെട്ടിക്കിടക്കുന്ന പരാതികളും അപേക്ഷകളും തീര്‍പ്പാക്കാന്‍ ഫയല്‍ അദാലത്തുമായി കോര്‍പറേഷന്‍

Published

|

Last Updated

കോഴിക്കോട്: കെട്ടിക്കിടക്കുന്ന പരാതികളിലും അപേക്ഷകളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി കോര്‍പറേഷന്‍ ഫയല്‍ അദാലത്ത് നടത്തുന്നു.
പല തവണ ഓഫീസ് കയറിയിറങ്ങിയിട്ടും കൃത്യമായ സേവനം ലഭിക്കുന്നില്ലെന്ന പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് അദാലത്ത് നടത്താന്‍ തീരുമാനിച്ചതെന്ന് മേയര്‍ പ്രൊഫ. എ കെ പ്രേമജം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 25 വരെയാണ് ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുക. മുമ്പ് അപേക്ഷിച്ചിട്ടും സേവനങ്ങള്‍ ലഭിക്കാത്തവര്‍ക്ക് അദാലത്തില്‍ പരിഹാരം തേടാം. മുമ്പ് സമര്‍പ്പിച്ച അപേക്ഷയുടെ കൈപ്പറ്റ് രസീത്, ഫീസ് രസീത്, ഫയല്‍ നമ്പര്‍ തുടങ്ങിയവയുടെ പകര്‍പ്പുകള്‍ കൂടി അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. ഇതില്ലാത്തവര്‍ മുന്‍ അപേക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ വെള്ളക്കടലാസില്‍ എഴുതി നല്‍കിയാല്‍ മതിയാകും. കവറിന്പുറത്ത് അദാലത്തിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. കോര്‍പറേഷന്‍ ഓഫീസിലെ അന്വേഷണ വിഭാഗത്തിലും എലത്തൂര്‍, ബേപ്പൂര്‍, ചെറുവണ്ണൂര്‍ (നല്ലളം) മേഖലാ ഓഫീസുകളിലും അപേക്ഷ സ്വീകരിക്കും. ഇതിന് ശേഷം അദാലത്ത് നടത്തുന്നതിന്റെ തീയ്യതി പ്രഖ്യാപിക്കും. കോര്‍പറേഷനുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സ്വീകരിക്കും.
കെട്ടിട നിര്‍മാണ അപേക്ഷകള്‍, വീടിന് നമ്പറിടുന്ന അപേക്ഷകള്‍ എന്നിവയാണ് തീര്‍പ്പാകാത്ത അപേക്ഷകളില്‍ ഭൂരിഭാഗവും. നിലവിലെ നിയമത്തിന്റെ പോരാമയും തെറ്റായ രീതിയില്‍ പ്ലാന്‍ വരച്ച് നല്‍കലും ഉദ്യോഗസ്ഥരുടെ കുറവും അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നു. ഇത് പരിഹരിക്കാനാണ് ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നത്.
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും വസ്തുവിന്റെ ഉടമസ്ഥത മാറ്റലും ജനന മരണ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തുടങ്ങി എല്ലാവിധ സര്‍ട്ടിഫിക്കറ്റും വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി അതാതുദിവസം ലഭ്യമാക്കും. 1970 മുതലുള്ള ജനന മരണ രജിസ്റ്ററുകളുടെ മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. കോര്‍പറേഷനില്‍ നിന്ന് സേവനം ലഭ്യമാക്കിത്തരാം എന്ന് വാഗ്ദാനം നല്‍കി പണം പറ്റുന്ന ഇടനിലക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുല്‍ ലത്വീഫ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ സംബന്ധിച്ചു.

Latest