Connect with us

Gulf

വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു പ്രവാസി യാത്രക്കാര്‍ വിയര്‍ക്കുന്നു

Published

|

Last Updated

ഷാര്‍ജ: നാട്ടിലേക്കും തിരിച്ചുമുള്ള വിമാനയാത്രാ നിരക്കു വാണം പോലെ കുതിക്കുന്നു. വേനലവധിക്കായി പ്രവാസി കുടുംബങ്ങളും മറ്റും കൂട്ടത്തോടെ നാട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ടിക്കറ്റ് നിരക്കു വര്‍ധന. കേരളത്തിലേക്കും മംഗലാപുരത്തേക്കുമാണ് നിരക്കില്‍ വന്‍ വര്‍ധനവ്.
ഈ മാസം 20നും ശേഷം അടുക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള നിരക്കാണ്. വണ്‍വേ ടിക്കറ്റിനുമാത്രം മംഗലാപുരത്തേക്ക് 1,300 ഓളം ദിര്‍ഹമാണ് നിരക്ക്. ആഗസ്ത് 20നു മുമ്പുള്ള മടക്കയാത്ര അടക്കമുള്ള നിരക്ക് രണ്ടായിരത്തിലധികം ദിര്‍ഹമാണ്. 20നു ശേഷമാകട്ടെ സീറ്റ് ഇല്ലാത്ത അവസ്ഥയും എയര്‍ ഇന്ത്യ എക്‌സ്പ്രസും, ജറ്റ് എയര്‍വേയ്‌സുമാണ് മംഗലാപുരത്തേക്കു സര്‍വീസ് നടത്തുന്നത്.
കേരളത്തിലേക്കുള്ള സ്ഥിതിയും ഇതുതന്നെ. മടക്കയാത്ര അടക്കമുള്ള ടിക്കറ്റിന് രണ്ടായിരത്തിലധികം ദിര്‍ഹമാണ് നിരക്ക്. തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യക്ക് പുറമെ സ്‌പൈ ജറ്റ് ഇന്റിഗോ തുടങ്ങിയ സ്വകാര്യ വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് ഉയരത്തില്‍ തന്നെ. കോഴിക്കോട്ടേക്കും നിരക്കില്‍ മാറ്റമൊന്നുമില്ല.
അതേ സമയം കേരളവും മംഗലാപുരവും ഒഴികെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും നിലവിലുള്ള ടിക്കറ്റ് നിരക്കില്‍ വലിയ മാറ്റമൊന്നുമില്ല. അതുകൊണ്ടു തന്നെ കേരളത്തിലേക്ക് പോകുന്ന യാത്രക്കാരോട് മുംബൈയിലേക്കോ മറ്റോ ടിക്കറ്റ് എടുക്കാനാണ് ചില ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്.
വേനലവധിക്കായി ഇന്ത്യന്‍ വിദ്യാലയങ്ങള്‍ ഈ മാസം അവസാന വാരത്തിലാണ് അടക്കുന്നത്. രണ്ടു മാസത്തെ അവധി കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനായി നല്ലൊരു ശതമാനം പ്രവാസികളും നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലുള്ള നിരക്കനുസരിച്ച് നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് കേരളത്തിലെ ഏതെങ്കിലും ഒരു വിമാനത്താവളത്തില്‍ എത്തണമെങ്കില്‍ പതിനായിരത്തോളം ദിര്‍ഹമെങ്കിലും വേണ്ടിവരും. സാധാരണക്കാരായ പ്രവാസികള്‍ക്കാകട്ടെ ഇത്രയും ഭീമമായ തുക ഒരിക്കലും താങ്ങാന്‍ കഴിയില്ല. അതിനാല്‍ യാത്ര മാറ്റിവെക്കുകയേ മാര്‍ഗമുള്ളു. തുച്ഛമായ വരുമാനമുള്ള പ്രവാസികളുടെയും ഭീമമായ ടിക്കറ്റ് നിരക്കുമൂലം നാടെന്ന സ്വപ്‌നം തകരുകയാണ്.
ജൂണ്‍, ജുലൈ മാസങ്ങളില്‍ അവധിലഭിക്കുന്നവരാണ് ഇതുമൂലം ഏറെ വിഷമത്തിലാകുന്നത്. അതേസമയം, സീസണ്‍ അല്ലാത്ത സമയങ്ങളില്‍ നിരക്കു വളരെ കുറവാണ്. യാത്രക്കാരുടെ ബാഹുല്യം മുതലെടുത്ത് നിര്‍ദാക്ഷിണ്യം നിരക്കുകൂട്ടുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെ ബന്ധപ്പെട്ടവര്‍ മൗനം പാലിക്കുന്നത് പ്രവാസികളുടെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

 

Latest