Connect with us

Gulf

മൊദേഷ് വേള്‍ഡ്: നാളെ തുടക്കമാവും

Published

|

Last Updated

ദുബൈ: 15-ാമത് മൊദേഷ് വേള്‍ഡിന് നഗരത്തില്‍ നാളെ തുടക്കമാവും. കുടുംബങ്ങളെ ആനന്ദിപ്പിക്കുന്ന വിനോദങ്ങള്‍, രാജ്യാന്തര നിലവാരത്തിലുള്ള കളികള്‍ തുടങ്ങിയവ ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് മായാത്ത ഓര്‍മയായിരിക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ദുബൈ വേള്‍ഡ് ട്രെയ്ഡ് സെന്ററിലാണ് പരിപാടി അരങ്ങേറുക. സെപ്തംബര്‍ എട്ടു വരെ നീളുന്ന പരിപാടി നഗരവാസികള്‍ക്ക് ആനന്ദവും വിസ്മയവും ഒന്നിച്ച് ഉണ്ടാക്കുന്നതാവും.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് (ഡി ടി സി എം)ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റാ (ഡി എഫ് ആര്‍ ഇ) ണ് സംഘാടകര്‍.
രാജ്യാന്തര പ്രശസ്തരായ വിനോദ രംഗത്തെ കമ്പനികളാണ് പതിവുപോലെ ഈ വര്‍ഷവും നഗരവാസികളെയും സന്ദര്‍ശകരെയും ഹരം കൊള്ളിക്കാന്‍ എത്തുന്നത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം നീണ്ട മൊദേഷിന്റെ വിജയം കുടുംബങ്ങളുടെ വര്‍ധിച്ച പങ്കാളിത്തമാണെന്ന് ഡി എഫ് ആര്‍ ഇ ചീഫ് എക്‌സിക്യൂട്ടീവ് ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു. കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ വര്‍ഷവും മൊദേഷിനായി കാത്തിരിക്കുന്ന സ്ഥിതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓരോ വര്‍ഷവും പുത്തന്‍ പരിപാടികളുമായി നഗരവാസികള്‍ക്കിടയിലേക്ക് എത്താന്‍ പ്രേരിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ഓരോ വര്‍ഷവും പുതുമകള്‍ ഉറപ്പാക്കാന്‍ പരിശ്രമിക്കുന്നതാണ് പരിപാടിയുടെ വിജയ രഹസ്യം.
വിവിധങ്ങളായ സവാരികളാണ് ഇവിടേക്ക് കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
കരൗസല്‍, ചെര്‍-ഒ-പ്ലെയിന്‍, ക്രെയിസി വെയ്‌സ്, കിഡ്ഡി ബങ്കി ജംപിംഗ്, അര്‍കാഡെ, വീഡിയോ ഗെയിംസ് എന്നിവയാണ് പ്രധാന ആകര്‍ഷണം.
ജൂണ്‍ 19 മുതലാവും എല്ലാ പ്രായക്കാര്‍ക്കുമുള്ള വിനോദങ്ങള്‍ സജ്ജമാവുക. അത് വരെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ളവയാവും ഉണ്ടാവുകയെന്നും അവര്‍ പറഞ്ഞു.

Latest