ആര്‍എസ്പികള്‍ ലയിച്ചു

Posted on: June 10, 2014 12:33 pm | Last updated: June 11, 2014 at 11:45 pm

rsp

കൊല്ലം:ഔദ്യോഗിക ആര്‍എസ്പിയും മന്ത്രി ഷിബു ബേബി ജോണ്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്പി(ബി)യും ലയിച്ചു.കൊല്ലം കന്റോണ്‍മെന്റ് മൈതാനത്തായിരുന്നു ലയന സമ്മേളനം.ഷിബു ബേബി ജോണ്‍ അവതരിപ്പിച്ച ലയന പ്രമേയം സമ്മേളനം അംഗീകരിച്ചു.
സമ്മേളനം ഉദ്ഘാടനം ചെയ്ത ചന്ദ്രചൂഡന്‍ സിപിഎമ്മിനും സിപിഐക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തി.കശ്മലന്‍മാരായ സൗമ്യതയും കാരുണ്യവുമില്ലാത്ത നേതാക്കളാണ് സിപിഎമ്മില്‍.നയം മാത്രം മാറ്റിയാല്‍ പോര,നയം നടപ്പാക്കുന്ന നേതാക്കളും മാറണമെന്ന് ചന്ദ്രചൂഢന്‍ പറഞ്ഞു.മഹത്തായ പാര്‍ട്ടി ആണും പെണ്ണും കെട്ടവന്റെ കൈയിലായപ്പോള്‍ മൂന്നാമതായെന്നും സിപിഐയെയും പന്ന്യന്‍ രവീന്ദ്രനേയും ഉദ്ദേശിച്ച് ചന്ദ്രചൂഢന്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സീറ്റ് നിഷേധിച്ചതോടെയാണ് ആര്‍എസ്പി മുന്നണി വിട്ടത്.ആര്‍എസ്പി ഇടത്മുന്നണി വിട്ട് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് ഇത് രണ്ടാം തവണയാണ്.1967ല്‍ അധികാരത്തില്‍ വന്ന ഇഎംഎസ് മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാരായ എംഎന്‍ ഗോവിന്ദന്‍ നായര്‍,ടിവി തോമസ് എന്നിവരോടൊപ്പം ആര്‍എസ്പിയുടെ മന്ത്രിയായ ടി കെ ദിവാകരനും രാജിവെച്ച് ഇടതുമുന്നണി വിട്ടിരുന്നു.1969ല്‍ കെ കരുണാകരനും എം എന്‍ ഗോവിന്ദന്‍ നായരും എ കെ ആന്റണിയും ആര്‍ ബാലകൃഷ്ണപിള്ളയും ചേര്‍ന്ന് പുതിയ മുന്നണി രൂപീകരിക്കുമ്പോള്‍ ആര്‍ എസ് പിയും ഘടകക്ഷിയായിരുന്നു.എന്നാല്‍ 1979 ഡിസംബരില്‍ ആര്‍എസ്പി വീണ്ടും എല്‍ഡിഎഫിലേക്ക് മടങ്ങി.