Connect with us

Wayanad

കേന്ദ്ര സഹായം ലഭിച്ചില്ല; ഏകാധ്യാപക വിദ്യാലയങ്ങള്‍ എല്‍ പി സ്‌കൂളാക്കാനുള്ള പദ്ധതി നടപ്പായില്ല

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളെ അധികൃതര്‍ അവഗണിക്കുന്നു. കേന്ദ്ര സഹായം ലഭ്യമാകാത്തതിനാല്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ എല്‍ പി സ്‌കൂളാക്കാനുള്ള പദ്ധതി പാളിയിരിക്കുകയാണ്. സംസ്ഥാനത്തെ 111 ഏകാധ്യാപക വിദ്യാലയങ്ങള്‍ െ്രെപമറി സ്‌കൂളുകളാക്കാന്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മറ്റൊരു അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചെങ്കിലും ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ ഏങ്ങുമെത്താത്ത അവസ്ഥയിലാണ്. വിദ്യാഭ്യാസ പരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഏകാദ്ധ്യാപക വിദ്യാലയങ്ങളില്‍ ഭൂരിഭാഗവും. 350തോളം ബദല്‍ സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്.
വയനാട്ടിലെ വനാതിര്‍ത്തികളോട് ചേര്‍ന്നും ആദിവാസി ഊരുകളിലുമായി 35 സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ 1000ത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഒന്നുമുതല്‍ നാലാംതരം വരെ ഒരധ്യാപകനാണ് ഏകാധ്യാപക വിദ്യാലയത്തിലുള്ളത്. വയനാട്ടില്‍ ഏഴ് ഏകാധ്യാപക വിദ്യാലയങ്ങള്‍ െ്രെപമറി സ്‌കൂളുകളാക്കാനായിരുന്നു തീരുമാനം.
പുല്‍പള്ളി പഞ്ചായത്തിലെ ചന്ദ്രോത്ത്, പൂതാടി പഞ്ചായത്തിലെ ചീയമ്പം 73, അമ്പലവയല്‍ പഞ്ചായത്തിലെ കമ്പാളക്കൊല്ലി, മേപ്പാടി പഞ്ചായത്തിലെ കടച്ചിക്കുന്ന്, എടവക പഞ്ചായത്തിലെ പുലിക്കാട്, മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍, വയ്യോട് എന്നിവിടങ്ങളിലെ ഏകാധ്യാപക വിദ്യാലയങ്ങളായിരുന്നു എല്‍ പിയാക്കാന്‍ തീരുമാനിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ എസ് എസ് എ വികസനത്തില്‍ തുക വകയിരുത്താത്തതാണ് എല്‍ പി സ്‌കൂളാക്കാനുള്ള പദ്ധതി തകിടം മറിയാനിടയാക്കിയത്. കേന്ദ്രം 65 ശതമാനവും സംസ്ഥാനം 35 ശതമാനവും വിനിയോഗിക്കാമെന്ന ധാരണയില്‍ ഒരു സ്‌കൂളിന് 30 ലക്ഷം രൂപ വീതമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ പതിനഞ്ചോളം സ്‌കൂളുകള്‍ക്ക് 15 ലക്ഷം രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഏകാധ്യാപക വിദ്യാലയങ്ങളില്‍ കൂടുതലും പിന്നാക്ക ജന വിഭാഗക്കാരുടെ മക്കളാണ് പഠിക്കുന്നത്.
ഇവിടത്തെ അധ്യാപകര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നത്. ശമ്പളമാകട്ടെ കൃത്യമായി നല്‍കാറുമില്ല. ബദല്‍ സ്‌കൂളുകള്‍ എല്‍ പി സ്‌കൂളുകളാക്കിയാല്‍ ഇവിടത്തെ അധ്യാപകരുടെ ജോലിക്കാര്യം സംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാണ്. പൊതു വിദ്യാലയങ്ങളിലെല്ലാം അധ്യയന വര്‍ഷാരംഭ ദിനത്തില്‍ പ്രവേശനോത്സവം കൊട്ടി ഘോഷിച്ച് നടത്തിയപ്പോള്‍ ഈ സ്‌കൂളുകളില്‍ ഒരു ആരവവും ഉണ്ടായില്ല. കലാ കായിക മത്സരങ്ങള്‍ മറ്റ് സൂളുകളിലെല്ലാം നടക്കുമ്പോഴും ഇവരുടെ കഴിവുകള്‍ തെളിയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കാലങ്ങളായി ഏകാധ്യാപക വിദ്യാലയങ്ങളെ അധികൃതര്‍ തഴയുകയാണെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്.