Connect with us

Palakkad

രേഖകളില്ലാതെ കന്നുകാലി കടത്ത്; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

പാലക്കാട്: മീനാക്ഷിപുരം മൃഗസംരക്ഷണ വകുപ്പു ചെക് പോസ്റ്റില്‍ നിന്നു രേഖകളില്ലാതെ കന്നുകാലി വാഹനം കടത്തിവിട്ട സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ചെക് പോസ്റ്റിലെ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍, അറ്റന്‍ഡര്‍ കൃഷ്ണന്‍ എന്നിവരെയാണു മൃഗസംരക്ഷണ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രേഖകളില്ലാതെ കന്നുകാലി വാഹനം കടത്തിവിടാന്‍ ജീവനക്കാര്‍ കോഴ വാങ്ങിയതായും കണ്ടെത്തി. ചെക്‌പോസ്റ്റിലെ മറ്റു ജീവനക്കാര്‍ക്കെതിരെയും നടപടി വേണമെന്നു റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ഇതുസംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. മൃഗസംരക്ഷണ ചെക്‌പോസ്റ്റില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് അമിത ഭാരം കയറ്റി രേഖകളില്ലാതെ കടന്നുപോയ നാല് കന്നുകാലി വാഹനം പിടികൂടിയത്. കന്നുകാലികളെ സംസ്ഥാനത്തേക്കു കടത്താന്‍ വേണ്ട രേഖകളൊന്നും ഇവരുടെ കയ്യിലുണ്ടായിരുന്നില്ല. വാഹനത്തിന് അനുവദിച്ച ഭാരത്തിന്റെ ഇരട്ടി കാലികളുണ്ടായിരുന്നതായി പറയുന്നു. അമിത ഭാരം കയറ്റിയതിനും പിഴ ചുമത്തിയിട്ടില്ലത്രെ.
കുളമ്പുരോഗത്തിനു കാലികള്‍ക്കു കുത്തിവക്കേണ്ട വാക്‌സിനുകളും ചെക്‌പോസ്റ്റിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ചു ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അന്വേഷിക്കുന്നുണ്ട്.

Latest