മലയോര വികസന ഏജന്‍സിയുടെ സഹ്യശ്രീ പദ്ധതി ഉദ്ഘാടനം രണ്ടിന്

Posted on: May 31, 2014 10:27 am | Last updated: May 31, 2014 at 10:27 am

കല്‍പ്പറ്റ: മലയോര വികസന ഏജന്‍സി(ഹാഡ)യുടെ സഹ്യശ്രീ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 2 ന് ഉച്ചയ്ക്ക് 2 ന് കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ ഗ്രാമവികസന മന്ത്രി കെ.സി ജോസഫ് നിര്‍വ്വഹിക്കും. പട്ടിക വര്‍ഗ്ഗ യുവജന ക്ഷേമവകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി അധ്യക്ഷത വഹിക്കും.
ഗ്രാമപ്രദേശങ്ങളില്‍ നിലവിലുളള സ്വയം സഹായ സംഘങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതിയാണ് സഹ്യശ്രീ. ബാങ്ക് വായ്പയ്ക്ക് ആനുപാതിക സബ്‌സിഡിയായാണ് ധസസഹായം ലഭിക്കുക. ഒരു സംരംഭക ഗ്രൂപ്പിന് പരമാവധി 2 ലക്ഷം രൂപ ലഭിക്കും. ഗ്രൂപ്പിലെ വ്യക്തികളുടെ എണ്ണത്തിന് ആനുപാതികമായാണ് തുക അനുവദിക്കുക. ഒരു വ്യക്തിക്ക് പരമാവധി 10,000 രൂപ വരെ ലഭിക്കും. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് സബ്‌സിഡിക്ക് അര്‍ഹതയുണ്ടായിരിക്കുക. സ്ത്രീകളും പുരുഷന്‍മാരും അംഗങ്ങളായ സംരംഭക ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാമെന്നതാണ് സഹ്യശ്രീ പദ്ധതിയുടെ പ്രത്യേകത. ഒരു ഗ്രൂപ്പില്‍ 10 അംഗങ്ങള്‍ എങ്കിലും ഉണ്ടായിരിക്കണം. ബാങ്കുകള്‍ വായ്പ അനുവദിച്ച 14 ഗ്രൂപ്പകള്‍ക്കുളള ധനസഹായമാണ് ഉദ്ഘാടനത്തിന് വിതരണം ചെയ്യുന്നത്. ഹാഡ വൈസ് ചെയര്‍മാന്‍ കൂടിയായ എന്‍.ഡി അപ്പച്ചന്‍ സ്വാഗതം പറയും. എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും.
എം.എല്‍ എ മാരായ എം.വി ശ്രേയാംസ്‌കുമാര്‍, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും. സ്വയം സഹായ സംഘങ്ങള്‍ മുഖേനയുളള സ്വയം തൊഴില്‍ സംരംഭങ്ങള്‍ – സാധ്യതകളും പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ തൊഴിലുറപ്പ് പദ്ധതി ജോയിന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സി.വി ജോയ് ക്ലാസ്സെടുക്കും.