പോലീസ് യൂനിവേഴ്‌സിറ്റി തൃശൂരില്‍ സ്ഥാപിക്കും: ചെന്നിത്തല

Posted on: May 31, 2014 12:20 am | Last updated: May 31, 2014 at 12:20 am

തൃശൂര്‍: തൃശൂര്‍ കേന്ദ്രമാക്കി രാജ്യാന്തര നിലവാരമുള്ള പോലീസ് യൂനിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൃശൂര്‍ രാമനിലയത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതുസംബന്ധിച്ച് പഠിക്കാനായി ഉന്നത പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെട്ട കമ്മീഷനെ നിയമിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം അവരുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട പരാതികളില്‍ ജൂണ്‍ 20 നകം ജില്ലാ എസ് പിമാരുടെ സാന്നിധ്യത്തില്‍ അദാലത്ത് നടത്തും. അദാലത്തില്‍ പുതിയ പരാതികള്‍ സ്വീകരിക്കുമെന്നും ഓപറേഷന്‍ കുബേരയുടെ ഭാഗമായി ലഭിച്ച പരാതികളില്‍ നടത്തിയ അന്വേഷണത്തെ കുറിച്ച് വിവരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പുതിയ പരാതികളുണ്ടെങ്കില്‍ അതും സ്വീകരിക്കും. 19 പോലീസ് ജില്ലകളിലും നടക്കുന്ന അദാലത്തുകള്‍ക്കുശേഷം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ അമിത പലിശ ഈടാക്കിയാലും നടപടിയുണ്ടാകും. പലിശനിരക്ക് പത്രങ്ങളില്‍ കൊടുക്കണം. രശീതില്‍ രേഖപ്പെടുത്തുകയും വേണം. ദിവസേന എല്ലാ എസ് പിമാരുമായും നടപടികളെ കുറിച്ച് സംസാരിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടെന്ന ആക്ഷേപവും പരിശോധിക്കും. കര്‍ശനനടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ചിട്ടി നിയമപ്രകാരം ചിട്ടികള്‍ നടത്തുന്നതിനെ തടയില്ല. ചിട്ടിയുടെ മറവില്‍ ബ്ലേഡ്‌വ്യാപാരത്തിന് അനുവദിക്കില്ല. രജിസ്‌ട്രേഷന്‍ ഐ ജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി നടപടിയെടുക്കും. പുതിയ ചിട്ടി കമ്പനികള്‍ക്ക് ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. വ്യവസ്ഥാപിത ചിട്ടി കമ്പനികളെ റെയ്ഡ് നടത്തി ദ്രോഹിക്കില്ല. പരാതി കിട്ടിയാല്‍ അതു പരിശോധിച്ചശേഷമേ പോലീസ് നടപടിയെടുക്കുകയുള്ളൂ. വ്യക്തിപരമായ വിദ്വേഷം വെച്ച് പരാതി നല്‍കിയതാണോ എന്നും അന്വേഷിക്കും. ധനകാര്യ ഇതര ബേങ്കിംഗ് സ്ഥാപനങ്ങളെ ക്കുറിച്ചുളള ആക്ഷേപങ്ങളും അന്വേഷിക്കും. നന്നായി ബിസിനസ് നടത്തുന്നവര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാകില്ല.
ബ്ലേഡുകാരില്‍ നിന്ന് ജനത്തെ രക്ഷിക്കാന്‍ ബദല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കും. ബേങ്കുകളുടെ പലിശ കുറവ് ചെയ്തിട്ടുണ്ട്. ഉദാരസമീപനം വേണമെന്ന് നവ ബേങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴായിരത്തില്‍ പരം റെയ്ഡ് നടത്തിയതില്‍ 1,500 കേസ് എടുത്തു. ദിവസവും ആയിരക്കണക്കിന് പരാതികളാണ് കിട്ടുന്നത്. ഫോണില്‍ മാത്രം ഇതുവരെ പതിനായിരത്തിലധികം പരാതി കിട്ടി. ഫേസ്ബുക്കില്‍ 5,000 ത്തിലധികം പ്രതികരണമുണ്ടായി. ജില്ലകളിലെ പരാതികളെ കുറിച്ച് വിലയിരുത്താന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതായും മന്ത്രി അറിയിച്ചു.