മുണ്ടേരി ഫാമില്‍ ആവശ്യത്തിന് തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കാനാകുന്നില്ല

Posted on: May 30, 2014 4:36 pm | Last updated: May 30, 2014 at 4:36 pm

നിലമ്പൂര്‍: ഏഷ്യയിലെ എാറ്റവും വലിയ തെങ്ങിന്‍തോട്ടമുള്ള കൃഷി ഫാമിന് മേഖലയിലെ കര്‍ഷകര്‍ക്കാവശ്യമുള്ളത്ര തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കാനാവുന്നില്ല. പോത്തുകല്ല് പഞ്ചായത്തിലുള്‍പ്പെട്ട മുണ്ടേരി വിത്തു കൃഷിത്തോട്ടത്തിനാണ് ഈ ദുര്‍ഗതി. സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന ഫാം ഏതാനും വര്‍ഷം കൊണ്ട് അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്കയിലാണ് നിലവിലെ ജീവനക്കാരും ഫാമിനെ ആശ്രയിച്ച് കഴിയുന്ന തദ്ദേശവാസികളും.

ലോകബേങ്ക് സഹായത്തോടെ 1979 ലാണ് 505 ഹെക്ടര്‍ സ്ഥലത്ത് മുണ്ടേരിയില്‍ കൃഷിഫാം തുടങ്ങിയത്. സംസ്ഥാനത്തിനാവശ്യമായ മികച്ച വിത്തുകള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാമിന് തുടക്കമായത്. ഇതില്‍ 303 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് ഫാം പ്രവര്‍ത്തനം തുടങ്ങിയത്.
അവശേഷിക്കുന്ന സ്ഥലം പിന്നീട് അധികൃതരുടെ പിടിപ്പുകേടില്‍ വനം വകുപ്പിലേക്ക് തിരിച്ചുപോയി. മൂന്നൂറിലേറെ തൊഴിലാളികള്‍ വരെയുണ്ടായിരുന്ന ഫാമില്‍ തൊഴിലാളികള്‍ വിരമിക്കുന്ന ഒഴിവില്‍ പകരം നിയമനം നടത്താതിരുന്നതിനാല്‍ ഇപ്പോള്‍ നൂറിനടുത്തുമാത്രമാണ് ഉള്ളത്. ഇതോടെ ഫാം സാമ്പത്തികമായി നഷ്ടത്തിലാവുകയും ചെയ്തു. 1990-91 ല്‍ 89 ലക്ഷം രൂപ വാര്‍ഷിക നഷ്ടമുണ്ടായിരുന്ന ഫാമില്‍ 1995-96 ല്‍ 93 ലക്ഷം രൂപയായി വര്‍ധിച്ചു. ഇത് 2000-01 ല്‍ 1.87 കോടി രൂപയായി വീണ്ടും വര്‍ധിച്ചു. എന്നാല്‍ ആസൂത്രിതമായ ശ്രമം നടത്തിയതിനെ തുടര്‍ന്ന് പില്‍ക്കാലങ്ങളില്‍ നഷ്ടത്തിന്റെ തോത് കുറക്കാനായിരുന്നു. 2007-08 ല്‍ 1.47 കോടി രൂപ വരെയായി നഷ്ടം കുറഞ്ഞു. ഇതേ തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയുമുണ്ടായി.
തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ ഫാം വീണ്ടും പ്രതിസന്ധിയിലാകുകയാണ്. തേങ്ങ വില കൂടിയതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ തെങ്ങിന്‍ തൈകളുടെ ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. എന്നാല്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞതും ഉള്ള തൊഴിലാളികളുടെ ഉത്പാദനക്ഷമത കുറഞ്ഞതും ഉത്പാദനത്തെ ബാധിക്കുന്നതായാണറിയുന്നത്. ഈ വര്‍ഷം 11,000 തെങ്ങിന്‍ തൈകള്‍ മാത്രമാണുല്‍പ്പാദിപ്പിച്ചത്. ഇതില്‍ ആയിരത്തിലധികം എണ്ണം പ്രാദേശികമായി വിറ്റഴിച്ചു. ബാക്കിയുള്ളവ വിവിധ പദ്ധതികളിലൂടെ കൃഷി ഭവന്‍ വഴിയാണ് വില്‍പന നടത്തുന്നത്.
തൈകള്‍ വില്‍പനക്കെത്തിയതറിഞ്ഞ് ആവശ്യക്കാര്‍ അന്വേഷിച്ചെത്തിയപ്പോഴേക്കും വില്‍പന നിര്‍ത്തുകയും ചെയ്തു. കൃഷിഭവനുകള്‍ക്ക് നല്‍കിയാല്‍ ഇനി പ്രാദേശികമായി വില്‍പന നടത്താന്‍ ഉണ്ടാവില്ല.
ഇതോടെ ഫാമിലെ തൈകള്‍ തദ്ദേശീയര്‍ക്ക് ലഭിക്കുകയുമില്ല. ഏഴ് ലക്ഷം കുരുമുളക് തൈകള്‍ ഈ വര്‍ഷം ഉത്പ്പാദിപ്പിക്കണമെന്ന ടാര്‍ജറ്റ്് വന്നതോടെ തെങ്ങിന്‍ തൈകള്‍ക്കാവശ്യമായ വിത്തുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായതായി അറിയുന്നു.
2008-ല്‍ ഫാമിനാവശ്യമായ ജീവനക്കാരെ എടുക്കാന്‍ ഉത്തരവുണ്ടായിരുന്നെങ്കിലും വിവിധ കോണുകളില്‍ നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് തൊഴിലാളി നിയമനം നടന്നില്ല. ഒടുവില്‍ എംപ്‌ളോയ്‌മെന്റ് വഴി എടുക്കാന്‍ ധാരണയായി.
ഇതനുസരിച്ച് ലിസ്റ്റ് തയ്യാറാക്കിയെങ്കിലും മറ്റു ജില്ലയിലുള്ളവരെ ലിസ്റ്റില്‍ പെടുത്താനാവില്ലെന്ന എതിര്‍പ്പായി. അവസാനം പ്രാദേശികമായ എംപ്‌ളോയമെന്റ് വഴി ആവശ്യമായ തൊഴിലാളികളെ എടുക്കാനുള്ള തീരുമാനമനുസരിച്ച് ലിസ്റ്റ് തയ്യാറാക്കാനുള്ള നിര്‍ദ്ദേശം കൊടുത്ത് കാത്തിരിക്കയാണ്.