Connect with us

Ongoing News

മോദിയെ പിന്തുടര്‍ന്ന ഫുട്‌ബോള്‍ ലീഡര്‍

Published

|

Last Updated

മാഞ്ചസ്റ്റര്‍ സിറ്റിയെ മൂന്ന് വര്‍ഷത്തിനിടെ രണ്ട് തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ഗ്രേറ്റ് ലീഡര്‍. ബെല്‍ജിയത്തിന്റെ ലോകകപ്പ് നായകന്‍- വിന്‍സെന്റ് കൊംപാനി. ബ്രസീല്‍ ലോകകപ്പിലൂടെ ലോകഫുട്‌ബോള്‍ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടുകയാണ് കൊംപാനിയുടെ ലക്ഷ്യം.
ഒരു മാസത്തിനിടെ രണ്ട് വാര്‍ത്തകളിലൂടെയാണ് കൊംപാനി ശ്രദ്ധയാകര്‍ഷിച്ചത്. ആദ്യത്തേത് മാഞ്ചസ്റ്റര്‍ സിറ്റിയെ ചാമ്പ്യന്‍മാരാക്കിയതിന് പിറകെ സിറ്റി വിട്ടേക്കുമെന്ന സൂചന നല്‍കിയതായിരുന്നു. വേണ്ടത്ര പരിഗണന ലഭിക്കാത്ത സ്ഥലത്ത് തുടരുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു കൊംപാനിയുടെ വാദം. രണ്ടാമത്തേത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ ഫോളോ ചെയ്തത്. കൊംപാനി മൂന്നേ മൂന്ന് ലോക നേതാക്കളെയാണ് ട്വിറ്ററില്‍ ഇതുവരെ ഫോളോ ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നികോളാസ് സര്‍കോസി, നരേന്ദ്ര മോദി.
ബെല്‍ജിയം തലസ്ഥാന നഗരിയായ ബ്രസല്‍സില്‍ നിന്ന് 6408 കിലോമീറ്റര്‍ അകലെയുള്ള ന്യൂഡല്‍ഹിയിലേക്ക് കൊംപാനിയുടെ ശ്രദ്ധയാകര്‍ഷിച്ചത് ഇന്ത്യയിലെന്ന പോലെ വിദേശ മാധ്യമങ്ങളിലും നിറഞ്ഞു നിന്ന നമോ തരംഗമാണ്. ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മോദിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് 4.39 ദശലക്ഷത്തിലെത്തി.
സ്വാഭാവികമായും ആരാണീ മോദിയെന്നറിയാന്‍ ബെല്‍ജിയം നായകനും ഒരാഗ്രഹം.
കളി മാത്രമല്ല, ലോക രാഷ്ട്രീയം കൂടി നിരീക്ഷിക്കുന്നതില്‍ തത്പരനാണ് കൊംപാനി. സെന്റര്‍ ഡിഫന്‍ഡറായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും തിളങ്ങുന്നതിനിടെ ഗോളടിയുടെ പൊളിറ്റിക്‌സും പയറ്റിനോക്കാനുള്ള ജനിതക താത്പര്യവും കൊംപാനിയില്‍ നമുക്ക് കാണാം. ടീമിനെ മുന്നില്‍ നിന്ന് നയിക്കാനുള്ള കെല്‍പ്പാണ് സിറ്റിയുടെ നായകസ്ഥാനത്ത് കൊംപാനിക്ക് എതിരില്ലാതിരുന്നത്. മുന്നില്‍ നിന്ന് നയിക്കുന്ന ലോകരാഷ്ട്രീയ നേതാക്കളെ ട്വിറ്ററിലൂടെ ഫോളോ ചെയ്യുന്നതിന്റെ താത്പര്യവും കൊംപാനിയുടെ ഉള്ളിലുറഞ്ഞു കിടക്കുന്ന ലീഡറുടെ ജനെറ്റിക്കാകാം.
ശമ്പളവര്‍ധനവ് ഉള്‍പ്പടെയുള്ള ആനൂകൂല്യങ്ങള്‍ പുതുക്കിയില്ലെങ്കില്‍ സിറ്റിക്ക് ബെല്‍ജിയം താരത്തെ നഷ്ടമാകും. ലോകകപ്പില്‍ ബെല്‍ജിയത്തെ മുന്നില്‍ നിന്ന് നയിച്ചുകൊണ്ട് കൊംപാനി റയല്‍മാഡ്രിഡ് പോലുള്ള വമ്പന്‍ ക്ലബ്ബുകളുടെ ടാര്‍ഗറ്റാകാന്‍ പരിശ്രമിക്കും.
2004 ഫെബ്രുവരിയില്‍ പതിനേഴാം വയസില്‍ കൊംപാനി ബെല്‍ജിയത്തിനായി അരങ്ങേറി. ഫ്രാന്‍സിനെതിരെ അന്ന് കളിക്കാനിറങ്ങുമ്പോള്‍ ലോകഫുട്‌ബോളിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ ഗത്തിലേക്ക് കൊംപാനിയും ഓടിക്കയറി. 2008 ബെല്‍ജിയം ഒളിമ്പിക്‌സിനുള്ള ടീമില്‍ ഇടം പിടിച്ചു.
ബ്രസീലിനെതിരെ ആദ്യ മത്സരത്തില്‍ കൊംപാനി റെഡ് കാര്‍ഡ് കണ്ടു. ടീം തോല്‍ക്കുകയും ചെയ്തു.
2009 ല്‍ കോച്ച് ഡിക്ക് അഡ്വക്കറ്റ് അച്ചടക്കലംഘനത്തിന് കൊംപാനിയെ പുറത്താക്കി. 2010 ല്‍ തിരിച്ചെത്തിയ കൊംപാനി ബള്‍ഗേറിയക്കെതിരെ സൗഹൃദ മത്സരത്തില്‍ തൊണ്ണൂറാം മിനുട്ടില്‍ ബെല്‍ജിയത്തിന് വിജയഗോളടിച്ച് ഹീറോയായി.ഇത്തവണ പ്രീമിയര്‍ ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീട ജയമുറപ്പിച്ച അവസാന മത്സരത്തില്‍ വെസ്റ്റ് ഹാമിനെതിരെയും കൊംപാനി ഗോള്‍ നേടി. സീസണില്‍ സിറ്റിയുടെ അവസാന ഗോള്‍. കിരീടത്തില്‍ സിറ്റിയുടെ അവസാന മുദ്ര പതിപ്പിച്ച് ബെല്‍ജിയം താരം വിക്ടറി സ്റ്റാന്‍ഡില്‍ അജയ്യനായി നിന്നു.

---- facebook comment plugin here -----

Latest