Connect with us

Kannur

കേരളത്തില്‍ ഇനി ഇ- ഹെല്‍ത്ത്

Published

|

Last Updated

കണ്ണൂര്‍: ആരോഗ്യ പരിപാലനരംഗത്തെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കേരളത്തിലും ഇനി ഇ ഹെല്‍ത്ത് വരുന്നു. ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ അഭാവം പരിഹരിക്കാനും ആരോഗ്യ വിവരങ്ങളുടെ പരിപാലത്തിനും സുരക്ഷിത കൈമാറ്റത്തിനുമെല്ലാമായാണ് രാജ്യത്താദ്യമായി കേരളത്തില്‍ സമഗ്ര ആരോഗ്യ വിവരസാങ്കേതികവിദ്യ നടപ്പാക്കുന്നത്.
വിവര സാങ്കേതികവിദ്യാ മേഖലയില്‍ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമെന്ന നിലയിലാണ് കേന്ദ്ര പദ്ധതിയായി ഇ ഹെല്‍ത്ത് കേരളത്തിലും പ്രയോഗത്തില്‍ വരുത്തുന്നത്. ഇലക്‌ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ്‌സ്, ടെലി മെഡിസിന്‍, ഹെല്‍ത്ത് നോളഡ്ജ് റിസോഴ്‌സസ്, ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഇലേണിംഗ്, ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്‌സ് തുടങ്ങിയ ഐ ടി അധിഷ്ഠിത സേവനസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് ആരോഗ്യ വിവരസാങ്കേതികവിദ്യയിലൂടെ ചെയ്യുക.ആരോഗ്യരംഗത്തെ വിവിധ വിവരങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് ശേഖരിക്കുകയും അപഗ്രഥിക്കുകയും വീണ്ടെടുക്കുകയും പങ്കുവെക്കുകയും ഉപയോഗിക്കുകയും ചെയ്യാന്‍ ഇഹെല്‍ത്തിലൂടെ സാധിക്കും.കേരളത്തില്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതിലും പകര്‍ച്ചവ്യാധികളും മാറാരോഗവും പിടിപെട്ടവരുടെ പരിചരണത്തിലും അവര്‍ക്ക് ലഭിക്കേണ്ടതിന്റെ മൂന്നില്‍ രണ്ട് പരിചരണം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ത്തന്ന പകര്‍ച്ചവ്യാധിബാധിതര്‍ക്കും മാറാരോഗികള്‍ക്കും നല്‍കുന്ന പരിചരണം വലിയൊരളവ് വരെ ഫലവത്താകാറില്ലെന്നും സൂചിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലെല്ലാം ഇ ഹെല്‍ത്ത് ഉപയോഗിച്ച് രോഗികളുടെ സുരക്ഷ കാര്യക്ഷമമായി ഉറപ്പുവരുത്താനാകുമെന്നാണ് കണക്കാക്കുന്നത്.
ഇ ഹെല്‍ത്തിലെ പ്രധാന വിഭാഗങ്ങളിലൊന്നാണ് ഇലക്ട്രോണിക്‌സ് മെഡിക്കല്‍ റെക്കോര്‍ഡ്‌സ് എന്നത്. ഇത് പ്രകാരം ഡോക്ടറുടെ കുറിപ്പടി, ലാബ് പരിശോധന ഫലങ്ങള്‍, രോഗിയുടെ വിവരങ്ങള്‍, മേല്‍വിലാസം, മുന്‍കാല ആരോഗ്യവിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കും. ഒരു ഡോക്ടറില്‍ നിന്ന് വിദഗ്ധനായ മറ്റൊരു ഡോക്ടറിലേക്ക് വളരെയെളുപ്പത്തില്‍ സുരക്ഷിതമായി വിവരങ്ങള്‍ കൈമാറുകയും ഡോക്ടര്‍മാര്‍ തമ്മില്‍ രോഗ വിവരത്തെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്യും. രോഗിക്ക് വേണ്ട ചികിത്സ പെട്ടെന്ന് തന്നെ നല്‍കാനും കഴിയും. ഇലക്ട്രോണിക്‌സ് ഹെല്‍ത്ത് റെക്കോര്‍ഡ്‌സ് എന്ന മറ്റൊരു സംവിധാനമുപയോഗിച്ച് രോഗി ആശുപത്രിയിലെത്തുന്നതില്‍ മുമ്പ് തന്നെ മുന്‍കാല രോഗവിവരങ്ങളെക്കുറിച്ചും ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചുമെല്ലാം ഡോക്ടര്‍മാര്‍ക്ക് മനസിലാക്കാനാകും. കൂടാതെ രോഗിയുടെ സന്ദര്‍ശന സമയത്ത് തന്നെ മരുന്നുകള്‍ കുറിക്കാനും സാധിക്കും.
മരുന്നുകളുടെ കുറിപ്പടികള്‍ ഡോക്ടറില്‍ നിന്ന് നേരിട്ട് ഫാര്‍മസിയിലേക്ക് ഇലക്ട്രോണിക് രൂപത്തില്‍ കൈമാറ്റം ചെയ്യാനാകുന്ന ഇലക്ട്രോണിക് പ്രിസ്‌കൈബിംഗ് രീതിയും ഇ ഹെല്‍ത്തിലുണ്ട്. ഡോക്ടര്‍ക്ക് രോഗികളുടെ മരുന്ന് കുറുപ്പടികളെ തന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യാനാകും. മരുന്നുകളുടെ നിലവാരം, പാര്‍ശ്വഫലങ്ങള്‍ എന്നിവ കുറിപ്പ് നല്‍കുന്ന സമയത്ത് തന്നെ മനസ്സിലാക്കാനാകും.
രോഗികള്‍ സ്വന്തമായി കൈകാര്യം ചെയ്യുകയും പുതുക്കുകയും ചെയ്യുന്ന പേഴ്‌സണല്‍ ഹെല്‍ത്ത് റെക്കോഡ്‌സാണ് ഇഹെല്‍ത്തിലെ മറ്റൊരു പ്രധാന സവിശേഷത. മുന്‍രോഗ വിവരങ്ങള്‍, രക്തസമ്മര്‍ദം, പഞ്ചസാരയുടെ അളവ്, ഭക്ഷണക്രമം, ഹൃദയമിടിപ്പ് തുടങ്ങിയ വിവരങ്ങളെ ആരോഗ്യ പരിപാലകര്‍ക്ക് കാണാനും മറ്റും പേഴ്‌സണല്‍ ഹെ ല്‍ത്ത് റെക്കാര്‍ഡ്‌സിലൂടെ സാധിക്കും. മൊബൈല്‍ ഹെല്‍ത്ത് എന്ന മറ്റൊരു രീതിയിലൂടെ മൊബൈല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് രോഗികളുടെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കാനും അപഗ്രഥിക്കാനുമാകും. വിദൂരസ്ഥലങ്ങളിലുള്ള രോഗികള്‍ക്ക് ക്ലിനിക്കല്‍ ആരോഗ്യപരിചരണം സാധ്യമാക്കുന്ന ടെലിമെഡിസിന്‍ സംവിധാനവും ഇ ഹെല്‍ത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വിദേശത്തുള്ള ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി വിവിധ ചികിത്സകള്‍ക്ക് ഇതിലൂടെ തേടാനാകും. വന്‍ സാധ്യതകളുള്ളതും ഒരേ സമയം പാവപ്പെട്ടവന് ഏറ്റവും ഗുണകരമാവുകയും ചെയ്യുന്ന ഇ ഹെല്‍ത്ത് പദ്ധതി മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലുമാണ് നടപ്പാക്കുക. രണ്ട് വര്‍ഷം മുമ്പ് ആരോഗ്യ വകുപ്പ് നല്‍കിയ അപേക്ഷ പ്രകാരം പദ്ധതിയുടെ പ്രാരംഭ ചെലവിനായി 86 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ പദ്ധതിക്ക് വേണ്ടി നീക്കിവെച്ചിട്ടുണ്ട്.
രണ്ട് വര്‍ഷത്തിനകം സംസ്ഥാനത്താകെ ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കാനാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിച്ചിട്ടുള്ളത്. വരുന്ന ജൂലൈയില്‍ സോഫ്റ്റ്‌വെയറുകള്‍ക്ക് വേണ്ട ടെണ്ടര്‍ നടപടി പൂര്‍ത്തിയാകും. തുടര്‍ന്ന് മാര്‍ച്ചോടെ 11 ആശുപത്രികളില്‍ ആദ്യ ഘട്ടമെന്ന നിലയില്‍ ഇ ഹെല്‍ത്ത് നടപ്പാക്കും.
ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരും വിവിധ ജീവനക്കാരും ഐ ടി പ്രൊഫഷണലുകളും അടങ്ങുന്ന ഒരു സംഘമാണ് നിലവില്‍ ഇ ഹെല്‍ത്തിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നത്. ആരോഗ്യമേഖലയില്‍ പുതിയ മാറ്റത്തിന് വഴിതുറക്കുന്ന വിവരസാങ്കേതികവിദ്യാവത്കരണം സംസ്ഥാനത്ത് നടപ്പാക്കുന്നതോടെ കേരളം ലോകത്തിന് തന്നെ ആരോഗ്യമേഖലയില്‍ പുതിയ മാതൃകയായി മാറും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest