ആറന്മുള പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം

Posted on: May 29, 2014 6:00 am | Last updated: May 29, 2014 at 1:33 am

SIRAJ.......നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തെക്കുറിച്ചു കോണ്‍ഗ്രസിലും യു ഡി എഫിലും വിവാദം തുടരവേ, വിമാനത്താവളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ചെന്നൈ ബഞ്ച് റദ്ദാക്കിയിരിക്കയാണ്. പദ്ധതി നടപ്പാക്കിയാല്‍ പരിസ്ഥിതി ആഘാതമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച ട്രൈബ്യൂണല്‍, വിമാനത്താവളം സര്‍ക്കാര്‍ നയമായതിനാല്‍ ട്രൈബ്യൂണലിന് ഇടപെടാന്‍ അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി നിരാകരിക്കുകയും പദ്ധതി പ്രദേശത്ത് വിമാനത്താവളവുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്ത രുതെന്ന് പദ്ധതിയുടെ സംരംഭകരായ കെ ജി എസ് ഗ്രൂപ്പിന് നിര്‍ദേശം നല്‍കുകയുമുണ്ടായി.
2005 ല്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് ചില നിബന്ധനകളോടെ ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് പദ്ധതി പ്രദേശത്തെ 500 ഹെക്ടര്‍ സ്ഥലം വ്യവസായ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. വിമാനത്താവളത്തിന് നിര്‍ദേശിച്ച സ്ഥലം പാരിസ്ഥിതിക പ്രാധാന്യമുള്ളതായതിനാല്‍ പരിസ്ഥിതി പ്രവര്‍ത്തകരും സ്ഥലത്തെ കര്‍ഷകരും തുടക്കം മുതലേ പദ്ധതിക്കെതിരായി രംഗത്തു വന്നിരുന്നു. പിന്നീട് കെ ജി എസ് ഗ്രൂപ്പ് നിബന്ധനകള്‍ പാലിച്ചില്ലെന്നാരോപിച്ചു എല്‍ ഡി എഫും പദ്ധതിക്കെതിരായി. എന്നാല്‍ 2011ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ എതിര്‍പ്പുകള്‍ അവഗണിച്ചു വിമാനത്താവള നിര്‍മാണവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. 2012 ആഗസ്റ്റ് 17ന് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചത് യു ഡി എഫ് സര്‍ക്കാറിന്റെ ശ്രമഫലമായാണ്. കെ ജി എസ് കമ്പനിക്ക് ഭൂമി ലഭ്യമാക്കാന്‍ ചട്ടവിരുദ്ധമായ നീക്കങ്ങളും സര്‍ക്കാറിന്റെ ഒത്താശയോടെ നടന്നു.
വിമാനക്കമ്പനി ഭൂമി രജിസ്റ്റര്‍ ചെയ്തത് ഭൂപരിഷ്‌കരണ നിയമങ്ങള്‍ ലംഘിച്ചും പോക്കുവരവ് നടത്തിയത് ചട്ടവിരുദ്ധമായും ആണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. പോക്കുവരവ് ചെയ്ത് നല്‍കാനാകില്ലെന്ന് കാണിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പോക്കുവരവ് ചെയ്തു കെ ജി എസ് ഗ്രൂപ്പിന് ഭൂമി നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കുകയാണുണ്ടായത്. വിമാനത്താവളത്തിന്റെ അനുമതിക്കായി കമ്പനി സമര്‍പ്പിച്ച വിന്‍ഡ് ചാര്‍ട്ടും കൃത്രിമമായിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയതെന്ന് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പാര്‍ലിമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കണ്ടെത്തുകയും പദ്ധതി ഉപേക്ഷിക്കണമെന്ന് കമ്മിറ്റി ശിപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.
എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി വിമാനത്താവള നിര്‍മാണത്തിന് സര്‍ക്കാര്‍ താത്പര്യമെടുക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ജനങ്ങള്‍ക്ക് വേണ്ടിയല്ല, കെ ജി എസ് ഗ്രൂപ്പിന്റെ ബിസിനസ് താത്പര്യങ്ങള്‍ക്കു വേണ്ടിയാണെന്നാണ് ശാസ്താംകോട്ടയില്‍ നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ വി എം സുധീരന്‍ പറഞ്ഞത്. നിര്‍ദിഷ്ട വിമാനത്താവളം ലാഭകരമായി നടത്തിക്കൊണ്ടു പോകാന്‍ സാധ്യമല്ലെന്നിരിക്കെ പദ്ധതിക്കു പിന്നില്‍ മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോണും തിങ്കളാഴ്ച ഒരു പൊതുപരിപാടിയില്‍ ആരോപിക്കുകയുണ്ടായി. പദ്ധതിക്ക് അനുമതി നല്‍കിയത് യു പി എ സര്‍ക്കാറാണെങ്കിലും അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെറ്റായ വിവരങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി തിരുവഞ്ചൂരും പറയുന്നു. ഭരണപക്ഷത്ത് നിന്നുള്ള ഇത്തരം വിമര്‍ശങ്ങള്‍ക്കു പുറമെ ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കുക കൂടി ചെയ്തതോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പദ്ധതി അനുകൂല വിഭാഗം കളം മാറിയേക്കുമെന്നാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. വിമാനത്താവളം കെ ജി എസ് ഗ്രൂപ്പിന്റെ സ്വകാര്യ സംരംഭമായതിനാല്‍ ട്രൈബ്യൂണല്‍ വിധി സര്‍ക്കാറിനെതിരല്ലെന്നും ഇത് സര്‍ക്കാറിന്റെ പരാജയമായി വ്യാഖ്യാനിക്കാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രി കെ ബാബുവിന്റെയും പ്രതികരണം. ഏതായാലും ട്രൈബ്യുണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ മുന്നണിയിലും കോണ്‍ഗ്രസിലും പദ്ധതിക്കെതിരായ വികാരം വരും നാളുകളില്‍ ശക്തമാകും. അതോടെ ഈ സംരംഭത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുമെന്ന പ്രതീക്ഷയിലാണ് പദ്ധതി പ്രദേശത്തെ ജനങ്ങളും സമര സമിതിയും.

ALSO READ  പോലീസ് പെരുമാറ്റച്ചട്ടത്തെക്കുറിച്ച് തന്നെ