കിഴക്കന്‍ ഉക്രൈനില്‍ സൈനിക നടപടി; അമ്പതിലേറെ വിമതര്‍ കൊല്ലപ്പെട്ടു

Posted on: May 28, 2014 6:00 am | Last updated: May 28, 2014 at 12:40 am
download (1)
ഡൊണേറ്റ്‌സ്‌കില്‍ വിമാനത്താവളത്തിനടുത്തുള്ള പോലീസ് ചെക്ക് പോയിന്റ്
ലക്ഷ്യമാക്കി കുതിക്കുന്ന റഷ്യന്‍ അനുകൂല വിമത സൈനികര്‍

ഡൊണേറ്റ്‌സ്‌ക്: കിഴക്കന്‍ ഉക്രൈനിലെ ഡൊണേറ്റ്‌സ്‌കിലെ സൈനിക നടപടിയില്‍ അമ്പതിലേറെ റഷ്യന്‍ അനുകൂല വിമതര്‍ കൊല്ലപ്പെട്ടു. പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടതിന്റെ രണ്ടാം ദിനമാണ് സൈനിക നടപടിയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം വിമതര്‍ പിടിച്ചെടുത്ത ഡൊണേറ്റ്‌സ്‌ക് വിമാനത്താവളം സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്.
തങ്ങളുടെ അമ്പതിലേറെ പോരാളികള്‍ കൊല്ലപ്പെട്ടതായി സ്വയം പ്രഖ്യാപിത സര്‍ക്കാറായ ഡൊണേറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ബൊറോദയ് പറഞ്ഞു. പുതിയ പ്രസിഡന്റായി പ്രമുഖ വ്യവസായി പെഡ്രോ പൊറോഷെങ്കോ തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സൈന്യം വ്യോമാക്രമണം തുടങ്ങിയത്. 54 ശതമാനത്തിലേറെ വോട്ട് നേടിയാണ് അദ്ദേഹത്തിന്റെ വിജയം. 21 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ ആവശ്യപ്പെട്ടു.
അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന പതിനായിരക്കണക്കിന് റഷ്യന്‍ സൈനികര്‍ അധിനിവേശം നടത്തുമോയെന്ന ഭയമുള്ളതിനാല്‍ വിമതരെ നേരിട്ട് ആക്രമിക്കുന്ന രീതിയല്ല ഉക്രൈന്‍ സൈനികര്‍ സ്വീകരിച്ചത്. തിങ്കളാഴ്ച ഡൊണേറ്റ്‌സ്‌ക് വിമാനത്താവളം പിടിച്ചെടുത്തതായി വിമതര്‍ പ്രഖ്യാപിച്ച ഉടനെ പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളുമായി സൈന്യം ആക്രമണം നടത്തുകയായിരുന്നു. രാത്രിയിലുടനീളം വെടിവെപ്പുണ്ടായിരുന്നു. വിമാനത്താവളത്തിലേക്കുള്ള ഹൈവേയില്‍ വിമതരുടെ ട്രക്ക് മെഷീന്‍ഗണ്‍ ആക്രമണത്തിലൂടെ തകര്‍ത്തു. ഇവിടെ റോഡില്‍ ചോരപ്പുഴ തന്നെയുണ്ടായി. ഇവിടെ ഒരു ഐസ് ഹോക്കി സ്റ്റേഡിയത്തിന് തീവെച്ചിട്ടുണ്ട്. വിമാനത്താവളം പൂര്‍ണമായും നിയന്ത്രണത്തിലായതായി ആഭ്യന്തര മന്ത്രി ആഴ്‌സന്‍ അവാകോവ് പറഞ്ഞു. ഉക്രൈനില്‍ ഒരു തീവ്രവാദിയും ഇല്ലാതാകുന്നത് വരെ പോരാട്ടം തുടരുമെന്ന് പ്രഥമ ഉപ പ്രധാനമന്ത്രി വിതാലി യാരേമ പറഞ്ഞു.