Connect with us

Editorial

കൂട്ട ആത്മഹത്യാ പ്രവണത

Published

|

Last Updated

കേരളത്തില്‍ കൂട്ട ആത്മഹത്യകള്‍ വര്‍ധിച്ചു വരികയാണ്. തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ഈ മാസം ഒന്‍പതിന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തിന് പിന്നാലെ ചൊവ്വാഴ്ച മറ്റൊരു അഞ്ചംഗ കുടംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ഞായറാഴ്ച ഗുരുവായൂരില്‍ കൂട്ടുകാരികളായ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പന്ത്രണ്ട് കൂട്ട ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഈ വര്‍ഷം എണ്ണം കുത്തനെ ഉയരുമെന്നാണ് മേല്‍ സംഭവങ്ങള്‍ നല്‍കുന്ന സൂചന. ദേശീയ ്രൈകം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ചു ആത്മഹത്യാ നിരക്കില്‍ കേരളം നാലാം സ്ഥാനത്താണ്.
വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും മുന്നിലെന്ന് അഭിമാനം കൊള്ളുന്ന മലയാളികളില്‍ എന്തുകൊണ്ടാണ് ആത്മഹത്യാ പ്രവണത പെരുകുന്നത്? സാമ്പത്തിക ഞെരുക്കം, കുടുംബ പ്രശ്‌നങ്ങള്‍, മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം, പഠന സമ്മര്‍ദം, പ്രേമനൈരാശ്യം തുടങ്ങി നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും മുഖ്യകാരണം കുടുംബ പ്രശ്‌നങ്ങളാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. വിവാഹിതരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ 70. 3 ശതമാനവും. ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേട്, ഭര്‍ത്തൃഭവനത്തിലെ സ്‌നേഹരഹിതമായ പെരുമാറ്റം, പീഡനം, ലൈംഗിക പരാജയം, സംശയ രോഗം, വിവാഹേതര ബന്ധങ്ങള്‍, കുടുംബ ശൈഥില്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ പലരെയും മാനസിക പിരിമുറക്കത്തിനും വിഷാദ രോഗത്തിനും വിധേയരാക്കുകയും ഒടുവില്‍ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു. പരസ്പര വിശ്വാസവും സ്‌നേഹവും കൂട്ടായ്മയും വിട്ടുവീഴ്ചാ മനോഭവവും നിലനില്‍ക്കുമ്പോഴാണ് കെട്ടുറപ്പുള്ള ദാമ്പത്യ ബന്ധവും കുടുംബവുമുണ്ടാകുന്നത്. ദമ്പതികള്‍ ഇരുവരും ജോലിക്ക് പോകുകയും ഒഴിവ് വേളകള്‍ ടി വിക്ക് മുമ്പില്‍ ചെലവിടുകയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ മുഴുകുകയും ചെയ്യുന്ന ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ആശയവിനിമയം നടത്താനോ പ്രാരാബ്ധങ്ങളും പ്രയാസങ്ങളും മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിച്ചു മാനസിക സമ്മര്‍ദത്തിനയവ് വരുത്താനോ ആര്‍ക്കും നേരമില്ല. സ്വ ന്തം താത്പര്യങ്ങളിലും സൗകര്യങ്ങളിലും മാത്രമാണ് എല്ലാവര്‍ക്കും ശ്രദ്ധ. ഇതിനിടയില്‍ മാതാപിതാക്കളും മക്കള്‍ പോലും അധികപ്പറ്റായിത്തീരുന്നു. സംസ്ഥാനത്ത് വൃദ്ധസദനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണല്ലോ.
ചാനലുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളും ആശയവിനിമയ മേഖലയില്‍ വന്‍ പുരോഗതിയാണ് സൃഷ്ടിച്ചതെങ്കിലും മാനുഷിക ബന്ധങ്ങളില്‍ അവയുണ്ടാക്കിയ വിള്ളലുകള്‍ ആഴമേറിയതാണ്. ഭര്‍ത്താവുമായും ഭാര്യയുമായും മാതാപിതാക്കളുമായും പങ്ക് വെക്കേണ്ട കുടുംബകാര്യങ്ങള്‍ പോലും ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തിയുമായി പങ്ക് വെക്കുന്ന ദുരവസ്ഥയിലേക്കാണ് ഇവ സമൂഹത്തെ എത്തിക്കുന്നത്. ഗുരുതരമാണ് ഇതിന്റെ അനന്തരഫലം. തിരിച്ചു കയറാന്‍ പറ്റാത്ത വിധം വന്‍ ചതിക്കുഴികളിലാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപഭോക്താക്കള്‍ പലപ്പോഴും ചെന്നുവീഴുന്നത്. യുവ, കൗമാര പ്രായക്കാരിലെ ആത്മഹത്യകളിലും ഒളിച്ചോട്ടങ്ങളിലും കുടുബശൈഥില്യത്തിലും ഇവയുടെ പങ്ക് വലുതാണ്.
സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യകളുടെ മറ്റൊരു കാരണം. തിരുവനന്തപുരം കിഴക്കേമൂലയില്‍ അഞ്ചംഗ കുടുംബത്തിന്റ ആത്മഹത്യക്ക് പിന്നില്‍ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് ബ്ലേഡ് മാഫിയുടെ കെണിയില്‍ അകപ്പെട്ടതായിരുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ വര്‍ധിച്ചു വരുന്ന ജീവിതച്ചെലവുകളുടെയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളുടെയും മുമ്പില്‍ സാധാരണക്കാരനും കര്‍ഷകനും പകച്ചു നില്‍ക്കേണ്ട അവസ്ഥയാണ്. വേണ്ടത്ര ആലോചിക്കാതെ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതും പെട്ടെന്ന് പണം സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ നിക്ഷേപങ്ങള്‍ നടത്തി തട്ടിപ്പിനിരയാകുന്നതും വരവിനനുസൃതമല്ലാതെ ചെലവ് ചെയ്യുന്നതും പലരെയും കടക്കെണിയിലേക്കു തള്ളിവിടാറുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതിന് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മനോധൈര്യം നല്‍കാന്‍ സഹായകമായ ബോധവത്കരണമാണ് ആത്മഹത്യയെന്ന സാമൂഹിക വിപത്തിനെ തടയാനുള്ള മാര്‍ഗങ്ങളില്‍ മുഖ്യം. സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും കൂട്ടായ യത്‌നത്തിലൂടെ മാത്രമേ ഇത് സാധ്യമാകുകയുള്ളു. കച്ചവട താത്പര്യം മുന്‍നിര്‍ത്തി കുടുംബ ജീവിതത്തിലെ നിസ്സാര പ്രശ്‌നങ്ങള്‍ പോലും പര്‍വതീകരിച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രവണത അവസാനിപ്പിച്ചു, ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ സഹായകമായ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കുകയാണ് ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും ഈ രംഗത്ത് ചെയ്യാന്‍ കഴിയുന്ന സേവനം.

Latest