ഈജിപ്തില്‍ തിരഞ്ഞെടുപ്പ് സമാധാനപൂര്‍ണം; രംഗത്തുനിന്നു മാറി ബ്രദര്‍ഹുഡ്‌

Posted on: May 27, 2014 1:03 am | Last updated: May 27, 2014 at 1:03 am
EGYPT_ELECTIONS_1914855g
ഈജിപ്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ ചിത്രം റബ്ബര്‍ കൊണ്ട് നിര്‍മിച്ച പിരമിഡില്‍ ആലേഖനം ചെയ്തിരിക്കുന്നു

കയ്‌റോ: ഈജിപ്തില്‍ പുതിയ പ്രസിഡന്റിനു വേണ്ടിയുള്ള വോട്ടെടുപ്പ് സമാധാനപരമായി അവസാനിച്ചു. ഇസ്‌ലാമിസ്റ്റ് നേതാവ് മുഹമ്മദ് മുര്‍സിക്കെതിരെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ അധികാരം പിടിച്ചെടുത്ത മുന്‍ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ സീസി തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അറബ് രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച മുല്ലപ്പൂ വിപ്ലവത്തിനൊടുവിലാണ് മുര്‍സി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നത്. എന്നാല്‍ ഭരണ രംഗത്ത് പരാജയപ്പെട്ട ഇദ്ദേഹത്തിനെതിരെ ഈജിപ്തിലെ ജനങ്ങള്‍ തെരുവിലിറങ്ങുകയും അവസാനം ഭരണം അല്‍ സീസിയുടെ നേതൃത്വത്തിലുള്ള പട്ടാളം പിടിച്ചടക്കുകയുമായിരുന്നു.
ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. തങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ അംഗീകരിക്കുകയില്ലെന്നാണ് അവരുടെ നിലപാട്. കൈറോയിലെ വോട്ടെടുപ്പ് കേന്ദ്രത്തിലെത്തി അല്‍ സീസി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര നിരീക്ഷകരും ഈജിപ്തിലെ വിവിധ ഗ്രൂപ്പുകളുമാണ് തിരഞ്ഞെടുപ്പിനെ നിയന്ത്രിച്ചിരുന്നത്. ആയിരക്കണക്കിന് പോലീസുകാരെയും സുരക്ഷാ സൈനികരെയും വോട്ടെടുപ്പ് സുഗമമാക്കുന്നതിന്റെ ഭാഗമായി വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വിന്യസിച്ചിരുന്നു.
സീസിക്കെതിരെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ രംഗത്തുള്ളത് സബാഹി ആണ്.