Connect with us

Malappuram

ഒമാന്‍ യുവാവിന്റെ ആമാശയത്തില്‍ നിന്ന് രണ്ട് കത്തി പുറത്തെടുത്തു

Published

|

Last Updated

moulana photo

മലപ്പുറം: ഒമാന്‍ സ്വദേശിയായ 29 കാരനായ മുഹമ്മദ് സുല്‍ത്താന്‍ സലീമിന്റെ ആമാശയത്തില്‍ നിന്നും 12 സെന്റീമീറ്ററും ഒന്‍പത് സെന്റിമീറ്ററും നീളമുള്ള രണ്ട് കത്തികളും എട്ട് സെന്റിമീറ്ററും 10 സെന്റിമീറ്ററും നീളമുള്ള രണ്ട് പ്ലാസ്റ്റിക് പിടികളും പുറത്തെടുത്തു. മൂന്ന് ഇരുമ്പാണികളും ചെറുകമ്പികളും ചെറുകുടല്‍ ഭാഗത്തേക്ക് കടന്നിരിക്കുകയായിരുന്നു.
വിശപ്പില്ലായ്മയും വയറുവേദനയുമാണ് ഒമാന്‍ അല്‍ ഹാഷ്മി ഇബ്ര സ്വദേശി സുല്‍ത്താന്‍ സലീമിനുണ്ടായിരുന്ന അസുഖം. മുഹമ്മദ് സുല്‍ത്താന്‍ സലീം മാതാപിതാക്കളോടൊപ്പം പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ഹോള്‍ബോഡി ചെക്കപ്പിനായാണ് എത്തിയത്. എക്‌സറേ പരിശോധനയില്‍ ആമാശയത്തില്‍ രണ്ട് വലിയ കത്തികളും മൂന്ന് ഇരുമ്പാണികളും മറ്റും കണ്ടെത്തി.
തുടര്‍ന്ന് വീഡിയോ ഗ്യാസ്‌ട്രോ സ്‌കോപ്പിയിലൂടെ സ്‌നെയര്‍ ഉപയോഗിച്ച് കത്തികള്‍ പുറത്തെടുക്കുവാന്‍ ശ്രമിച്ചെങ്കിലും രണ്ട് കത്തികളുടെ പിടിഭാഗങ്ങള്‍ മാത്രമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. കത്തികളുടെ മൂര്‍ച്ചയേറിയ ഭാഗം ആമാശയ ഭിത്തിയില്‍ വിലങ്ങനെ കിടക്കുന്നതുമൂലം ആന്തരിക ഭാഗങ്ങള്‍ മുറിയാതെ എടുക്കുവാന്‍ കഴിഞ്ഞില്ല. ഡോ. മുഹമ്മദ് ഇസ്മാഈലും സംഘവും താക്കോല്‍ പഴുത് ശസ്ത്രക്രിയയയിലൂടെ രണ്ട് കത്തികളും പുറത്തെടുക്കുകയായിരുന്നു.
ഇരുമ്പാണികളും വയറുകളും മറ്റും മല വിസര്‍ജ്യത്തിലൂടെ പുറന്തള്ളുമെന്ന് ഡോ.മുഹമ്മദ് ഇസ്മാഈല്‍ പറഞ്ഞു. ശസ്ത്രക്രിയയില്‍ ചീഫ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ.ശശിധരനെ കൂടാതെ സര്‍ജന്മാരായ ഡോ.മഹേഷ്, ഡോ.ഹാഫിസ്, ഡോ.ശരീഫ് എന്നിവരും ഡോ.മുഹമ്മദ് ഇസ്മാഈലിനോടൊപ്പം പങ്കെടുത്തു. രണ്ട് ദിവസങ്ങള്‍ക്കകം മുഹമ്മദ് സുല്‍ത്താന്‍ സലീമിന് നാട്ടിലേക്ക് മടങ്ങാം.

---- facebook comment plugin here -----

Latest