Connect with us

Editorial

പിഞ്ചുകുഞ്ഞിന്റെ ആകാശയാത്ര

Published

|

Last Updated

പ്രശസ്തിക്കും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഏതു മാര്‍ഗവും സ്വീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. വികലമായ ഈ മനോഗതിയുടെ ഇരയാണ് നിയാ നിസാമെന്ന പതിനൊന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ്. മുഴപ്പിലങ്ങാട് ബീച്ചില്‍ ബുധനാഴ്ച നടന്ന പാരാസെയിലിംഗിന് ഈ കുഞ്ഞ് വിധേയമാക്കപ്പെടുകയുണ്ടായി. 15 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെ മാത്രമേ പാരാസെയിലിംഗില്‍ പങ്കെടുപ്പിക്കാവൂ എന്ന് നിയമം അനുശാസിക്കെ ഒരു ഇളംപൈതലിനെ അതിനുപയോഗപ്പെടുത്തിയതിന് പിന്നിലെ ചേതോവികാരം സമൂഹത്തിന്റ ശ്രദ്ധ നേടാനുള്ള മാതാപിതാക്കളുടെയും സംഘാടകരുടെയും ത്വരയാണെന്ന് വ്യക്തം.
രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സ്‌നേഹവും വാത്സല്യവും അര്‍ഹിക്കുന്ന പ്രായമാണ് ശൈശവം. മാനസികമായോ ശാരീരികമായോ നൊമ്പരപ്പെടുത്താതെയും പൂര്‍ണ സുരക്ഷാ ബോധം നല്‍കിയും കുഞ്ഞുങ്ങളെ വളര്‍ത്തേണ്ട ഈ പ്രായത്തിലാണ് ഭയപ്പെട്ടു കരഞ്ഞിട്ടും വകവെക്കാതെ നിയാ നിസാമെന്ന പെണ്‍കുഞ്ഞിനെ തനിയെ മാതാപിതാക്കള്‍ സാഹസിക വിനോദത്തിന് വിട്ടുകൊടുത്തത്. കുഞ്ഞുമനസ്സുകളില്‍ കടുത്ത ആഘാതമേല്‍പ്പിക്കാനും ഭാവിയില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉടലെടുക്കാനും ഇത്തരം ക്രൂരവിനോദങ്ങള്‍ ഇടയാക്കിയേക്കുമെന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. പ്രത്യാഘാതങ്ങളെക്കുറിച്ചറിയാതെയാണ് കുഞ്ഞിനെ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാലും കുഞ്ഞ് വാവിട്ടു കരഞ്ഞിട്ടും മാതൃത്വവും പിതൃത്വവും ഉണരാത്തവിധം വേരുറക്കുന്ന പൊങ്ങച്ച ഭാവങ്ങളെ ഒരു വിധേനയും ന്യായീകരിക്കാനാകില്ല.
ഒറ്റപ്പെട്ട സംഭവമല്ലിത്. മാതാപിതാക്കളുടെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന പ്രവണത സമൂഹത്തില്‍ വ്യാപകമാണ്. ഉയര്‍ന്ന പ്രൊഫഷനല്‍ ബിരുദവും, കലാമത്സരങ്ങളില്‍ എ ഗ്രേഡും കരസ്ഥമാക്കാനും, റിയാലിറ്റി ഷോകളിലെ മികച്ച പ്രകടനത്തിനും മറ്റും പരിശീലിപ്പിച്ചെടുക്കാനുള്ള മാതാപിതാക്കളുടെ തത്രപ്പാടില്‍ കടുത്ത സമ്മര്‍ദവും പീഡനവും ഏല്‍ക്കേണ്ടി വരുന്ന കുട്ടികള്‍ നിരവധിയാണ്. കുട്ടികളുടെ മാനസിക ശേഷിയോ, വികാസമോ, സര്‍ഗ വാസനയോ, താത്പര്യമോ കണ്ടറിയാതെയും പരിഗണിക്കാതെയുമാണ് അവര്‍ എന്ത് പഠിക്കണമെന്ന് മാതാപിതാക്കള്‍ തീരുമാനിക്കുന്നത്. ഇത് പലപ്പോഴും കുട്ടികളെ അസ്വസ്ഥരാക്കുകയും മാനസിക പിരിമുറുക്കത്തിന് വിധേയമാക്കുകയും ചെയ്യുന്നു. ചെറുപ്പത്തിലെ പഠന തത്പരത പിന്നീട് ചില കുട്ടികളില്‍ നഷ്ടപ്പെടാനിടയാക്കുന്നത് രക്ഷിതാക്കളുടെ ഇത്തരം അടിച്ചേല്‍പ്പിക്കല്‍ പ്രവണത മൂലമാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ജനശ്രദ്ധ ആകര്‍ഷിക്കാനുളള അവസരമായാണ് റിയാലിറ്റിഷോകളിലെ സാന്നിധ്യത്തെ ആധുനിക സമൂഹം കാണുന്നത്. കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിലുപരി സമൂഹത്തിലെ അംഗീകാരത്തിനും പ്രശസ്തിക്കും വേണ്ടിയാണ് രക്ഷിതാക്കളില്‍ പലരും കുട്ടികളെ റിയാലിറ്റി ഷോക്കയക്കുന്നത്. കുട്ടിപ്രതിഭകള്‍ തമ്മിലുള്ള മാറ്റുരക്കലല്ല, ഏത് വിധേനയും വിജയം കൈവരിച്ചു സമൂഹത്തില്‍ പ്രശസ്തി നേടാനുളള ത്വരയാണിതിന് പിന്നിലെന്നതിനാല്‍ മത്സരാര്‍ഥികളായ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് വിധേയമാകുന്നു. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ടോ, എസ് എം എസ് സന്ദേശങ്ങളുടെ അപര്യാപ്തത മൂലമോ മത്സര വേദിയില്‍ പരാജിയരായാല്‍ മാതാപിതാക്കളില്‍ നിന്നേല്‍ക്കേണ്ടി വരുന്ന ശകാരവും പീഡനവും അതിരൂക്ഷമായിരിക്കും. പരാജിതര്‍ക്ക് വിധികര്‍ത്താക്കളില്‍ നിന്നും പരിഹാസവും അധിക്ഷേപവും കേള്‍ക്കേണ്ടി വരാറുണ്ട്. ബംഗാളിയായ ഷിഞ്ജിനി സെന്‍ഗുപ്ത എന്ന പതിനാറ് വയസ്സുകാരി ചലന ശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ട് ചെറുപ്പത്തിലേ ശയ്യാവംബിയായി തീര്‍ന്നത് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളുടെ അധിക്ഷേപത്തെ തുടര്‍ന്നാണല്ലോ.
നിയാ നിസാമിന്റെ പാരാസെയിലിംഗിനെ തുടര്‍ന്നുളവായ വിവാദം, മാതാപിതാക്കളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വേണ്ടി കുട്ടികളേല്‍ക്കേണ്ടി വരുന്ന പീഡനത്തിനും ക്രൂരതക്കുമെതിരെ അധികൃതരുടെയും സമൂഹത്തിന്റെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ശൈശവ, ബാല പീഡനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളും നിയമങ്ങളും നിലവിലുണ്ടെങ്കിലും അവക്കൊന്നും നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കാന്‍ കഴിഞ്ഞിട്ടില്ല. വീട്ടിലും, സ്‌കൂളിലും, പൊതുസ്ഥല ങ്ങളിലും, യാത്രകളിലുമെല്ലാം കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെങ്കില്‍ നിയമം കര്‍ക്കശമാക്കുന്നതോടൊപ്പം, കുട്ടികളുടെ അരക്ഷിത ബോധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു രക്ഷിതാക്കളെയും സമൂഹത്തെയും ബോധവാന്മാരാക്കാനുളള നടപടികളും ആവശ്യമാണ്.

Latest