Connect with us

National

ബീഹാറില്‍ ജനതാദള്‍ യു വിന് ആര്‍ ജെ ഡി പിന്തുണ

Published

|

Last Updated

പാറ്റ്‌ന: ബീഹാറില്‍ ജിതന്‍ റാം മഞ്ചിയുടെ നേതൃത്വത്തിലുള്ള ജനതാ ദള്‍ യുനൈറ്റഡ് സര്‍ക്കാറിന് പ്രതിപക്ഷ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദള്‍ പിന്തുണ പ്രഖ്യാപിച്ചു. ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ ജെ ഡിയുടെ പിന്തുണ സര്‍ക്കാറിന്റെ നിലനില്‍പ്പിന് അനിവാര്യമല്ലെങ്കില്‍ പോലും ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയ ജെ ഡി യുവിന് ആത്മവിശ്വാസം പകരാന്‍ ഇത് ഉപകരിക്കും. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് നിതീഷ് കുമാര്‍ രാജിവെച്ച ഒഴിവിലാണ് ജിതന്‍ റാം മുഖ്യമന്ത്രിയായത്.
ആര്‍ ജെ ഡി നിയമസഭാ കക്ഷി നേതാവ് അബ്ദുല്‍ ബാരി സിദ്ദീഖിയാണ് മഞ്ചി സര്‍ക്കാറിനെ പിന്തുണക്കുന്ന കാര്യം പ്രഖ്യാപിച്ചത്. നിയമസഭയില്‍ ഇന്നാണ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നത്. വോട്ടെടുപ്പില്‍ നിന്ന് ആര്‍ ജെ ഡി വിട്ടു നില്‍ക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. 237 അംഗ നിയമസഭയില്‍ ആര്‍ ജെ ഡിക്ക് 21 അംഗങ്ങളാണ് ഉള്ളത്(ആറ് അംഗങ്ങള്‍ രാജിവെച്ചിരുന്നു). ജെ ഡി യുവിന്റെ അംഗബലം 117 ആണ്. ബി ജെ പിക്ക് 88 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ നാലും സി പി ഐയുടെ ഒന്നും അംഗങ്ങളും രണ്ട് സ്വതന്ത്ര അംഗങ്ങളും മഞ്ചി സര്‍ക്കാറിനെ പിന്തുണക്കുന്ന കത്ത് നല്‍കിയിട്ടുണ്ട്.
“മഞ്ചി സര്‍ക്കാറിന് ഇപ്പോള്‍ തന്നെ ഭൂരിപക്ഷമുണ്ട്. അത്‌കൊണ്ട് ഞങ്ങളുടെ പിന്തുണ സര്‍ക്കാറിന്റെ നിലനില്‍പ്പ് സംബന്ധിച്ച് നിര്‍ണായകമല്ല. എന്നാല്‍ മഹാദലിത് വിഭാഗത്തില്‍ നിന്നുള്ള ജിതന്‍ റാമിന് പിന്തുണ നല്‍കുകയെന്നത് ഞങ്ങളുടെ രാഷ്ട്രീയ നിലപാടാണ്” – സിദ്ദീഖി പറഞ്ഞു. സാമൂഹിക സമത്വത്തിനായാണ് ആര്‍ ജെ ഡി നിലകൊള്ളുന്നത്. പാര്‍ട്ടിയുടെ രാഷ്ട്രീയ ശക്തി ഈ ലക്ഷ്യത്തിനായി വിനിയോഗിക്കുന്നതിന്റെ ഭാഗം കൂടിയാണ് മഞ്ചി സര്‍ക്കാറിനുള്ള പിന്തുണ. ബി ജെ പിയെയും ആര്‍ എസ് എസിനെയും പോലുള്ള വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗം കൂടിയാണ് അത്. എന്നാല്‍ ഈ പിന്തുണ എക്കാലത്തേക്കുമല്ല. സര്‍ക്കാറിന്റെ ഗുണദോഷങ്ങള്‍ ഭാവി തീരുമാനിക്കുമെന്നും ആര്‍ ജെ ഡി നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് ബി ജെ പിയുടെ ഉജ്ജ്വല വിജയിത്തിന്റെ പശ്ചാത്തലത്തില്‍ കാവിപ്പാര്‍ട്ടിയെ എതിര്‍ക്കുന്ന മുഴുവന്‍ പാര്‍ട്ടികളും കൈകോര്‍ക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന തരത്തിലാണ് ആര്‍ ജെ ഡിയുടെ പിന്തുണയെന്നത് ശ്രദ്ധേയമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40ല്‍ 22 സീറ്റാണ് ബി ജെ പി ഒറ്റക്ക് നേടിയത്. സഖ്യകക്ഷിയായ എല്‍ ജെ പി ആറും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി മൂന്നും സീറ്റുകള്‍ നേടി. ആര്‍ ജെ ഡി നാല് സീറ്റുകളിലാണ് ജയിച്ചത്. കോണ്‍ഗ്രസും ജെ ഡി യുവും രണ്ട് സീറ്റ് വീതവും എന്‍ സി പി ഒരു സീറ്റും നേടി.

Latest