പ്ലസ് ടു അധിക ബാച്ചുകള്‍ക്കായി സംസ്ഥാന വ്യാപകമായി അപേക്ഷ ക്ഷണിക്കും

Posted on: May 23, 2014 12:06 am | Last updated: May 23, 2014 at 12:06 am

തിരുവനന്തപുരം: എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലേക്ക് നിര്‍ദേശിച്ച 189 പ്ലസ് വണ്‍ ബാച്ചുകള്‍ ഉടന്‍ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയില്‍ തീരുമാനം. പതിനാല് ജില്ലകളിലും പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ 189 ബാച്ചുകള്‍ അനുവദിക്കുന്ന കാര്യം ഒന്നിച്ച് പരിഗണിക്കാനാണ് ഇന്നലെ വൈകീട്ട് ചേര്‍ന്ന യോഗത്തിലെ തീരുമാനം. പുതിയ ബാച്ചുകള്‍ക്കായി ഉടന്‍ വിജ്ഞാപനം ഇറക്കാനാണ് നിര്‍ദേശം. വിജ്ഞാപന പ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുമ്പോള്‍ 189 ബാച്ചുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാം എന്നാണ് യോഗ തീരുമാനം. ഇതോടെ മെയ് 26ന് തുടങ്ങാനിരുന്ന പ്ലസ് വണ്‍ എകജാലക പ്രവേശന നടപടികളില്‍ പുതിയ ബാച്ചുകള്‍ ഉള്‍പ്പെടുത്താനാകില്ല.

നേരത്തെ ഹയര്‍ സെക്കന്‍ഡറികളില്ലാത്ത 134 പഞ്ചായത്തുകളില്‍ പുതിയ ഹയര്‍ സെക്കന്‍ഡറികളും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള 101 ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്തും ഈ മേഖലയില്‍ തന്നെ 189 പുതിയ ബാച്ചുകള്‍ അനുവദിക്കാനുമായിരുന്നു സര്‍ക്കാര്‍ തീരുമാനം.
ഇതുപ്രകാരം മന്ത്രിസഭാ ഉപസമിതി നടപടിക്രമങ്ങള്‍ തുടങ്ങിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഒടുവില്‍ പ്രശ്‌നം യു ഡി എഫിന്റെ പരിഗണനക്ക് വിട്ടു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷം സ്‌കൂളുകള്‍ വേണ്ടെന്നും ബാച്ചുകള്‍ അനുവദിച്ചാല്‍ മതിയെന്നും യു ഡി എഫ് തീരുമാനിച്ചു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ 189 ബാച്ചുകള്‍ അനുവദിക്കാനുള്ള ഏകദേശ ധാരണയായിരുന്നു.
തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതുപ്രകാരം ഇന്നലെ മന്ത്രിസഭാ ഉപസമിതിയിലെ നാല് മന്ത്രിമാരുടെ യോഗം വിളിച്ചാണ് 189 ബാച്ചുകളുടെ കാര്യത്തിലുള്ള തീരുമാനവും മാറ്റിവെച്ചത്.