ഈ ചരിത്ര പരാജയത്തിന് ഉത്തരവാദി ആര്..?

Posted on: May 22, 2014 12:57 am | Last updated: May 21, 2014 at 11:58 pm

RAHULരാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത സാമുദായിക, വര്‍ഗീയ ധ്രുവീകരണത്തിലൂടെ, ഗുജറാത്ത് വംശീയ കലാപത്തിന്റെ പാപക്കറ പുരണ്ട നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീവ്ര ഹിന്ദുത്വകക്ഷി ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യത്തിന്റെ ഭരണം ഏറ്റെടുത്ത സന്നിഗ്ധ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മതേതരത്വത്തിന്റെയും വികസന വാദത്തിന്റെയും കപട മുഖംമൂടി അണിഞ്ഞ ഇവര്‍ അധികാരത്തിലിരുന്നപ്പോഴെല്ലം കാഴ്ച വെച്ച പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഏറെ ആശങ്കയോടെയാണ് രാജ്യത്തെ ബഹുഭൂരിപക്ഷവും ഇവരുടെ ഭരണത്തെ നോക്കിക്കാണുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ നേരിട്ടിട്ടില്ലാത്ത ദയനീയ പരാജയത്തിന്റെ യഥാര്‍ഥ ഉത്തരവാദി ആരാണ്? ഈ ചോദ്യം അങ്ങനെ തന്നെ ഉയര്‍ന്നു നില്‍ക്കുകയാണ്. പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനൊടുവില്‍ കോണ്‍ഗ്രസും യു പി എയും ഈ തോല്‍വി അര്‍ഹിച്ചതു തന്നെയായിരുന്നുവെന്നതില്‍ രാജ്യത്തെ ഒരു പൗരനും രണ്ടഭിപ്രായമില്ല.
രാജ്യത്തിന്റെ മതേതരത്വവും സാമുദായിക സൗഹാര്‍ദവും ഒപ്പം പ്രായോഗിക വികസനവും സ്വപ്‌നംകണ്ട ഒരുപറ്റം മഹാന്മാര്‍ ജീവിതം പൂര്‍ണമായി സമര്‍പ്പിച്ച ഒരു പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് ഭരണം കൈയാളിയ അവരുടെ പിന്‍ഗാമികള്‍ ലക്ഷ്യം മറന്നപ്പോള്‍ ജനങ്ങള്‍ അവരെ പാടെ തിരസ്‌കരിക്കുന്ന ദയനീയ കാഴ്ചയാണ് പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാം കണ്ടത്. സ്വാതന്ത്ര്യാനന്തരം കഴിഞ്ഞ 67 വര്‍ഷത്തിനിടെ 49 വര്‍ഷവും രാജ്യത്തിന്റെ ഭരണം കൈയാളിയ കോണ്‍ഗ്രസിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ രാജ്യത്തെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്.
അര നൂറ്റാണ്ടിലേറെ രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയത് ലോക്‌സഭയിലെ ആകെ അംഗബലത്തിന്റെ 8.1 ശതമാനം മാത്രമാണ്. ഒപ്പം എട്ട് സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും നേടാനാകാതെ കോണ്‍ഗ്രസ് പൂര്‍ണമായും നിരാകരിക്കപ്പെട്ടു. കഴിഞ്ഞ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി ഉള്‍പ്പെടെ കാബിനറ്റ് റാങ്കിലുള്ളവരടക്കം 36 കേന്ദ്ര മന്ത്രിമാരെയും ജനങ്ങള്‍ തോല്‍പ്പിച്ചുവിട്ടു. രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ 129 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയെ ജനങ്ങള്‍ എന്തിന് ഇത്രമേല്‍ ശിക്ഷിച്ചുവെന്ന് പരിശോധിക്കാന്‍ പോലുമാകാതെ തരിച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനായില്ല, നേതൃത്വത്തിന്റെ ആത്മവിശ്വാസക്കുറവ് തുടങ്ങി പതിവ് പല്ലവികള്‍ക്കകത്ത് ഒതുക്കി നിര്‍ത്താവുന്നതല്ല പരാജയ കാരണങ്ങള്‍. അതിന് പ്രധാന കാരണം ഈ പരാജയം യാദൃച്ഛികമായുണ്ടായതല്ല എന്ന യാഥാര്‍ഥ്യം തന്നെയാണ്. അതിന് നേരെ കണ്ണടക്കാതെ വേണം കാര്യങ്ങള്‍ വിലയിരുത്താന്‍. മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെ നൂറുക്കണക്കിന് മഹാരഥന്മാരെ നെഞ്ചേറ്റിയ രാജ്യം ഒരു വേള അതേ പ്രസ്ഥാനത്തിന്റെ പിന്‍തലമുറയെ നിഷ്ഠൂരം തൂത്തെറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നതിന്റെ നാള്‍ വഴികളെയാണ് തലനാരിഴ കീറി പരിശോധിക്കേണ്ടത്. മുന്‍ഗാമികള്‍ സ്വപ്‌നം കണ്ട ഭാരതത്തിന്റെ ആവിഷ്‌കരണത്തിനായി ജനം ഭരണത്തിലേറ്റിയ പിന്‍തലമുറ ഒരു വേള മറന്നുപോയെങ്കിലും ഇത് ഒരിക്കലും വര്‍ഗീയ വാദികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും സ്ഥായിയായി രാജ്യഭരണം കൈയാളാനുള്ള അവസരമാക്കി നല്‍കിക്കൂടാ. നിലവിലെ ജനവിധിയെ മാനിക്കുന്നതോടൊപ്പം രാജ്യത്തിന്റെ അഖണ്ഡതക്കും മതസൗഹാര്‍ദത്തിനും കോട്ടം തട്ടാതെ നിലനിര്‍ത്താനുള്ള മതേതര കക്ഷികളുടെ ബാധ്യത അവര്‍ ഒരിക്കലും വിസ്മരിക്കരുത്.
ഈ സാഹചര്യത്തിലാണ് ഈ പരാജയത്തിന് യഥാര്‍ഥ ഉത്തരവാദി ആരെന്ന ചോദ്യം പ്രസക്തമാകുന്നത്. യു പി എയെ മുന്നില്‍ നിന്ന് നയിച്ച കോണ്‍ഗ്രസ് അധ്യക്ഷയാണോ ഈ പരാജയത്തിന് ഉത്തരവാദി.? അതോ ഈ അടുത്ത കാലത്ത് പാര്‍ട്ടി നേതൃത്വത്തിലേക്കെത്തിയ രാഹുല്‍ ഗാന്ധിയോ.? ഇവരില്‍ മാത്രം പരാജയത്തിന്റെ പാപ ഭാരം കെട്ടിവെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കും യു പി എ ഘടകകക്ഷികള്‍ക്കും രക്ഷപ്പെടാനാകുമോ.? നയപരമായ വീഴ്ചകളിലും ജനവിരുദ്ധമായ നിലപാടുകള്‍ ആവര്‍ത്തിക്കുന്നതിലും പാര്‍ട്ടിയും മുന്നണി നേതൃത്വവും കൃത്യമായ മറുപടി പറയണം. എന്നാല്‍ കൊടികുത്തിവാണ അഴിമതിക്കും കോര്‍പറേറ്റുകളെ അകമഴിഞ്ഞ് സഹായിച്ച നടപടികള്‍ക്കും ഒരോ ഘടക കക്ഷിയും മറുപടി പറയേണ്ടിവരും. ജനകീയ പ്രതിഷേധങ്ങള്‍ മറികടന്ന് നിരന്തരമായി ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ മൗനം പാലിച്ച നേതൃത്വത്തിനുള്ള ജനകീയ തിരുത്താണ് ഈ തിരഞ്ഞെടുപ്പ് ഫലം. എന്തു നെറികേട് കാണിച്ചാലും തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് നില്‍ക്കുന്ന തീവ്ര ഹിന്ദുപക്ഷത്തെ ചൂണ്ടിക്കാട്ടി വീണ്ടും അധികാരത്തിലെത്താമെന്ന യു പി എയുടെ ആത്മവിശ്വാസത്തിനാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തിരിച്ചടിയേറ്റിരിക്കുന്നത്. വര്‍ഗീയവാദികള്‍ അധികാരത്തിലെത്താതിരിക്കാന്‍ യു പി എയെ തന്നെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ തങ്ങളുടെ ജനവിരുദ്ധ നീക്കങ്ങളും ലക്ഷം കോടികളുടെ അഴിമതിക്കഥകളും ജനങ്ങള്‍ മറക്കുമെന്നായിരുന്നു യു പി എ നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ തങ്ങള്‍ കരുതിയതിനേക്കാള്‍ അപ്പുറത്താണ് ജനഹിതമെന്ന് അറിയാന്‍ നേതാക്കള്‍ ഏറെ വൈകിപ്പോയി.
എണ്ണക്കമ്പനികള്‍ക്ക് അമിത ലാഭം കൊയ്യാന്‍ വേണ്ടി നിരന്തരമായി ജനങ്ങളെ ദുരിതത്തിലാക്കി പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്രമാതീതമായി ഉയര്‍ത്തിയതും പാചക വാതകത്തിന്റെയും ഭക്ഷ്യ വസ്തുക്കളുടെയും സബ്‌സിഡികള്‍ എടുത്തു മാറ്റിയതോടൊപ്പം റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തക കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സബ്‌സിഡികള്‍ നല്‍കിയതും ലക്ഷം കോടി കവിഞ്ഞ അഴിമതിയുടെ നാറിയ കഥകളും ആവശ്യസമയങ്ങളില്‍ പ്രധാനമന്ത്രിയുടെ അര്‍ഥഗര്‍ഭമായ മൗനവുമെല്ലാം പരാജയത്തിന്റെ വിവിധ ഘടകങ്ങളായപ്പോള്‍ ഇതിന്റെ ഉത്തരവാദിത്വം സര്‍ക്കാറിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസില്‍ മാത്രം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഗതികേടിലാണ് നിലവിലെ സാഹചര്യം. ഒരു മുന്നണിയെന്ന നിലയില്‍ സര്‍ക്കാറിന്റെ വീഴ്ചകള്‍ക്ക്, അതിന് നേതൃത്വം നല്‍കിയ പാര്‍ട്ടി ഉത്തരവാദിയാണെങ്കിലും വീഴ്ചകള്‍ വരുത്തിയവരുടെ പങ്ക് തള്ളിക്കളയാനാകില്ല. എന്നാല്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുമ്പോഴും സര്‍ക്കാറിന് നേതൃത്വം നല്‍കിയ പാര്‍ട്ടിക്ക് അത് തിരുത്താനും നിയന്ത്രിക്കാനും കഴിഞ്ഞില്ലെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ല.
എന്നാല്‍ ഇത്രയും വീഴ്ചകള്‍ വരുത്തിയ ഒരു മുന്നണി പ്രചാരണ വേളയില്‍ ആ തെറ്റുകള്‍ ഏറ്റുപറയാനുള്ള ആര്‍ജവം കാണിച്ചില്ലെന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള തുറന്നു പറച്ചിലുകളുടെയും ഏറ്റുപറച്ചിലുകളുടെയും ഒരു ചെറിയ അംശം തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയിരുന്നുവെങ്കില്‍ ഇത്ര വലിയ ഒരു പരാജയ ഭാരം യു പി എക്ക് ഏറ്റെടുക്കേണ്ടി വരില്ലായിരുന്നുവെന്ന് വേണം കരുതാന്‍.
അതേസമയം തിരഞ്ഞെടുപ്പ് തന്ത്രങ്ങളാവിഷ്‌കരിക്കുന്നതില്‍ മുന്നണിക്ക് വന്ന പിഴവുകളും പരാജയത്തിന് കാരണമായിട്ടുണ്ട്. ഒട്ടേറെ പ്രതിബന്ധങ്ങളുള്ള ഒരു മുന്നണി നിര്‍ണായകമായ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കാണിക്കേണ്ട ജാഗ്രത ഒരു മണ്ഡലത്തിലും കണ്ടില്ല. യു പി എ ഒരു മുന്നണിയെന്ന നിലയില്‍ കൂട്ടുത്തരവാദിത്വത്തോടെയല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്. മിക്ക ഘടക കക്ഷികളും അവരവരുടെ തട്ടകങ്ങളില്‍ തങ്ങളുടെ നില ഭദ്രമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഇതിനിടെ മുന്നണിയുടെ കൂട്ടുത്തരവാദിത്വം മറന്ന മുന്നണി, തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുന്നതാണ് കണ്ടത്.
പരിചയസമ്പന്നരെ മാറ്റി നിര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ രാഹുല്‍ ഗാന്ധി തനിച്ച് പിടിക്കുകയും ഒരു സര്‍ക്കാറിന്റെ പാപഭാരങ്ങളെ തനിച്ച് ചുമലിലേറ്റുകയും ചെയ്‌തെങ്കിലും ജനവിധിയെ മറികടക്കാന്‍ അതിനായില്ല. മാത്രമല്ല, ഒരു മതത്തിലെ പ്രത്യേക വിഭാഗത്തിന്റെ ശക്തമായ പിന്തുണയോടെ പരിചയസമ്പന്നനായ നരേന്ദ്ര മോദി തേരോട്ടം തുടങ്ങിയപ്പോള്‍ ഭരണപരിചയത്തിലും രാഷ്ട്രീയ തന്ത്രത്തിലും ഏറെ പിന്നില്‍ നില്‍ക്കുന്ന രാഹുലിനെ മുന്നില്‍ നിര്‍ത്തിയത് തീവ്ര ഹിന്ദുത്വ കക്ഷിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തുവെന്ന് വേണം കരുതാന്‍.
അതേസമയം കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തിരിച്ചറിവുകള്‍ ഏറെ പ്രതീക്ഷ പകരുന്നതാണ്. സാധാരണക്കാരെ മറന്ന് കോര്‍പറേറ്റുകളുടെ പിന്നാലെ പോയത് തിരിച്ചടിക്ക് കാരണമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ജനകീയ താത്പര്യങ്ങള്‍ അവഗണിച്ച് തങ്ങള്‍ കൈയയച്ച് സഹായിച്ച കോര്‍പറേറ്റുകള്‍ ഇപ്പോള്‍ മോദിക്ക് പിന്നാലെയാണെന്നും പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലനില്‍പ്പിന് സാധരണക്കാരുടെ പിന്തുണയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നു. ഈ തിരിച്ചറിവ് യാഥാര്‍ഥ്യ ബോധത്തോടെയുള്ളതാണെങ്കില്‍, ഈ ഫലത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കുമെങ്കില്‍ രാജ്യത്ത് മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത് പ്രതീക്ഷയേകുന്നതാണ്.

ALSO READ  എല്ലാം ദേവീന്ദര്‍ സിംഗിന്റെ ചതി