Connect with us

Articles

മോദി തരംഗവും കേരള രാഷ്ട്രീയവും

Published

|

Last Updated

രാഷ്ട്രീയപ്രബുദ്ധമെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളം കൃത്യമായ സാമുദായിക വോട്ട് ബേങ്കുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തിലേക്ക് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം വിരല്‍ ചൂണ്ടുന്നത്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ മൃദു ഹിന്ദുത്വവാദികളായ കോണ്‍ഗ്രസുകാര്‍ ഇന്ത്യയുടെ ഭരണം തീവ്ര ഹിന്ദുത്വ വാദികളായ ബി ജെ പിക്കാര്‍ക്ക് താലത്തില്‍ വെച്ച് കൈമാറിയിരിക്കുകയാണ്. യു പി എയുടെ 36 മന്ത്രിമാരാണ് പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചിറക്കുന്നത്. 200നു മുകളില്‍ സീറ്റുകള്‍ പ്രതീക്ഷിച്ച കോണ്‍ഗ്രസിന്റെ അംഗ ബലം 50നു താഴേക്കു പതിച്ചു. എട്ട് പ്രമുഖ സംസ്ഥാനങ്ങളില്‍ നിന്ന് ഒരാളെപ്പോലും പാര്‍ലിമെന്റിലേക്ക് അയക്കാന്‍ കോടികള്‍ ചെലവഴിച്ചു കോണ്‍ഗ്രസ്് നടത്തിയ പ്രചാരണ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞില്ല. സ്വയംകൃതാനര്‍ഥത്തിന്റെ അനന്തരഫലം എന്നോര്‍ത്ത് അവര്‍ക്ക് സമാശ്വസിക്കാവുന്നതാണ്.
എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളം എങ്ങനെ കോണ്‍ഗ്രസിനു രക്ഷാവലയൊരുക്കി എന്നത് പ്രത്യേകം പഠിക്കേണ്ടിയിരിക്കുന്നു. വിജയപരാജയങ്ങളുടെ വിലയിരുത്തലുകളില്‍ മുഴുകി സ്വന്തം മുറിവുകളെ സ്വയം നക്കി ഉണക്കുന്ന പാര്‍ട്ടികളുടെയും നേതാക്കളുടെയും ഭൂതഭാവികളിലേക്കൊരു വിഹഗ വീക്ഷണം നടത്തിക്കൊണ്ടു മാത്രമേ അത്തരം ഒരു പഠനത്തിനു തുടക്കം കുറിക്കാനാകൂ. ജയിക്കേണ്ട പലരും തോറ്റു. തോല്‍ക്കേണ്ട പലരും ജയിച്ചു. രണ്ടും ഏതാനും ആയിരങ്ങളുടെ വ്യത്യാസത്തില്‍ മാത്രം. ഒരു പാര്‍ലിമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം പരിഗണിച്ചാല്‍ എല്ലാം കേവലം സാങ്കേതികമായ വിജയവും സാങ്കേതികമായ പരാജയങ്ങളും മാത്രമാണ്. വോട്ടുകളും സീറ്റുകളും തമ്മിലുള്ള അനുപാതം ഒപ്പിക്കുക എന്ന ധാര്‍മികത നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍ പോലും പാലിക്കപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക്, 31 ശതമാനം വോട്ട് മാത്രം നേടി 543ല്‍ 330ലേറെ സീറ്റ് നേടി ഒറ്റക്ക് ഭരിക്കാന്‍ ജനസമ്മതി നേടിയ എന്‍ ഡി എ സഖ്യത്തെയും അവരെ നയിച്ച നരേന്ദ്ര മോദിയെയും നിസ്സാരവത്കരിക്കുന്നത് ശരിയായിരിക്കില്ല. എന്നാല്‍ സ്വയം വിമര്‍ശപരമായി സ്വന്തം നിലപാടുകളെയും തങ്ങള്‍ അഭിമുഖീകരിക്കുന്ന ജനസാമാന്യത്തിന്റെ ഹൃദയത്തുടിപ്പുകളെയും മനസ്സിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരവസരം നല്‍കുന്ന ഫലങ്ങളാണ് നമുക്കു മുന്നിലുള്ളത്.
കേരളത്തിലെ ഫലം ഏറെ ആശ്വാസം നല്‍കുന്നത് ഉമ്മന്‍ ചാണ്ടിക്കാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നിറക്കിവിട്ട് പകരം ഇരിക്കാന്‍ കഴിയുമെന്ന സ്വപ്‌നം കണ്ടിരുന്ന പല നേതൃമാന്യന്മാരും നിരാശരായിരിക്കുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ രാഷ്ട്രീയ നിലപാടുകളോട് ഭൂരിപക്ഷം കേരളീയ ജനതയും വിയോജിക്കുമ്പോള്‍ പോലും, ഒരു നേതൃമാറ്റം അനിവാര്യമാക്കുന്ന രാഷ്ട്രീയ പരിതസ്ഥിതികളില്‍ നിന്നും ജനം അദ്ദേഹത്തെ രക്ഷിച്ചിരിക്കുന്നു.
ചുണ്ടിനും കപ്പിനും ഇടയില്‍വെച്ച് വീണുപോയ പാനപാത്രമായിപ്പോയി തിരുവനന്തപുരത്തെ ഒ രാജഗോപാലിന്റെ പരാജയം. ദീര്‍ഘകാലമായി തിരുവനന്തപുരക്കാരുമായി ഇടപഴകി അവരുടെ “രാജേട്ട”നായി മാറിയ അദ്ദേഹം ഇക്കുറി വിജയിക്കുമെന്നും തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമിയുടെ നാഭിയില്‍ വിരിഞ്ഞ താമര സ്വന്തം നെഞ്ചിലേറ്റി കേരളത്തില്‍ നിന്ന് മോദിയുടെ മന്ത്രിസഭയില്‍ ചേരാന്‍ പാകത്തില്‍ ഡല്‍ഹിക്കു പറക്കാം എന്നും കരുതിയിരുന്ന രാജേട്ടന്റെ സ്വപ്‌നങ്ങളെ ശശി തരൂര്‍ അട്ടിമറിച്ചിരിക്കുന്നു. നേരിയ ഭൂരിപക്ഷത്തോടെ ആണെങ്കിലും തിരുവനന്തപുരത്തുകാര്‍ക്കു താന്‍ സ്വീകാര്യനാണെന്നും ശശി തരൂര്‍ തെളിയിച്ചിരിക്കുന്നു. തിരുവിതാംകൂര്‍കാര്‍ അങ്ങനെയാണ്. അവരെന്നും മധ്യവര്‍ഗ സ്വപ്‌നങ്ങളെ താലോലിക്കുന്നവരാണ്. തങ്ങള്‍ക്കു ലഭ്യമല്ലാത്ത സുഖസൗകര്യങ്ങള്‍ തങ്ങളുടെ എം പി ആസ്വദിക്കുന്നതില്‍ അവര്‍ ഒട്ടും തന്നെ അസൂയാലുക്കളല്ല. വിവാഹം, വിവാഹമോചനം, ഭാര്യയുടെ സംശയാസ്പദമായ മരണം, ആര്‍ഭാട ജീവിതത്തില്‍ അഭിരമിക്കല്‍ ഇതൊന്നും ആര്‍ക്കും പാടില്ലെന്നു അവര്‍ കരുതുന്നില്ല. പറ്റുമെങ്കില്‍ അതെല്ലാം അതിന്റെ പൂര്‍ണ അളവില്‍ തങ്ങള്‍ക്കും ലഭ്യമാക്കിത്തരണമേ എന്നാണവര്‍ ശ്രീ പത്മനാഭനോടു പ്രാര്‍ഥിക്കാറുള്ളത്. തരൂരിനെ വകവരുത്താന്‍ നമ്മുടെ ബുദ്ധിജീവികളുടെ പാര്‍ട്ടിയായ സി പി ഐ കണ്ടെത്തിയതാകട്ടെ കമ്മ്യൂണിസവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു കടലോര ക്രിസ്ത്യന്‍ പ്രമാണിയെ. വിഷത്തെ വിഷം കൊണ്ടു നേരിടാനുള്ള കമ്മ്യൂണിസ്റ്റു പരിശ്രമം പൊളിഞ്ഞുപോയി.
കൊല്ലത്തെ വോട്ടര്‍മാര്‍, പ്രേമചന്ദ്രനോട് ഇത്രവല്യ പ്രേമം കാണിക്കുമെന്നും സഖാക്കള്‍ വിചാരിച്ചില്ല. കാലുമാറ്റക്കാരന്‍, ദുര്‍ഗന്ധവാഹകന്‍, രാപകില്ലാതെ ഉമ്മന്‍ ചാണ്ടിയെ ചീത്ത പറഞ്ഞു ജനശ്രദ്ധ നേടിയവന്‍ ഇങ്ങനെയൊക്കെയായ പ്രേമചന്ദ്രനെ അടിയറവ് പറയിക്കാന്‍ ദ്രോണാചാര്യര്‍ തന്നെ ആയ സഖാവ് ബേബിയെ നേരത്തെ തന്നെ കളത്തിലിറക്കി. എം എ ബേബി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വെറും ബേബിയായിരുന്ന കാലം മുതല്‍ അണികള്‍ക്കു പ്രിയപ്പെട്ടവനായിരുന്നു. സംഗീതം, നൃത്തം, സാഹിത്യം തുടങ്ങി സൂര്യനു കീഴുള്ള സകല കാര്യങ്ങളിലും സദാ ശ്രദ്ധാലുവായ ബേബിക്കു ഇങ്ങനെ ഒരു പതനം, സാക്ഷാല്‍ പി സി ജോര്‍ജ് പോലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാറ്റിനും പുറമെ, വിദ്യാഭ്യാസ മന്ത്രിയെന്നുള്ള തന്റെ ട്രാക്ക് റിക്കാര്‍ഡും ബേബിയുടെ ആത്മവീര്യം വര്‍ധിപ്പിച്ചിരുന്നു. ആരൊക്കെയോ കൂടി പറഞ്ഞു പറഞ്ഞു താനൊരു രണ്ടാം മുണ്ടശ്ശേരിയാണെന്ന തോന്നലും ബേബിയുടെ തലയെടുപ്പ് വര്‍ധിപ്പിച്ചിരുന്നു. ഏതായാലും കൊല്ലത്ത് പ്രേമചന്ദ്രന്‍ പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം അയാള്‍ക്കു നേടിക്കൊടുക്കാന്‍ ബേബി സഖാവിനു കഴിഞ്ഞെങ്കില്‍ അതിന്റെ അര്‍ഥം കൊല്ലത്തെ തൊഴിലാളി മേഖലയില്‍ സി പി എമ്മിനു അതിന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് പോലും ഒലിച്ചുപോയി എന്നു തന്നെ. സി പി എം ആത്മവിമര്‍ശത്തിനു തയ്യാറാകും എന്നു പ്രതീക്ഷിക്കാം. സഖ്യകക്ഷികള്‍ മാത്രമല്ല സ്വന്തം നിലയിലെ രണ്ടാം നിര നേതാക്കളും എന്നും പ്രധാന കക്ഷിയുടെയും അവരുടെ ഒന്നാം നിര നേതാക്കളുടെയും വെള്ളംകോരികളും വിറകുവെട്ടികളും ആയി കഴിഞ്ഞു കൊള്ളും എന്നു കരുതാമായിരുന്ന കാലം കടന്നു പോയിരിക്കുന്നു.
അഖിലേന്ത്യാതലത്തില്‍ നിന്നു വ്യത്യസ്തമായി വേണം കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്താന്‍. ദേശീയതലത്തില്‍ പ്രതിഫലിച്ച തീവ്രഹിന്ദുത്വമോ കോണ്‍ഗ്രസ്‌വിരോധമോ ഇവിടെ പ്രത്യക്ഷപ്പെട്ടിട്ടേയില്ല . ഇവിടുത്തെ വോട്ടര്‍മാരുടെ പാറ പോലെ ഉറച്ച യാഥാസ്ഥിതിക നിലപാടുകളില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ജാതി, മത, സാമുദായിക സങ്കുചിതത്വങ്ങളിലേക്ക് നമ്മുടെ വോട്ടര്‍മാര്‍കൂട്ടത്തോടെ ചേക്കേറുകയാണ്. വോട്ടിന്റെ എണ്ണവും ശതമാനവും കണക്കുകൂട്ടി തങ്ങളുടെ തോല്‍വികളെപ്പോലും ജയമായി ചിത്രീകരിക്കാനുള്ള മെയ്‌വഴക്കം നേടിയവരാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഈ കാര്യത്തില്‍ ഏതെങ്കിലും ഒരു കക്ഷി മറ്റൊരു കക്ഷിയേക്കാള്‍ ഭേദമാണെന്നവകാശപ്പെടാന്‍ കഴിയില്ല. ഇത് കൂടി മനസ്സിലാക്കിയാകാം നമ്മുടെ വോട്ടര്‍മാര്‍ ആര്‍ക്കും എ പ്ലസ് നല്‍കാതെ രണ്ട് മുന്നണികള്‍ക്കും ഏറെക്കുറെ ഫിഫ്റ്റി ഫിഫ്റ്റി എന്നു പറയാവുന്ന ഫലം നല്‍കി രണ്ട് മുന്നണികള്‍ക്കും തങ്ങള്‍ക്കിടയില്‍ നിന്നു പിഴക്കാനുള്ള ഒരവസരം കൂടി നല്‍കിയിരിക്കുന്നത്.
ഇടുക്കിയിലെ സി പി എം പരീക്ഷണം വിജയം കണ്ടപ്പോള്‍ പത്തനംതിട്ടയില്‍ അത് പിന്‍തള്ളപ്പെട്ടു. സ്വന്തം നിലയില്‍ ഒരങ്കത്തിനു ശേഷിയില്ലെന്നു തോന്നുമ്പോള്‍ എതിര്‍ ചേരിയില്‍ നിന്ന് കൂറുമാറി വരുന്നവരെ ആദരിച്ചിരുത്തി പുണ്യാഹം തളിച്ച് വിശുദ്ധന്മാരാക്കുന്ന ഏര്‍പ്പാട് കുറെക്കാലമായി ഇടതിലും വലതിലും അരങ്ങേറുന്നു. ഇപ്പോള്‍ ഇവിടെ നിന്നു ജയിച്ചു പോയ ചെറുകിട കക്ഷികളുടെ ജനപ്രതിനിധികള്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ എന്തു നിലപാടെടുക്കുമെന്നും വ്യക്തമല്ല. ചെറിയ ഒരു മന്ത്രിപ്പണിക്കു വേണ്ടി പോലും ഇവരില്‍ ചിലരെങ്കിലും മോദിയുടെ ചാക്കില്‍ കയറുകയില്ലെന്നു യാതൊരുറപ്പും അവര്‍ക്കു വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്കുണ്ടെന്നു തോന്നുന്നില്ല. എത്ര നല്ല പൗരന്മാരാണ് കേരളത്തിലെ വോട്ടര്‍മാര്‍. അവര്‍ക്കു തങ്ങളുടെ പ്രതിനിധികളെ അത്രമേല്‍ വിശ്വാസമാണ്. ഇടുക്കിയിലെ ജോയിസ് ജോര്‍ജിന്റെ വിജയത്തില്‍ പള്ളിക്കും പാതിരിമാര്‍ക്കും ഉള്ള പങ്ക് നിഷേധിക്കാനാകുന്നില്ല. നിരീശ്വരവാദിയും മിശ്രവിവാഹിതനും ഒക്കെ ആയ പി ടി തോമസിനെ നാടുകടത്തി ഡീന്‍ കുര്യാക്കോസിനെ ജയിപ്പിച്ചു കളയാം എന്ന കോണ്‍ഗ്രസ് കണക്കുകൂട്ടല്‍ പാളിപ്പോയി. തോല്‍വിയുടെ രൂക്ഷത അസഹ്യമായപ്പോള്‍ ഇടുക്കി മെത്രാന്റെ അരമനയിലേക്കു ബോംബെറിഞ്ഞാണ് നമ്മുടെ യൂത്തു കോണ്‍ഗ്രസ് കുട്ടികള്‍ അരിശം തീര്‍ക്കുന്നത്. പള്ളി പ്രസംഗങ്ങള്‍ വഴിയും കുമ്പസാര ക്ലാസ്സുകള്‍ വഴിയും കോണ്‍ഗ്രസിനു വോട്ട് പിടിച്ചു ശീലിച്ച ക്രൈസ്തവ വൈദികര്‍ കരുതിയിരിക്കുക. ഒരിക്കല്‍ അവരുടെ ഇഷ്ടം നടക്കാതെ വന്നാല്‍ അവര്‍ പാല് കൊടുത്ത കൈയിക്കിട്ടു തന്നെ കടിച്ചെന്നുവരും. പാവം ഫ്രാന്‍സിസ് ജോര്‍ജ് കെ എം മാണിയെ ഭയന്ന് ഇടതുപക്ഷം തുറന്നു കൊടുത്ത ചാക്കില്‍ കയറാതെ പോയതില്‍ അദ്ദേഹം ദുഃഖിക്കുന്നുണ്ടാകും. കേന്ദ്രത്തില്‍ ഭരണമാറ്റം സംഭവിച്ചതിനാല്‍ പകരം കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നവയൊന്നും ഇനി കിട്ടാന്‍ പോകുന്നില്ല. അതാ പറയുന്നത് ഓരോരുത്തര്‍ക്കും ഓരോന്നു പറഞ്ഞിട്ടുണ്ട്.
ഇടുക്കി കഴിഞ്ഞാല്‍ ഇടതുപക്ഷത്തിന്റെ സ്വതന്ത്രന്‍പരീക്ഷണം വിജയം കണ്ട സ്ഥലം ചാലക്കുടിയാണ്. പി സി ചാക്കോ എന്ന അതികായനെ നര്‍മരസപ്രധാനമായ ഒരു സിനിമയിലേ വില്ലനെ മലര്‍ത്തിയടിക്കുന്ന അതേ ലാഘവത്തോടെ ഇന്നസന്റ് വീഴ്ത്തിക്കളഞ്ഞു. പി സി ചാക്കോക്കു സുരക്ഷിത മണ്ഡലം ഒരുക്കാനുള്ള കോണ്‍ഗ്രസ് തത്രപ്പാടിനിടയില്‍ ഒരേ സമയം, ചാലക്കുടിയും തൃശൂരും നഷ്ടമായി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടിന്റെ രക്തസാക്ഷികളായത് അങ്ങനെ മൂന്ന് കോണ്‍ഗ്രസ് പുലികള്‍! ഇടുക്കിയില്‍ പി ടി തോമസ്, ചാലക്കുടിയില്‍ പി സി ചാക്കോ, തൃശൂരില്‍ ധനപാലന്‍!
മലബാര്‍ മേഖലയിലെ സ്വന്തം കോട്ടകളിലെ സീറ്റ് നില ഏറെക്കുറെ ഇരുമുന്നണികള്‍ക്കും തൃപ്തികരമാണെങ്കിലും പ്രതീക്ഷിക്കാത്ത ചോര്‍ച്ചയാണ് ഇരു വിഭാഗങ്ങള്‍ക്കും സംഭവിച്ചിരിക്കുന്നത്. മോദിയനുകൂല തരംഗം ബി ജെ പിയെ അവരുടെ പഴയ വോട്ട് വില്‍പ്പന തന്ത്രത്തില്‍ നിന്ന് ഈ തവണ പിന്തിരിപ്പിച്ചു. അപ്പോള്‍ ന്യൂനപക്ഷങ്ങളില്‍ മോദിഭീതി കാര്യമായി പ്രതിഫലിക്കുകയുണ്ടായി. കോണ്‍ഗ്രസിനു മാത്രമേ കേന്ദ്രത്തില്‍ മോദിയെ തടഞ്ഞുനിറുത്താന്‍ കഴിയൂ എന്ന ധാരണ, ഇവരില്‍ സജീവമാക്കുന്നതില്‍ സി പി എം വഹിച്ച പങ്ക് അവര്‍ക്കു തന്നെ ദോഷം ചെയ്തു. തങ്ങളുടെ വോട്ടുകള്‍ ഉറച്ച വോട്ടുകളാണെന്ന അവരുടെ ധാരണയില്‍ കഴമ്പില്ലെന്ന് ഈ തിരഞ്ഞെടുപ്പ് അര്‍ഥശങ്കക്കിടയില്ലാത്തവിധം തെളിയിച്ചു. കാസര്‍കോട്ടും കണ്ണൂരും വടകരയിലും കോഴിക്കോട്ടും ഒക്കെ 2011ന്റെ പോലും സ്ഥിരനിക്ഷേപം എന്നു കരുതിയ വോട്ടുകള്‍ എങ്ങോട്ടാണൊഴുകിപ്പോയതെന്നു വ്യക്തമാകാന്‍ വലിയ ഗവേഷണം ഒന്നും ആവശ്യമില്ല. അരിവാളില്‍ അമര്‍ത്തി ശീലിച്ച കൈകള്‍ താമരയിലേക്ക് മാറി തുടങ്ങുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അത്യന്തം ആശങ്കാജനകം ആണ്. സംഘപരിവാര്‍ ശക്തികളെ അറബിക്കടലിന്റെ തീരങ്ങളില്‍ നിന്നകറ്റി നിറുത്തിയിരുന്നത് ഇവിടുത്തെ ഇടതുപക്ഷ രാഷ്ട്രീയ ശക്തിയായിരുന്നു എന്ന കാര്യത്തില്‍ കടുത്ത വലതുപക്ഷക്കാര്‍ക്ക് പോലും സംശയം ഉണ്ടാകാന്‍ ഇടയില്ല. ഇടതുപക്ഷം ദുര്‍ബലമായ സംസ്ഥാനങ്ങളിലാണ് കാവി രാഷ്ട്രീയം ശക്തി പ്രാപിച്ചത്. ഈ തിരിച്ചറിവ് കൈവരുന്ന മുറക്കു കേരളത്തിലെ നിലവിലുള്ള മുന്നണി ബന്ധങ്ങളില്‍ മാറ്റം വരുമെന്ന പ്രതീക്ഷിക്കാവുന്നതാണ്.
കണ്ണൂരിലെ സുധാകരനെ രാഷ്ട്രീയ വനവാസത്തിനും കള്ള വോട്ടിന്റെ കണക്ക് പറഞ്ഞു കോടതി കയറാനും അയക്കാന്‍ ശ്രീമതി ടീച്ചര്‍ക്കു കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല. സുധാകരന്‍ എന്ന കൊമ്പനാന ശ്രീമതി ടീച്ചര്‍ എന്ന പിടിയാനക്കു മുമ്പില്‍ മുട്ടുകുത്തുമെന്നു കണ്ണൂരിലെ ലീഗ് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ കണക്കുക്കൂട്ടിയിരുന്നില്ല. എങ്കിലും കാസര്‍കോട്ടെ, ഭൂരിപക്ഷക്കുറവും വടകരയിലെ തോല്‍വിയും കണ്ണൂരിലെ ജയരാജ ത്രയങ്ങളെ അസ്വസ്ഥരാക്കുക തന്നെ ചെയ്യും. വടകരയിലെ തോല്‍വി മറ്റൊരു അബ്ദുല്ലക്കുട്ടി ബാധയില്‍ നിന്നും കേരള രാഷ്ട്രീയത്തെ രക്ഷിച്ചു എന്നടക്കം പറയുന്ന ഇടതുപക്ഷക്കാരും ഈ മേഖലയില്‍ ഇല്ലാതില്ല.
കോഴിക്കോട്ടെ എം കെ രാഘവന്റെ ജയത്തില്‍ നിന്നും നേതാക്കന്മാരുടെ ശരീര ഭാഷ സംബന്ധിച്ച ചില നല്ല പാഠങ്ങള്‍ പഠിക്കാന്‍ കൂടി കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കമ്മ്യൂണിസ്റ്റു സഖാക്കള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു. മുസ്‌ലിം വോട്ടുകള്‍ ഒന്നിപ്പിച്ചു നിറുത്താന്‍ ലീഗ് നടത്തിയ ശ്രമം വിജയം കണ്ടില്ല. മലപ്പുറത്തും പൊന്നാനിയിലും മാത്രമല്ല, പല മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കവകാശപ്പെട്ട ഭൂരിപക്ഷത്തില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. പാലക്കാട്ട് എം ബി രാജേഷും ആലത്തൂരില്‍ പി കെ ബിജുവും നേടിയ ഭൂരിപക്ഷം, ആയിരത്തില്‍ നിന്നു ലക്ഷത്തിലേക്കുള്ള കുതിച്ചു ചാട്ടമായിരുന്നു. എം പി വീരേന്ദ്രകുമാറിനെപ്പോലുള്ള ഒരു രാഷ്ട്രീയ അതികായന്റെ വിരലിലെ മോതിരം ഊരി മാറ്റി കേരള രാഷ്ട്രീയത്തില്‍ നിന്നു വീരേന്ദ്രകുമാര്‍ പ്രതിഭാസത്തെ തുടച്ചുമാറ്റാന്‍ കഴിഞ്ഞ രാജേഷിന്റെ വ്യക്തിപ്രഭാവം ഇടതുപക്ഷ രാഷ്ട്രീയത്തിനൊരു മുതല്‍ക്കൂട്ട് തന്നെ. വൃദ്ധ നേതൃത്വങ്ങളെ ജനം മടുത്തു തുടങ്ങിയിരിക്കുന്നു. മാറ്റത്തിന്റെ ശബ്ദത്തിനു കാതോര്‍ത്തിരിക്കുന്ന യുവ തലമുറ കേരള രാഷ്ട്രീയത്തില്‍ കക്ഷിഭേദമന്യേ ഒരു പൊളിച്ചെഴുത്തിനും ചില പുതിയ തുടക്കങ്ങള്‍ക്കും കളമൊരുക്കാന്‍ സഹായകമായ തിരഞ്ഞെടുപ്പ് ഫലങ്ങളെന്നു പൊതുവില്‍ ഈ തിരഞ്ഞെടുപ്പു കാലത്ത് വിലയിരുത്താവുന്നതാണ്.

Latest