Connect with us

Kozhikode

നായകനായും വില്ലനായും മോദി; തിരിച്ചടിയേറ്റത് ഇടതിന്‌

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് ഒരു പോലെ പ്രകടമായ മോദിഭീതിയും ഭക്തിയും ഇടതുപക്ഷത്തിന് തിരിച്ചടിയായി. ഭീതി പരത്തിയ മോദിയിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ യു ഡി എഫും ഭൂരിപക്ഷത്തിന്റെ കാവല്‍ക്കാരനായി അവതരിപ്പിച്ച മോദിയിലൂടെ ബി ജെ പിയും വോട്ടുകള്‍ പെട്ടിയിലാക്കിയപ്പോള്‍ പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ ഇടതുപക്ഷത്തിന് നഷ്ടമായി. ഗുജറാത്ത് വംശഹത്യയുടെ ചരിത്രത്തിലൂടെ ഭീതിപ്പെടുത്തി മോദിയെ അവതരിപ്പിച്ച് ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കാനുള്ള യു ഡി എഫിന്റെ ശ്രമം വളരെ കുറഞ്ഞ നിലയില്‍ വിജയം കണ്ടു. അതോടൊപ്പം രാജ്യത്ത് ഉയര്‍ത്തിവിട്ട മോദി തരംഗം വോട്ടാക്കി മാറ്റുന്നതില്‍ ബി ജെ പിയും വിജയിച്ചു. ഇടതുപക്ഷത്തിന് വോട്ടു ചെയ്തിരുന്ന വലിയൊരു വിഭാഗം ഇരുപക്ഷത്തേക്കും സ്വാധീനിക്കപ്പെട്ടതോടെ ഇടതുപക്ഷത്തിന്റെ വോട്ട് ബേങ്കില്‍ വലിയ വിള്ളലാണ് രൂപപ്പെട്ടത്. മുസ്‌ലിം, കൃസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ മോദിയെ യു ഡി എഫും ഭുരിപക്ഷ മണ്ഡലങ്ങളില്‍ ബി ജെ പിയും നന്നായി ഉപയോഗപ്പെടുത്തി. നായകനായും പ്രതിനായകനായും മോദി ചിത്രത്തില്‍ നിറഞ്ഞതോടെ ചിലയിടത്തെങ്കിലും രാഷ്ട്രീയം പോലും ചര്‍ച്ച ചെയ്യാതെ പോയി.

മോദിയെ പ്രതിരോധിക്കാന്‍ സി പി എമ്മിനാകില്ലെന്ന യു ഡി എഫ് പ്രചാരണവും ഫലം കണ്ടു. ഇതോടെ പരമ്പരാഗതമായി ഇടതു മുന്നണിക്കൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍ ചിലര്‍ മോദിയെ തടയാനായി യു ഡി എഫിന് വോട്ടു ചെയ്യുന്ന സാചഹര്യമുണ്ടായി. ജനം കൈയൊഴിഞ്ഞ കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ കേന്ദ്രത്തില്‍ ഇടതുപക്ഷത്തിനാകില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ഇടതുവോട്ടുകളില്‍ വലിയൊരു ശതമാനം മോദിക്കൊപ്പവും നിലയുറപ്പിച്ചു. ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വര്‍ധിച്ച വോട്ടിന്റെ കണക്ക് വ്യക്തമാക്കുന്നത് മോദിക്കനുകൂലമായി ഭൂരിപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കപ്പെട്ടുവെന്നാണ്. ഇത്തരത്തില്‍ പതിനായിരം മുതല്‍ മുപ്പതിനായിരം വരെ വോട്ടുകള്‍ ബി ജെ പിക്ക് വര്‍ധിച്ച മണ്ഡലങ്ങളുണ്ട്. സി പി എം പരാജയപ്പെട്ട മണ്ഡലങ്ങളിലെല്ലാം ബി ജെ പി നില മെച്ചപ്പെടുത്തി. ഇതോടെയാണ് ഇടതുപക്ഷം പ്രതീക്ഷിച്ച സീറ്റുകള്‍ നേടാനാകാതെ പരുങ്ങലിലായത്.
ഒരു ഘട്ടത്തില്‍ കേരളത്തില്‍ ഇരു മുന്നണികളും കൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിന് പകരം മോദിയില്‍ കേന്ദ്രീകരിച്ചായിരുന്നു ക്യാമ്പയില്‍ മുന്നോട്ടു കൊണ്ടുപോയത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ അഴിമതി ബി ജെ പി പരാമര്‍ശിച്ചപ്പോള്‍ മോദിയെ വ്യക്തിപരമായി നേരിട്ടാണ് കോണ്‍ഗ്രസ് പ്രതിരോധിച്ചത്. ഇതെല്ലാം മോദിക്കനുകുലമായ വോട്ടു ശതമാനം വര്‍ധിക്കാന്‍ കാരണമായി. മുസ്‌ലിം ലീഗ് ഇരുപത് മണ്ഡലങ്ങളിലും മോഡിയെ തടയാന്‍ യു ഡി എഫിന് വോട്ടുചെയ്യണമെന്നാവശ്യപ്പെട്ടാണ് ക്യാമ്പയിന്‍ നടത്തിയത്. ആദ്യ ഘട്ടത്തില്‍ സി പി എമ്മും മോദിക്കെതിരായ പ്രചാരണവുമായി മുന്നിലുണ്ടായിരുന്നു. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദിയെ അവരോധിച്ചതിന് ശേഷം സി പി എം രാജ്യത്ത് മോദിവിരുദ്ധ പ്രചാരണ ക്യാമ്പയിനിന് തുടക്കമിട്ടതും കേരളത്തില്‍ നിന്നാണ്. ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന മുഖം ഖുത്തുബുദ്ദീന്‍ അന്‍സാരിയെ പൊതുവേദിയില്‍ എത്തിക്കുമ്പോള്‍ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സാക്ഷികളായിരുന്നു. ന്യൂനപക്ഷ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായി സി പി എം പുറത്തിറക്കിയ മുഖ്യധാരയുടെ പ്രകാശന ചടങ്ങിനെത്തിയ അന്‍സാരി പിന്നീട് കണ്ണൂരുള്‍പ്പെടെ ഗുജറാത്ത് വംശഹത്യയുടെ മുഖമായി നിറഞ്ഞു നിന്നിരുന്നു. കേരളത്തിലെ ആജ്ഞാനുവര്‍ത്തിയായ പാര്‍ട്ടിക്ക് കേന്ദ്രത്തില്‍ കാഴ്ചക്കാരന്റെ റോള്‍ മാത്രമാണെന്ന സാധാരണക്കാരുടെ തിരിച്ചറിവും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ തിരിച്ചടിക്ക് പ്രധാന കാരണമായി.

 

Latest