Connect with us

Kozhikode

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നാളെ; ജില്ല ഒരുങ്ങി

Published

|

Last Updated

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളും പൂര്‍ണ സജ്ജമായി. കനത്ത സുരക്ഷയില്‍ നാളെ രാവിലെ എട്ടിന് മൂന്നിടങ്ങളിലും വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണല്‍ സുഖമമാക്കുന്നതിനുള്ള മുഴുവന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ സി എ ലതയും കുറ്റമറ്റ സുരക്ഷാ സംവിധാനം ഒരുക്കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജും അറിയിച്ചു.
വോട്ടെണ്ണല്‍ നടക്കുന്ന ഹാളിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങളില്‍ ശക്തമായ പോലീസ് കാവലുണ്ടാകും. ഇലക്ഷന്‍ കമ്മീഷന്റെ മീഡിയ പാസുള്ള മാധ്യമ പ്രവര്‍ത്തകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പ്രവേശം അനുവദിക്കും
കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ ഫാറൂഖ് കോളജിലും വടകരയിലെ വോട്ടെണ്ണല്‍ വെള്ളിമാട്കുന്ന് ജെ ഡി ടിയിലും നടക്കും. വയനാട് മണ്ഡലത്തിന്റെ ഭാഗമായ ജില്ലയിലെ തിരുവമ്പാടി അസംബ്ലി മണ്ഡലത്തിലെ വോട്ട് വെള്ളിമാട്കുന്ന് ഗവ. ലോ കോളജിലാണ് എണ്ണുക. വരണാധികാരികൂടിയായ കലക്ടര്‍ ഫാറൂഖ് കോളജ് കേന്ദ്രീകരിച്ച് ജില്ലയിലെ വോട്ടെണ്ണല്‍ പ്രക്രിയക്ക് നേതൃത്വം നല്‍കും. ഇരു ലോക്‌സഭാ മണ്ഡലങ്ങളിലേയും പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നത് ഫാറൂഖ് കോളജ് കോമ്പൗണ്ടിലെ ആര്‍ യു എ കോളജിലാണ്. ഇരു മണ്ഡലങ്ങള്‍ക്കും നാല് വീതം മേശ വിന്യസിച്ചാണ് പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നത്. നിയമസഭാ മണ്ഡലതലത്തില്‍ വോട്ടെണ്ണുന്നതിനായി ഓരോ കേന്ദ്രങ്ങളില്‍ ഏഴ് വീതം ഹാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
അഡീഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഹാരിസണ്‍ സേവ്യര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. നിയോഗിക്കപ്പെട്ട ഉദേ്യാഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ മാത്രമെ വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. ഏജന്റുമാര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം. വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഇലക്ഷന്‍ കമ്മീഷന്‍ നിയമിച്ച നിരീക്ഷകര്‍ക്ക് മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.
സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ മുമ്പില്‍വെച്ചാണ് വോട്ടെണ്ണലെങ്കിലും അവര്‍ക്ക് വോട്ടിംഗ് യന്ത്രത്തില്‍ സ്പര്‍ശിക്കാന്‍ അനുവാദമില്ല. ഏജന്റുമാര്‍ക്ക് വോട്ടെണ്ണല്‍ വ്യക്തമായി കാണാന്‍ കഴിയുന്ന വിധത്തില്‍ കൗണ്ടിംഗ് ഉദേ്യാഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കുമിടയില്‍ വേലി സ്ഥാപിക്കും.
ഓരോ റൗണ്ടിലും കോഴിക്കോട് സൗത്ത്, തിരുവമ്പാടി മണ്ഡലങ്ങളില്‍ 12 വീതവും ബാക്കിയുള്ളിടത്തെല്ലാം 14 വീതവും ബൂത്തുകളിലെ വോട്ടെണ്ണും. ഓരോ ഹാളിലും അത്രയും എണ്ണം മേശക്ക് പുറമെ സഹവരണാധികാരിക്കായി ഓരോ മേശയും സജ്ജമാക്കും. ഓരോ മേശയിലും ഒരു കൗണ്ടിംഗ്് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ വീതമുണ്ടാകും. കൗണ്ടിംഗ്് സൂപ്പര്‍വൈസര്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും. മൈക്രോ ഒബ്‌സെര്‍വര്‍ കേന്ദ്ര സര്‍വീസില്‍ നിന്നുള്ളവരാണ്.
927 ഉദേ്യാഗസ്ഥരെയാണ് കൗണ്ടിംഗ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥികളുടെ കൗണ്ടിംഗ് ഏജന്റുമാരുടെ നിയമനവും പൂര്‍ത്തിയായി. ഉദേ്യാഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും വേണ്ടത്ര പരിശീലനം നല്‍കിക്കഴിഞ്ഞതായി കലക്ടര്‍ അറിയിച്ചു. വോട്ടെണ്ണലിന്റെ മേല്‍നോട്ടത്തിനായി ആറ് നിരീക്ഷകരെയാണ് ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുള്ളത്. വടകരയുടെ പൊതു നിരീക്ഷകനായിരുന്ന അശോക് കുമാര്‍ സന്‍വാരിയ കൊയിലാണ്ടി, വടകര, നാദാപുരം, കുറ്റ്യാടി നിയമസഭാ മണ്ഡലതല ചുമതല നിര്‍വഹിക്കും. മാഫിയുല്‍ ഹുസൈനാണ് പേരാമ്പ്രയുടെ ചുമതല. അരിന്ദം തോമര്‍ കൂത്തുപറമ്പിന്റെയും തലശ്ശേരിയുടേയും മേല്‍നോട്ടം വഹിക്കും. പൊതുനിരീക്ഷകനായ രമണ്‍കുമാറിന് കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ബാലുശ്ശേരി, എലത്തൂര്‍ മണ്ഡലങ്ങളുടെ ചുമതലയാണുള്ളത്. നരസിംഹരാജ് കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ നിരീക്ഷകനാണ്. തിരുവമ്പാടിയുടെ ചുമതല നിര്‍വഹിക്കുന്നത് സുരേഷ് പാസ്വാനാണ്.
ഇലക്ഷന്‍ ഉദേ്യാഗസ്ഥര്‍ക്കും സഹവരണാധികാരികള്‍ക്കും പുറമെ പോലീസ് ഉദേ്യാഗസ്ഥരുമായും അവസാനഘട്ട ഒരുക്കങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ടൗണ്‍ഹാളില്‍ ആശയ വിനിമയം നടത്തി. ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക പരിശീലനം ലഭിച്ച അസി. റിട്ടേണിംഗ് ഓഫീസര്‍ കെ പി ജോസഫ് ഏജന്റുമാരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി വി ഗംഗാധരന്‍, അസി.റിട്ടേണിംഗ് ഓഫീസര്‍മാര്‍ പങ്കെടുത്തു. തുടര്‍ന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ സി എ ലത, സിറ്റി പോലീസ് കമ്മിഷണര്‍ എ വി ജാര്‍ജ്ജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി വി ഗംഗാധരന്‍ എന്നിവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്തു.

Latest