Connect with us

Ongoing News

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം നിരക്ക് 7 രൂപ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്തി. കിലോമീറ്റര്‍ നിരക്ക് 58 പൈസയില്‍ നിന്ന് 68 പൈസയായും വര്‍ധിപ്പിച്ചു. വിദ്യാര്‍ഥികളുടെ നിരക്കില്‍ തത്ക്കാലം മാറ്റമില്ല. വിദ്യാര്‍ഥികളുടെ നിരക്ക് സംബന്ധിച്ച് രാമചന്ദ്രന്‍ കമ്മിറ്റിയോട് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ നിരക്ക് മെയ് 20ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ മിനിമം ചാര്‍ജ് പത്ത് രൂപയാക്കി. സൂപ്പര്‍ഫാസ്റ്റ് ബസുകളുടെത് 12 രൂപയില്‍ നിന്ന് 13 രൂപയാക്കിയാണ് ഉയര്‍ത്തിയത്. വോള്‍വോ ബസുകളുടെ കിലോമീറ്റര്‍ ചാര്‍ജ് 1.20 രൂപയില്‍ നിന്ന് 1.30 രൂപയാക്കി ഉയര്‍ത്തി. മിനിമം ചാര്‍ജ് 35 രൂപയില്‍ നിന്ന് 40 രൂപയാക്കി വര്‍ധിപ്പിച്ചു.

ബസ് വ്യവസായത്തിന്റെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിച്ച രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ചാണ് ചാര്‍ജ് വര്‍ധന നടപ്പാക്കുന്നതതെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, ഇപ്പോഴത്തെ ചാര്‍ജ് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബസുടമകളുടെ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ മിനിമം ചാര്‍ജ് ചുരുങ്ങിയത് എട്ട് രൂപയെങ്കിലും ആക്കണം. വിദ്യാര്‍ഥികളുടെ നിരക്കില്‍ മാറ്റം വരുത്താതെ ഒരു നിലക്കും മുന്നോട്ട് പോകാനാകില്ലെന്നും ഈ ചാര്‍ജ് വര്‍ധന കെ എസ് ആര്‍ ടി സിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്നും ഉടമകള്‍ പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest