റോഡ് നവീകരണം; കണ്ണൂര്‍ നഗരസഭക്ക് അഞ്ച് കോടി അനുവദിച്ചു

Posted on: May 14, 2014 6:00 am | Last updated: May 14, 2014 at 12:47 am

കണ്ണൂര്‍: കണ്ണൂരിന്റെ റോഡ് നവീകരണത്തിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ച് കോടി രൂപ ഉടന്‍ ലഭിക്കും. ഇതുസംബന്ധിച്ച് കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ റോഷ്‌നി ഖാലിദ് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കണ്ണൂര്‍ ശുദ്ധജല വിതരണ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച കണ്ണൂരിലെ റോഡ് നവീകരണത്തിന് നേരത്തെ മുഖ്യമന്ത്രി അഞ്ച് കോടി പ്രഖ്യാപിച്ചിരുന്നു.
ശുദ്ധജല പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡ് നവീകരിക്കുന്നതിന് വന്‍തുക ആവശ്യമായതിനാല്‍ സര്‍ക്കാര്‍ സഹായം നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കണ്ണൂരില്‍ ജസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഒക്ടോബര്‍ മാസം അഞ്ച് കോടി പ്രഖ്യാപിച്ചത്. എന്നാല്‍ പണം നല്‍കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഇതുവരെ നഗരസഭക്ക് സര്‍ക്കാറില്‍ നിന്ന് സഹായം ലഭിച്ചിരുന്നില്ല. മാത്രമല്ല നഗരകാര്യ വകുപ്പില്‍ നിന്ന് റോഡ് നവീകരണത്തിനായി അനുവദിച്ച അഞ്ച് കോടി അടുത്ത വര്‍ഷത്തെ മെയിന്റന്‍സ് ഗ്രാന്റില്‍ തിരിച്ചുപിടിക്കുമെന്ന ഉത്തരവും ഉണ്ടായിരുന്നു.
ഇതേത്തുടര്‍ന്നാണ് റോഡ് നവീകരണത്തിന് ഫണ്ടില്ലാതെയായതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച പണവും തേടി നഗരസഭ ചെയര്‍പേഴ്‌സന്‍ തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയെ കണ്ടത്. ചര്‍ച്ചയെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് കോടി അടുത്തമാസം പകുതിയോടെ ലഭ്യമാക്കുമെന്നും രണ്ട് ദിവസത്തിനകം ഫണ്ട് അനുവദിച്ചത് സംബന്ധിച്ച് ഉത്തരവ് നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഗ്രാമവികസന മന്ത്രി കെ സി ജോസഫിനെയും ചെയര്‍പേഴ്‌സന്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. നഗരകാര്യവകുപ്പ് റോഡ് നവീകരിച്ച അഞ്ച് കോടി മെയിന്റന്‍സ് ഗ്രാന്റില്‍ പെടുത്തുന്നതാണെന്നും എല്ലാ നഗരസഭക്കും ഇത്തരം ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയും ചെയര്‍പേഴ്‌സനെ അറിയിച്ചു. നഗരകാര്യവകുപ്പ് അനുവദിച്ച ഫണ്ട് തിരിച്ചുപിടിക്കുമെന്ന ഉത്തരവ് നഗരസഭയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.