സര്‍ക്കാര്‍ ഒരു മദ്യക്കച്ചവടക്കാരനോ?

Posted on: May 14, 2014 6:00 am | Last updated: May 14, 2014 at 12:03 am

barകേരളത്തിലെ 418 ബാറുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്, സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പ്പനശാലകളില്‍ കൂടി പ്രതിവര്‍ഷം വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ കണക്കെന്ത് എന്ന് ഞാന്‍ പരിശോധിക്കുകയുണ്ടായി. 338 ചില്ലറ വില്‍പ്പനശാലകളിലൂടെ ബിവറേജസ് കോര്‍പറേഷന്‍ 2012-13ല്‍ വിറ്റത് എത്ര കോടി രൂപയുടെ വിദേശമദ്യമാണെന്നോ? 8818.18 കോടി രൂപയുടെ വിദേശ മദ്യം. കേരളത്തിന്റെ ജനസംഖ്യ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3.3 കോടിയാണ്. പുരുഷന്മാര്‍ അതിന്റെ പകുതി. 1.65 കോടി വരും. അതിന്റെ നാലില്‍ ഒന്ന് (1/4) മദ്യം കഴിക്കുന്നവരാണെന്ന് കണക്കാക്കിയാല്‍ പോലും ഇവര്‍ പ്രതിവര്‍ഷം കുടിച്ചുവറ്റിക്കുന്ന മദ്യത്തിന്റെ മൊത്തം വരുമാനമാണ് 8818.18 കോടി. അതായത് കേരളത്തിലെ ഒരു മദ്യപാനി (വല്ലപ്പോഴും കുടിക്കുന്നവരും സ്ഥിരം കുടിക്കുന്നവരും ഉള്‍പ്പടെ) ഒരു വര്‍ഷം ശരാശരി 21,507 രൂപയുടെ വിദേശ മദ്യം അകത്താക്കുന്നു. ഇതില്‍ തന്നെ, മുഴുക്കുടിയന്മാരായ 10 ശതമാനം പേര്‍ പ്രതിവര്‍ഷം 45,000-50,000 രൂപ വരെ മദ്യപാനത്തിനായി ചെലവഴിക്കുന്നു എന്ന് ന്യായമായി അനുമാനിക്കാവുന്നതാണ്. ഇത് ഇവര്‍ മദ്യത്തിനായി മാത്രം ചെലവഴിക്കുന്ന തുകയാണ്. ഇതിനൊപ്പം ഭക്ഷണം, സോഡ എന്നിവക്ക് ചെലവഴിക്കുന്ന പണം കൂടി കണക്കാക്കിയാല്‍ തുക ഇതിലും ഉയരും. കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ നിത്യദാന ചെലവുകള്‍ക്കായി ചെലവഴിക്കപ്പെടേണ്ട 9000 ത്തോളം കോടി രൂപയാണ് 2012-13ലെ മദ്യപാനികള്‍ കുടിച്ചുവറ്റിച്ചത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ വരുമാനവും ലാഭവും ഉണ്ടാക്കുന്ന ഉത്പന്നമാണ് വിദേശമദ്യം. 127 ശതമാനമാണ് സര്‍ക്കാര്‍ വിദേശ മദ്യത്തിനുമേല്‍ ചുമത്തിയിരിക്കുന്ന നികുതികള്‍. വിദേശ മദ്യത്തിന്റെ ഡിമാന്‍ഡ് കുറക്കുന്നതിനാണ് കുത്തനെ ഉയര്‍ന്ന നികുതി ചുമത്തിയത്. എന്നാല്‍ എണ്‍പതുകളുടെ മധ്യം മുതല്‍ ഇങ്ങോട്ടുള്ള കാലത്തെ വിദേശ മദ്യവില്‍പ്പനയുടെ കണക്ക് പരിശോധിച്ചാല്‍ 2012-13 വരെയുള്ള 29 വര്‍ഷക്കാലത്തിനുള്ളില്‍ വെറും രണ്ട് വര്‍ഷങ്ങളില്‍ മാത്രമാണ് (അതും നാമമാത്രമായി) വിദേശമദ്യത്തിന്റെ വില്‍പ്പന കുറഞ്ഞത്. ബാക്കിയുള്ള 27 വര്‍ഷങ്ങളിലും വില്‍പ്പന ഉയരുകയായിരുന്നു. നമുക്ക് ബിവറേജസ് കോര്‍പറേഷന്‍ വഴിയുള്ള വിദേശമദ്യവില്‍പ്പനയുടെ കണക്കുകള്‍ പരിശോധിക്കാം. 1984-85ല്‍ വിദേശമദ്യവും ബിയറും ചേര്‍ന്ന് 14.44 ലക്ഷം കേസ് മദ്യമാണ് വിറ്റത്. ലഭിച്ച വരുമാനമാകട്ടെ 55.46 കോടി രൂപയായിരുന്നു. 1999-2000ത്തോടെ 89.51 ലക്ഷം കേസ് മദ്യം വില്‍ക്കപ്പെട്ടു. വരുമാനം 1000 കോടി കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 1184.65 കോടി രൂപ. 2012-13 ഓടെ 345.97 ലക്ഷം കേസ് വിദേശ മദ്യം വിറ്റഴിച്ചതിലൂടെ ബിവറേജസ് കോര്‍പ്പറേഷന് 8818.18 കോടി രൂപ ലഭിച്ചു.
ഫലത്തില്‍ ഡിമാന്‍ഡ് കുറക്കാനെന്ന പേരിലാണ് നികുതി കുത്തനെ കൂട്ടിയതെങ്കിലും ഡിമാന്‍ഡ് കുത്തനെ കൂടുകയും ഒപ്പം നികുതി നിരക്ക് ഉയര്‍ന്നു നില്‍ക്കുകയും ചെയ്തതോടെ, മദ്യത്തില്‍ നിന്നുള്ള വരുമാനം ആകാശം മുട്ടെ വളര്‍ന്നു. കൊള്ളലാഭമാണ് വിദേശ മദ്യവില്‍പ്പനയിലൂടെ ബിവറേജസ് കോര്‍പറേഷന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് 2009-10ല്‍ 1008.85 കോടി രൂപക്ക് ബിവറേജസ് കോര്‍പറേഷന്‍ വിദേശമദ്യം വാങ്ങി (ബിയര്‍ ഉള്‍പ്പടെ). എന്നാല്‍ വിറ്റുവരവ് 5539.85 കോടി രൂപയായിരുന്നു. ലാഭം 4531 കോടി രൂപ. 2012-13-ല്‍ 1480.95 കോടി രൂപയുടെ വിദേശ മദ്യം വാങ്ങിയെങ്കില്‍ വിറ്റത് 8818.18 കോടി രൂപയായിരുന്നു. ലാഭം 7337.23 കോടി രൂപയായിരുന്നു.
ഇന്ന് നമ്മുടെ സംസ്ഥാനത്തിന് പ്രതിവര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് മദ്യവില്‍പ്പനയിലൂടെയാണ്. 2011-12ല്‍ മദ്യവില്‍പ്പനയിലൂടെ സംസ്ഥാന ഖജനാവിന് ലഭിച്ചത് 6616 കോടി രൂപയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ തനത് വരുമാനമായ 28,311 കോടി രൂപയുടെ 23.3 ശതമാനം വരും. ആ വര്‍ഷം പെട്രോളില്‍ നിന്ന് ലഭിച്ചത് പോലും 4109.23 കോടി രൂപമാത്രമായിരുന്നു. ഇനി മറ്റൊരു കണക്ക് നോക്കാം. വിദേശ മദ്യവില്‍പ്പനയിലൂടെ 1993-94 മുതല്‍ 2002-03 വരെയുള്ള ഒരു പതിറ്റാണ്ട് കാലത്ത് വിവിധയിനം നികുതികളിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് 7639.86 കോടി രൂപയായിരുന്നു (അതായത് പ്രതിവര്‍ഷം 763.08 കോടി രൂപ). എന്നാല്‍ അടുത്ത പതിറ്റാണ്ടില്‍ (2003-04 മുതല്‍ 2012-13 വരെ) മദ്യവില്‍പ്പനയില്‍ നിന്ന് ഖജനാവിലെത്തിയ വരുമാനം 37,487.86 കോടി രൂപയായി ഉയര്‍ന്നു. (പ്രതിവര്‍ഷം 3748.78 കോടി രൂപ). അതായത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ വിദേശ മദ്യത്തിന്റെ വില്‍പ്പനയില്‍ നിന്ന് സംസ്ഥാന ഖജനാവിലെത്തിയ തുകയുടെ അളവ് ഏകദേശം അഞ്ച് ഇരട്ടിയോളമായി ഉയര്‍ന്നു എന്ന് ചുരുക്കം.
നമ്മള്‍ മലയാളികളുടെ സുപ്രധാന വരുമാനം മദ്യക്കച്ചവടത്തില്‍ നിന്നാണ് എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് നാം നിത്യനിദാന ചെലവുകള്‍ക്കുള്ള പണം കണ്ടെത്തുന്നത് എന്ന് കരുതിയാല്‍പ്പോലും തെറ്റില്ല. ഐ എ എസുകാര്‍ മുതല്‍ താഴെത്തട്ടിലുള്ള ജീവനക്കാര്‍ക്ക് വരെ ശമ്പളം ലഭിക്കുന്നതില്‍ മദ്യവില്‍പ്പനയില്‍നിന്നുള്ള വരുമാനം പ്രമുഖ പങ്ക് വഹിക്കുന്നു എന്ന് ചുരുക്കം. കേരളത്തിലെ മദ്യപാനികളുടെ മദ്യാസക്തി മുതലെടുത്ത് മദ്യത്തില്‍ നിന്നുള്ള നികുതി കുത്തനെ കൂട്ടി അവരില്‍ നിന്നുള്ള വരുമാനം കുത്തനെ വര്‍ധിപ്പിച്ച് ആ വരുമാനം ഉപയോഗിച്ച് ചെലവ് നടത്തി ജീവിക്കുകയാണ് കേരളീയര്‍! ഇങ്ങനെ നാം ചോര്‍ത്തിയെടുക്കുന്ന വരുമാനം എവിടെ എത്തേണ്ട വരുമാനമാണ് എന്ന് നാം ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ ദൈനംദിന ചെലവ് നടത്താനായി ഉപയോഗിക്കേണ്ട പണമാണ്, മദ്യപാനികളുട മദ്യാസക്തി മുതലെടുത്ത്, അവര്‍ക്ക് ‘ഗുണമേന്മയുള്ള’ മദ്യം സര്‍ക്കാര്‍ വഴിതന്നെ നല്‍കി സര്‍ക്കാര്‍ തന്നെ ചോര്‍ത്തിയെടുക്കുന്നത്! ഇത് ആ കുടുംബങ്ങളോട് ചെയ്യുന്ന കൊടും ക്രൂരതയല്ലേ? എന്ന് മാത്രമല്ല, ‘ഗുണനിലവാരമുള്ള മദ്യം’ സര്‍ക്കാര്‍ മുഖേന തന്നെ നല്‍കുന്നതിലൂടെ ജനങ്ങളുടെ മദ്യപാനാസക്തി വര്‍ധിപ്പിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യുന്നത്? ഇതുമൂലം ഉണ്ടാകുന്ന കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ കാണാന്‍ സര്‍ക്കാര്‍ കുട്ടാക്കിയിട്ടുണ്ടോ?
അതുകൊണ്ട് ഒരു മദ്യക്കച്ചവടക്കാരനായി, മദ്യത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിച്ച്, ജനങ്ങളുടെ മദ്യാസക്തി വര്‍ധിപ്പിച്ച് ജനങ്ങളുടെ ഇടയില്‍ ഗുരതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച്, അതിലുപരി ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ നിത്യനിദാന ചെലവിന് ഉപയോഗിക്കേണ്ട പണം ചോര്‍ത്തിയെടുത്ത് അധിക കാലം മുന്നോട്ടു പോകാന്‍ സര്‍ക്കാറിനാകില്ല. അത് സാമൂഹികമായി വലിയൊരു പൊട്ടിത്തെറിയിലേക്കാകും കേരള സമൂഹത്തെ കൊണ്ടുചെന്നെത്തിക്കുക.

ALSO READ  എല്ലാം ദേവീന്ദര്‍ സിംഗിന്റെ ചതി