ബ്ലേഡ് മാഫിയ: 32 പേര്‍ കൂടി അറസ്റ്റില്‍;’കുബേര’ കുതിക്കുന്നു

Posted on: May 14, 2014 6:00 am | Last updated: May 14, 2014 at 1:18 pm

BLADE MAFIYAതിരുവനന്തപുരം: കൊള്ളപ്പലിശക്ക് പണം കടം കൊടുക്കുന്നവര്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡില്‍ 32 പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. ബ്ലേഡ് മാഫിയയെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ- കാപ്പാ നിയമം ചുമത്താനും ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. അംഗീകൃത ധനകാര്യ, ബേങ്കിംഗ് സ്ഥാപനങ്ങളില്‍ നിന്ന് സാധാരണക്കാര്‍ക്ക് കുറഞ്ഞ പലിശക്ക് വേഗത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും യോഗം തീരുമാനമെടുത്തു. മണി ലെന്‍ഡിഗ് ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചിട്ടി കമ്പനികള്‍ക്കുമെതിരെ ശക്തമായ നിലപാടെടുക്കാനും യോഗത്തില്‍ ആഭ്യന്തര മന്ത്രി ഡി ജി പിക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനത്തിന് അന്ത്യം കുറിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്. അമിത പലിശക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷന്‍ കുബേര വന്‍ വിജയമാണെന്ന് ഉന്നതയോഗം വിലയിരുത്തി.
ബ്ലേഡ് മാഫിയക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ 473 റെയ്ഡുകള്‍ നടത്തിയതായി ഡി ജി പി അറിയിച്ചു. ഇന്നലെ മാത്രം 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബ്ലാങ്ക് ചെക്ക് ലീഫ്, മുദ്രപത്രം, ആര്‍ സി ബുക്കുകള്‍ തുടങ്ങി അനധികൃതമായി സൂക്ഷിച്ച രേഖകളും പിടിച്ചെടുത്തു. അനധികൃതമായി കൈവശം വച്ച 18,65,000 രൂപയും കണ്ടെത്തി.
ഇതോടെ, മൂന്ന് ദിവസത്തിനിടെ നടന്ന 2,235ലേറെ റെയ്ഡുകളിലായി മൊത്തം 158 പേര്‍ പിടിയിലായി. ആകെ 248 കേസുകളും രജിസ്റ്റര്‍ ചെയ്തു. അനധികൃത പണമിടപാട് സ്ഥാപനങ്ങളെക്കുറിച്ച് പോലിസ് നടത്തുന്ന അന്വേഷണത്തിന്റെയും പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെയും അടിസ്ഥാനത്തിലുള്ള കര്‍ശന പരിശോധന വരുംദിനങ്ങളിലും തുടരുമെന്ന് ഡി ജി പി അറിയിച്ചു.
ബ്ലേഡ് മാഫിയയെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കിയതായി ചെന്നിത്തല അറിയിച്ചു.
വിശദമായ പദ്ധതി ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യും. യോഗത്തില്‍ ധനമന്ത്രി കെ എം മാണി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, ധനകാര്യ വകുപ്പ് സെക്രട്ടറി, ഡി ജി പി, എ ഡി ജി പി മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.