മഴക്കെടുതി: മക്കയില്‍ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിന് പ്രത്യേക കമ്മിറ്റി

Posted on: May 12, 2014 10:41 pm | Last updated: May 12, 2014 at 10:41 pm

makka rainമക്ക: വ്യാഴാഴ്ച രാത്രി മക്കയിലുണ്ടായ കനത്ത മഴയില്‍ നേരിട്ട നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിനും പ്രളയവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും അടിയന്തര കമ്മിറ്റി രൂപീകരിക്കാന്‍ മക്ക ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍ നിര്‍ദേശം നല്‍കി. മക്ക നഗര വികസന അതോറിറ്റിയിലെയും സുരക്ഷാ വകുപ്പുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗവര്‍ണര്‍ വിശകലനം ചെയ്തു.

പ്രളയക്കെടുതി നേരിടുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികളും കനത്ത മഴക്കിടെ ശ്രദ്ധയില്‍പെട്ട പോരായ്മകളും അവ പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഗവര്‍ണര്‍ ചര്‍ച്ച ചെയ്തു. പ്രളയത്തിന്റെയും മഴയുടെയും അനന്തര ഫലങ്ങളെ കുറിച്ചും ഇവ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികളെകുറിച്ചും ഭാവിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ടവര്‍ യോഗാരംഭത്തില്‍ ഗവര്‍ണര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും പ്രളയക്കെടുതിക്കിരയായവര്‍ക്ക് സഹായം നല്‍കുന്നതിനും എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി തീവ്രയത്‌നം നടത്തണമന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. സഊദി പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷക്ക് ഭരണാധികാരികള്‍ ബദ്ധശ്രദ്ധരാണ്. മക്കാ പ്രവിശ്യയില്‍ മഴയുണ്ടാകുമെന്ന സൂചനകള്‍ ലഭിക്കുമ്പോള്‍ ജാഗ്രത പാലിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ മുന്‍കൂട്ടി ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും ഏതു സാഹചര്യവും നേരിടുന്നതിന് ഒരുക്കങ്ങള്‍ നടത്തുകയും വേണം. മക്കാ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

മഴ മൂലമുണ്ടായ കെടുതികള്‍ നീക്കം ചെയ്യുന്നതിനും റോഡുകളും മറ്റും ഗതാഗതയോഗ്യമാക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട എല്ല വകുപ്പുകള്‍ക്കും മിശ്അല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കിയതായി മക്കാ നഗരസഭക്കു കീഴിലുള്ള പ്രളയ പദ്ധതി വകുപ്പ് മേധാവി എന്‍ജിനീയര്‍ അഹ്മദ് ആലുസൈദ് പറഞ്ഞു. മക്കയില്‍ പെയ്യുന്ന മഴയുടെ വാര്‍ഷിക ശരാശരി 80 മില്ലിമീറ്റര്‍ മുതല്‍ 100 മില്ലിമീറ്റര്‍ വരെയാണ്. ഇതിനേക്കാള്‍ 50 ശതമാനം കൂടുതല്‍ മഴ വ്യാഴാഴ്ച രാത്രി രണ്ടുമണിക്കൂറില്‍ ലഭിച്ചു. ഇതാണ് ഡ്രൈനേജ് വഴി മഴവെള്ളം പൂര്‍ണമായും ഒഴുകിപ്പോകുന്നത് വൈകാന്‍ ഇടയാക്കിയത്.

അല്‍ ഫൈഹാ സ്ട്രീറ്റിലും അല്‍ ഉംറ ഡിസ്ട്രിക്ടിലുമാണ് ഏറ്റവും രൂക്ഷമായ മഴക്കെടുതിയുണ്ടായത്. റോഡ് നിര്‍മാണ പദ്ധതികള്‍ നടക്കുന്നതാണ് ഇരു ഡിസ്ട്രിക്ടുകളില്‍ റോഡുകളില്‍ വലിയ തോതില്‍ വെള്ളം ഉയരാന്‍ കാരണം. നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലെ 60 ശതമാനം സ്ഥലത്തും മഴവെള്ളം തിരിച്ചു വിടുന്നതിനുള്ള ഡ്രൈനേജ് ശൃംഖലയുണ്ട്. അവശേഷിക്കുന്ന പ്രദേശങ്ങളില്‍ ഡ്രൈനേജ് ശൃംഖല സ്ഥാപിക്കുന്നതിന് നഗരസഭ പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.