കോഴിവസന്ത: പ്രതിരോധ പ്രവര്‍ത്തനവുമായി കുടുംബശ്രീ

Posted on: May 10, 2014 8:49 am | Last updated: May 10, 2014 at 8:49 am

കല്‍പ്പറ്റ: കോഴി വസന്തക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കുത്തിവെപ്പിനും കുടുംബശ്രീ മൃഗസംരക്ഷണ വകുപ്പുമായി സഹകരിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും കുടുംബശ്രീ രണ്ട് പേരെ വീതം തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കും. മരുന്ന്, പരിശീലനം, കുത്തിവെപ്പിനുള്ള സര്‍വ്വീസ് ചാര്‍ജ്ജ്, ഉപകരണങ്ങള്‍, മേല്‍നോട്ടം തുടങ്ങിയവ ജില്ലാ മൃഗസംരക്ഷണ വകുപ്പ് നല്‍കും. പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരം വളണ്ടിയര്‍മാരെ കുടുംബശ്രീ ജില്ലാ മിഷന്‍ സി.ഡി.എസ് മുഖേന ഉറപ്പു വരുത്തും. എസ്.എസ്.എല്‍.സി കഴിഞ്ഞ കുടുംബശ്രീ അംഗങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ സി.ഡി.എസില്‍ ഓഫീസില്‍ 13 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. മെയ് 19, 20 തിയ്യതികളില്‍ പരിശീലനം നടത്തും. മെയ് 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ കോഴികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ കെ ഗീത, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി പി മുഹമ്മദ്, എപ്പിഡമിയോളജിസ്റ്റ് ഡോ. ഇ എം മുഹമ്മദ് നേതൃത്വ നല്‍കും.