മലമ്പുഴ റിസര്‍വോയറില്‍ നിന്ന് അനധികൃത മണല്‍ ഖനനം

Posted on: May 9, 2014 1:13 am | Last updated: May 9, 2014 at 1:13 am

മലമ്പുഴ: മലമ്പുഴ റിസര്‍വോയറില്‍നിന്ന് അനധികൃത മണല്‍ഖനനം. വലിയകാട് മായപ്പാറ തോടിന് സമീപത്തുനിന്നാണ് അനധികൃത ഖനനം.
കെംഡെല്‍ ഏര്‍പ്പെടുത്തിയ കരാറുകാരാണ് അനധികൃത മണല്‍ഖനനം നടത്തുന്നത്.—റിസര്‍വോയറില്‍നിന്ന് കെംഡെല്‍ മുമ്പ് ശേഖരിച്ചിട്ട മണല്‍ എടുക്കുന്നതിനാണ് നിലവില്‍ അനുമതിയുള്ളത്. എന്നാല്‍ റിസര്‍വോയറില്‍ ജെ സി ബി കൊണ്ട് നിര്‍മിച്ച കുഴികളില്‍നിന്നാണ് ഇപ്പോള്‍ മണലൂറ്റ്. കഴിഞ്ഞദിവസം മണല്‍ ഖനനംചെയ്യുന്ന യന്ത്രത്തില്‍ കുടുങ്ങി ഒരു തൊഴിലാളി മരിച്ചിരുന്നു.
റിസര്‍വോയറിലേക്കെത്തുന്ന മായപ്പാറത്തോടിന് കുറുകെ മണ്ണിട്ടുനികത്തി വാഹനങ്ങള്‍ പോകുന്നതിനായി സൗകര്യവും ഒരുക്കിയിട്ടുണ്ട്. തോട്ടില്‍നിന്ന് വ്യാപകമായ മണലൂറ്റാണ് നടക്കുന്നത്.— മായപ്പാറത്തോടിന് ഒരുകിലോമീറ്റര്‍ ദൂരെയാണ് മൂന്ന് വര്‍ഷംമുമ്പ് കെംഡെല്‍ മണല്‍ ശേഖരിച്ചിട്ടുള്ളത്. ഇതാകട്ടെ പകുതിയും മണല്‍മാഫിയകള്‍ കൊണ്ടുപോയി. ഇതിന്റെ മറവിലാണ് ഇപ്പോള്‍ തോടിന് സമീപത്തുനിന്ന് അനധികൃതഖനനം നടക്കുന്നത്.