Connect with us

Palakkad

കടുത്ത വേനലിലും മണ്ണാര്‍ക്കാട്ട് കാര്‍ഷിക വിളകള്‍ക്ക് നൂറ്‌മേനി

Published

|

Last Updated

മണ്ണാര്‍ക്കാട്: കടുത്ത വേനലിലും മണ്ണാര്‍ക്കാട്ടെ കാര്‍ഷിക വിളകള്‍ക്ക് നൂറുമേനി. തെങ്കര, മണ്ണാര്‍ക്കാട് പഞ്ചായത്തുകളിലാണ് രണ്ടാം വിള നെല്ല്, പച്ചക്കറി, വാഴകളുള്‍പ്പെടെയുളള കൃഷികള്‍ ഏറെ സജീവമായി നടക്കുന്നത്. താലൂക്കില്‍ ഏറ്റവും കൂടുതല്‍ നെല്ലുത്പ്പാദിപ്പിക്കുന്നത് തെങ്കരയിലാണ്. കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നുളള ജലത്തെയാണ് ഇവിടുത്തുകാര്‍ ഏറെയും ആശ്രയിക്കുന്നത്.
എന്നാല്‍ തെങ്കര ഭാഗത്തേക്കുളള ഡാമിലെ വലതുകനാല്‍ വഴിയുളള ജലവിതരണം ഇടക്കിടെ നിര്‍ത്തുന്നത് കര്‍ഷകരെ ഏറെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ വേനലിലുണ്ടായ മഴ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായി. ഈ പ്രദേശങ്ങളില്‍ നെല്‍ കൃഷിയുടെ വിസ്തൃതി കുറഞ്ഞു വരുന്നുണ്ട്. കൂടാതെ വാണിജ്യ വിളകളായ റബ്ബര്‍, കവുങ്ങ് എന്നിവയും ഇവിടെയുണ്ട്. അട്ടപ്പാടി മലനിരകളുടെ താഴ്‌വാരമായ ഈ പ്രദേശത്ത് ചെറുതും വലുതുമായ ജലസ്രോതസ്സുകളുണ്ട്. നിലവില്‍ മണ്ണാര്‍ക്കാട് മേഖലകളിലേക്കാവശ്യമായ മിക്ക പച്ചക്കറി സാധനങ്ങളും ഇവിടെ നിന്നാണ് എത്തുന്നത്.
ദിനം പ്രതി ലോഡ് കണക്കിന് നേന്ത്രക്കായകളാണ് ജില്ലയിലെയും അന്യജില്ലകളിലെയും വിവിധ മാര്‍ക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നത്. വേനലില്‍ ഇടക്കിടെ പെയ്യുന്ന മഴ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണെങ്കിലും മഴയോടപ്പമുളള കാറ്റ് ഈ പ്രദേശത്ത് കൃഷിനാശത്തിന് കാരണമായിട്ടുണ്ട്.
ബേങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയ സാധാരണക്കായ കര്‍ഷകര്‍ക്ക് പ്രകൃതി ക്ഷോഭംമൂലം സംഭവിക്കുന്ന കൃഷി നാശങ്ങള്‍ താങ്ങാവുന്നതിലപ്പുറമാണ്.
അതുകൊണ്ട് തന്നെ മണ്ണാര്‍ക്കാട്ടെ കാര്‍ഷിക മേഖല സജീവമായി നിലനിര്‍ത്തുന്നതിനാവശ്യമായ പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.