പൊന്നാനിയില്‍ മൂന്ന് വീടുകള്‍ കടലെടുത്തു

Posted on: May 9, 2014 1:11 am | Last updated: May 9, 2014 at 1:11 am

പൊന്നാനി: ശക്തമായി തുടരുന്ന മഴയില്‍ പുതുപ്പൊന്നാനി തീരത്ത് രൂക്ഷമായ കടലാക്രമണം. മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പത്തോളം വീടുകള്‍ തകര്‍ച്ചാ ഭീഷണി നേരിടുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് പുതുപ്പൊന്നാനി അബു ഹുറൈറ പള്ളിക്ക് സമീപം രൂക്ഷമായ കടലാക്രമണം അനുഭവപ്പെട്ടത്. തീരത്തേക്ക് ആഞ്ഞടിച്ചു കയറിയ തിരമാലകളുടെ ആക്രമണത്തില്‍ കണ്ണാമാക്കാന്റെ നഫീസ, മാളിയേക്കല്‍ ഹവ്വഉമ്മ, കുറിക്കലകത്ത് മുഹമ്മദ് എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. നഫീസയുടെ ഓട് മേഞ്ഞ വീടാണ് ഇത്തവണ കടലാക്രമണത്തിന്റെ ആദ്യ ഇര. അബുഹുറൈറ പള്ളിക്ക് പിന്‍വശം മുതല്‍ ജീലാനി നഗറിന് പടിഞ്ഞാറ് ഭാഗം വരെയുള്ള തീരത്തെ കടല്‍ ഭിത്തിയില്ലാത്ത ഭാഗത്താണ് ഇന്നലെ കടലാക്രമണം അനുഭവപ്പെട്ടത്. പത്ത് മീറ്ററിലേറെ കരഭാഗം അഞ്ചടി താഴ്ചയില്‍ കടലെടുത്തു. തീരത്തേക്ക് ആഞ്ഞടിച്ചുകയറുന്ന തിരമാല മുല്ലറോഡിന് നൂറ് മീറ്റര്‍ അകലത്തിലാണ് എത്തി നില്‍ക്കുന്നത്. കടല്‍ ഭിത്തി നിര്‍മാണത്തിന് തീരത്തെത്തിച്ച കരിങ്കല്ലുകളും കടലെടുത്തു. ഇന്നലെ മാത്രം പത്ത് തെങ്ങുകളാണ് കടലെടുത്തത്. പുതുപൊന്നാനി തീരത്തെ കടല്‍ ഭിത്തിയില്ലാത്ത 830 മീറ്റര്‍ ഭാഗത്ത് ഭിത്തി കെട്ടാന്‍ മാസങ്ങള്‍ക്ക് മുമ്പ് അനുമതിയായിരുന്നു. നിര്‍മാണം നടക്കാത്ത 210 മീറ്റര്‍ ഭാഗത്താണ് തിരമാല കടുത്ത നാശം വിതച്ചത്.
കഴിഞ്ഞ മഴയില്‍ ഇവിടെയുണ്ടായ കടലാക്രമണത്തില്‍ ഇരുപത്തഞ്ചോളം വീടുകളാണ് കടലെടുത്തത്. ഭിത്തി നിര്‍മാണം പൂര്‍ത്തിയായി വരുന്ന ജീലാനി നഗറിന് പടിഞ്ഞാറ് ഭാഗം മുതല്‍ 620 മീറ്റര്‍ പ്രദേശത്തെ കടലാക്രമണം കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. കടല്‍ തീരത്തേക്ക് കയറുകയും തീരം വ്യാപകമായി ഇടിയുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലുള്ള അലൈന്‍മെന്റ് പ്രകാരം കടല്‍ഭിത്തി നിര്‍മാണത്തിന് പ്രതികൂല സാഹചര്യമുണ്ടാകും. കടലാക്രമണം മൂലം തകര്‍ന്ന മൂന്ന് വീടുകളിലെ കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് താമസം മാറ്റി.