Connect with us

Kerala

മദ്യദുരന്തത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

കൊല്ലം: നിലവാരമില്ലാത്ത ബാറുകള്‍ അടച്ചിട്ടതിനെത്തുടര്‍ന്ന് വ്യാജ മദ്യമൊഴുകാനുള്ള സാധ്യത തടയുന്നതിന് അധികൃതര്‍ നടപടികള്‍ ശക്തമാക്കി. വ്യാജമദ്യത്തിന്റെ വ്യാപനം തടയാന്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസ്, എക്‌സൈസ് സംയുക്ത പരിശോധന ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി കേസില്‍ ഉള്‍പ്പെട്ടവരുടെ ലിസ്റ്റ് തയ്യറാക്കിക്കഴിഞ്ഞു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ അബ്കാരി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കായി പ്രതേ്യക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. അവശ്യമെങ്കില്‍ ഇതിന് കൂടുതല്‍ സേനയെ ഉപയോഗപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
മഴക്കാലത്തിന് മുമ്പായി വനമേഖലകളില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് സംയുക്ത റെയ്ഡ് നടത്തും. പൊതുസ്ഥലങ്ങളിലെ വര്‍ധിച്ചു വരുന്ന മദ്യപാനം തടയാന്‍ നടപടി ശക്തമാക്കാനാണ് തീരുമാനം. നിലവാരമില്ലാത്ത ബാറുകള്‍ അടച്ചിട്ടതോടെ വ്യാജ മദ്യവില്‍പ്പന വ്യാപകമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജില്ലാ പോലീസ് മേധാവികള്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാജമദ്യവില്‍പ്പന തടയുന്നതിന്റെ ഭാഗമായി ഷാഡോ പോലീസും മഫ്തി പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും രംഗത്തുണ്ട്. ജനപ്രതിനിധികളുടെയും പൊതു പ്രവര്‍ത്തകരുടെയും സഹകരണവും ഇക്കാര്യത്തില്‍ പോലീസ് തേടിയിട്ടുണ്ട്. വ്യാജമദ്യവില്‍പ്പനയെക്കുറിച്ച് ലഭിക്കുന്ന ഒരു വിവരവും തള്ളിക്കളയാതെ അരിച്ചുപെറുക്കാനാണ് പോലീസിന്റെ തീരുമാനം. പഴയ ഒഴിപ്പുകേന്ദ്രങ്ങളും മുന്‍കാലങ്ങളില്‍ ഈ രംഗത്തുണ്ടായിരുന്നവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ മദ്യദുരന്തത്തിനുശേഷം ഈ രംഗം വിട്ട് മറ്റ് മേഖലകളിലേക്ക് തിരിഞ്ഞവരും പുതിയ സാഹചര്യത്തില്‍ നിരീക്ഷണത്തിലാണ്. രാത്രിയും പകലുമുള്ള വാഹന പരിശോധനയും പോലീസ് കര്‍ശനമാക്കി. ചില സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും മദ്യം കൊണ്ടുനടന്ന് വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
വിരമിച്ച സൈനികരുടെ മദ്യവില്‍പ്പനയും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ലഭിക്കുന്ന മദ്യത്തിന്റെ പതിന്‍മടങ്ങ് വില്‍പ്പന നടത്തുന്നതായും വിവരമുണ്ട്. ഇതില്‍ വ്യാജമദ്യം കടന്നുകൂടാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ബിവറേജസ് ഔട്ട്‌ലെറ്റുകളിലും പോലീസ് ശ്രദ്ധകേന്ദ്രീകരിക്കും.
അളവില്‍ കൂടുതല്‍ മദ്യം വാങ്ങുന്നവരെയും അത് നല്‍കുന്ന ജീവനക്കാരെയും കൈയോടെ പിടികൂടാനാണ് തീരുമാനം.
ഇതുകൂടാതെ കഞ്ചാവ്, ലഹരി അരിഷ്ടം, പുകയില ഉത്പന്നങ്ങള്‍ എന്നിവ പിടികൂടാനും പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാനത്ത് മദ്യദുരന്തമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പോലീസ് ജാഗരൂകമായിട്ടുള്ളത്. എന്നാല്‍ എക്‌സൈസ് സംഘം ഇനിയും ഉണര്‍ന്നിട്ടില്ല. കൊല്ലം ജില്ലയില്‍ കള്ളുഷാപ്പുകള്‍ നിലച്ചതോടെ അധിക വരുമാനം നഷ്ടപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ബാറുകള്‍ അടച്ചുപൂട്ടിയത് വരുമാന നഷ്ടം വരുത്തിയിരിക്കുകയാണെന്നാണ് അണിയറയിലെ സംസാരം.

 

Latest