Connect with us

National

ജാതിയല്ല താഴ്ന്നത് വ്യക്തികളെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

അമേഠി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വോട്ടിംഗിനിടെ അമേഠിയില്‍ എത്തി. ഒരു ദശകത്തിനിടെ ഇതാദ്യമായാണ് പോളിംഗ് ദിവസം രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ എത്തുന്നത്. രാഹുല്‍ കടുത്ത മത്സരം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതാണ് അദ്ദേഹത്തിന്റെ മണ്ഡല പര്യടനമെന്ന് വിലയിരുത്തപ്പെടുന്നു. രാവിലെ നേരത്തേ തന്നെ ഫര്‍സാത് ഗഞ്ച് വ്യോമത്താവളത്തില്‍ എത്തിയ രാഹുല്‍ അനുയായികളോടൊപ്പം നിരവധി ബൂത്തുകള്‍ സന്ദര്‍ശിച്ചു. ഫൂലാ ഗ്രാമത്തിലെ സ്‌കൂളില്‍ ഒരുക്കിയ ബൂത്തില്‍ താമര ചിഹ്‌നം വരച്ചു വെച്ചതിനെ രാഹുല്‍ ചോദ്യം ചെയ്തു. ബൂത്തിനകത്ത് ബ്ലാക്ക് ബോര്‍ഡില്‍ താമര വരച്ചു വെക്കുകയായിരുന്നു. മറ്റൊരിടത്ത് രാഹുല്‍ എത്തിയപ്പോള്‍ ബി ജെ പിക്കാര്‍ ഹര ഹര മോദി വിളിച്ചു. കോണ്‍ഗ്രസുകാര്‍ ഇത് ചോദ്യം ചെയ്തത് നേരിയ സംഘര്‍ഷത്തിനിടയാക്കി. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്താനാണ് താന്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ “താഴ്ന്ന രാഷ്ട്രീയം” പ്രയോഗത്തെ ജാതിവത്കരിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ജാതിയല്ല താഴ്ന്നത് വ്യക്തികളാണെന്ന് രാഹുല്‍ പറഞ്ഞു.
അതിനിടെ കോണ്‍ഗ്രസാണ് താഴ്ന്ന രാഷ്ട്രീയം കളിക്കുന്നതെന്ന് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി സ്മൃതി ഇറാനി പറഞ്ഞു. ബൂത്ത് സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ചൂലിന് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞുവെന്ന് എ എ പി സ്ഥാനാര്‍ഥി കുമാര്‍ വിശ്വാസ് അവകാശപ്പെട്ടു.

Latest