Connect with us

Eranakulam

പൊതുമേഖലാ ബേങ്കുകള്‍ക്ക് കോര്‍പറേറ്റുകളുടെ കിട്ടാക്കടം ഭ 70,298 കോടി

Published

|

Last Updated

കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബേങ്കുകള്‍ക്ക് അതിസമ്പന്നരായ കോര്‍പറേറ്റുകളില്‍ നിന്ന് ലഭിക്കേണ്ട കിട്ടാക്കടത്തിന്റെ പട്ടിക ആള്‍ കേരള ബേങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ 24 പൊതുമേഖലാ സ്ഥാപനങ്ങളിലെ മൊത്തം കിട്ടാക്കടം 2,36,000 കോടി രൂപയാണ്. ഇതില്‍ അതിസമ്പന്നരുടെ 406 അക്കൗണ്ടുകളിലെ മാത്രം കിട്ടാക്കടം 70,298 കോടി രൂപ വരും. നൂറ് കോടിക്ക് മുകളില്‍ വായ്പയെടുത്ത 172 കോര്‍പറേറ്റ് അക്കൗണ്ടുകളിലെ കിട്ടാക്കടം 39,000 രൂപയാണ്.
പഞ്ചാബ് നാഷണല്‍ ബേങ്കിലാണ് കോര്‍പറേറ്റ് അക്കൗണ്ടുകളില്‍ നിന്ന് ഏറ്റവുമധികം കിട്ടാക്കടമുള്ളത്- 6,680 കോടി രൂപ. സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യയില്‍ 6,257 കോടി രൂപയും ബേങ്ക് ഓഫ് ബറോഡയില്‍ 5,468 കോടി രൂപയും അലഹബാദ് ബേങ്കില്‍ 3,867 കോടി രൂപയും ആന്ധ്ര ബേങ്കില്‍ 3,766 കോടി രൂപയും ബേങ്ക് ഓഫ് ഇന്ത്യയില്‍ 3,630 കോടി രൂപയും ഓറിയന്റല്‍ ബേങ്ക് ഓഫ് കോമേഴ്‌സില്‍ 3,021 കോടി രൂപയും ഇന്ത്യന്‍ ഓവര്‍സീസ് ബേങ്കില്‍ 3,013 രൂപയും കിട്ടാക്കടമുണ്ട്. കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി വായ്പ നല്‍കിയ ബേങ്കുകളില്‍ കേരളത്തിന്റെ സ്വന്തം സ്റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂറുമുണ്ട്. 1,021 കോടിയാണ് എസ് ബി ടിയിലെ കിട്ടാക്കടം.
രാജ്യത്തെ അതിസമ്പന്നന്‍മാരില്‍ അറുപതാം സ്ഥാനത്തുള്ള വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് പത്ത് പൊതുമേഖലാ ബേങ്കുകളിലെ അക്കൗണ്ടുകളിലായി വരുത്തിയിരിക്കുന്ന വായ്പാ കുടിശ്ശിക 2,673 കോടി രൂപയാണ്. മുംബൈ ആസ്ഥാനമായ വിന്‍സം ഡയമണ്ട് ആന്‍ഡ് ജ്യുവല്‍ കമ്പനി പതിനൊന്ന് അക്കൗണ്ടുകളിലായി 3,156 കോടി രൂപയും മുംബൈയിലെ സ്റ്റെര്‍ലിംഗ് ഗ്രൂപ്പ് 21 ബേങ്ക് അക്കൗണ്ടുകളിലായി 3,672 കോടി രൂപയും ഗുജറാത്തിലെ ഇലക്‌ട്രോതെര്‍മ് ഇന്ത്യ പത്ത് അക്കൗണ്ടുകളിലായി 2,211 കോടി രൂപയും വായ്പാ കുടിശ്ശിക വരുത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 13 വര്‍ഷക്കാലയളവില്‍ 2,04,000 രൂപയുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളിയിട്ടുണ്ട്. 2008 മുതല്‍ 2013 വരെ 1,40,000 കോടി രൂപയാണ് കിട്ടാക്കടങ്ങള്‍ക്ക് വേണ്ടി ലാഭത്തില്‍ നിന്ന് നീക്കിയിരുപ്പ് നടത്തിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Latest