Connect with us

National

ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണ്ട: സുപ്രീം കോടതി

Published

|

Last Updated

ന്യുഡല്‍ഹി: ജോയിന്റ് സെക്രട്ടറിക്കും അതിന് മുകളിലുള്ള പദവികളിലിരിക്കുന്നവര്‍ക്കും എതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൂട്ടിയുള്ള അനുമതി സി ബി ഐ വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ സുപ്രീം കോടതി റദ്ദാക്കി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാറിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ അസാധുവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി വിധിച്ചു.

എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തുല്യരായി പരിഗണിക്കുകയും അഴിമതി കേസുകളില്‍ ഒരേ അന്വേഷണ പ്രക്രിയക്ക് വിധേയരാക്കുകയും വേണം. ഉന്നതസ്ഥാനീയരായവരുടെ പദവി അഴിമതി നിരോധ നിയമത്തിന്‍ കീഴില്‍ പ്രസക്തമല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ ഉദ്യോഗസ്ഥരെ വേര്‍തിരിച്ച് കാണുന്നത്, നിയമത്തിന് മുന്നില്‍ എല്ലാവരെയും സമന്മാരായി പരിഗണിക്കണമെന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ സി ബി ഐയെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്തും. തെളിവ് നശിപ്പിക്കാന്‍ അഴിമതിക്കാരന് സമയവും നല്‍കും- സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ അഴിമതിക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നത് പോലെയാണെന്നും കോടതി നിരീക്ഷിച്ചു.
ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടണമെന്ന വ്യവസ്ഥയുള്ളത്. ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി ഈ വ്യവസ്ഥ റദ്ദാക്കുന്നത്.

Latest